Breaking

Monday, August 30, 2021

ജൻധൻ അക്കൗണ്ടുകാർക്ക് അപകട, ലൈഫ് ഇൻഷുറൻസ് പരിരക്ഷ

ന്യൂഡൽഹി: എല്ലാ ജൻധൻ അക്കൗണ്ടുകാരെയും അപകട, ലൈഫ് ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരും. ചെറുകിട വായ്പകൾ ഇക്കൂട്ടർക്ക് ലഭ്യമാക്കുകയും 'ഫ്ലക്സി-റിക്കറിങ് ഡെപ്പൊസിറ്റ്' പോലുള്ള ചെറുനിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. പ്രധാനമന്ത്രി ജൻധൻ യോജന (പി.എം.ജെ.ഡി.വൈ) ഏഴ് വർഷം പൂർത്തിയായതിൻറെ ഭാഗമായി ധനമന്ത്രാലയമാണ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 18 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ 47,78,309 ജൻധൻ അക്കൗണ്ടുകളാണുള്ളത്. ഇതിൽ 28,99,379 പേർക്ക് റുപേ കാർഡ് നൽകിയിട്ടുണ്ട്. 2014 ഓഗസ്റ്റ് 15-നും 2015 ജനുവരി 31-നുമിടയിൽ ജൻധൻ അക്കൗണ്ട് എടുത്തവർക്ക് ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും 30,000 രൂപയുടെ ലൈഫ് ഇൻഷുറൻസും നിലവിലുണ്ട്. അക്കൗണ്ട് ഉടമകൾക്ക് നൽകുന്ന 'റുപേ' കാർഡിനുമേലും ഇൻഷുറൻസ് പരിരക്ഷയുണ്ട്. 2018 ഓഗസ്റ്റ് 28 വരെ ഒരുലക്ഷം രൂപയായിരുന്നു റുപേ കാർഡിനുള്ള അപകട ഇൻഷുറൻസ് തുക. 2018-നുശേഷം അത് രണ്ട് ലക്ഷം രൂപയാക്കി. പുതിയ തീരുമാനമനുസരിച്ച് എല്ലാ അക്കൗണ്ടുടമകളെയും 'പ്രധാനമന്ത്രി ജീവൻ ഭീമ യോജന' (പി.എം.ജെ.ജെ.ബി.വൈ), പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന (പി.എം.എസ്.ബി.വൈ) എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച് ബാങ്കുകളോട് നിർദേശിച്ചിട്ടുണ്ടെന്ന് ധനമന്ത്രാലയം അറിയിച്ചു. ജൻധൻ യോജനപ്രകാരം ഇതുവരെ 43.04 കോടി അക്കൗണ്ടുകളാണ് തുറന്നത്. ഇവയിലെല്ലാംകൂടി 1,46,231 കോടി രൂപയുടെ നിക്ഷേപമുണ്ട്. അക്കൗണ്ടുടമകളിൽ 55 ശതമാനം വനിതകളാണ്. രണ്ട് കൊല്ലമായി ഇടപാടുകളൊന്നും നടക്കാത്ത അക്കൗണ്ടുകൾ നിർജീവമാകും. 43.04 കോടി അക്കൗണ്ടുകളിൽ 6.18 കോടി നിർജീവമാക്കി. ആകെയുള്ളതിൽ 8.2 ശതമാനമേ സീറോ ബാലൻസ് അക്കൗണ്ടുള്ളൂ. ബാക്കിയുള്ളവയ്ക്ക് നിശ്ചിത തുക ബാലൻസ് വേണം. ലൈഫ് ഇൻഷുറൻസ് തുക രണ്ട് ലക്ഷം രൂപ പി.എം.ജെ.ജെ.ബി.വൈ. പ്രകാരം രണ്ട് ലക്ഷം രൂപയാണ് ലൈഫ് ഇൻഷുറൻസ് തുക. എൽ.ഐ.സി. വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ വാർഷിക പ്രീമിയം 330 രൂപയാണ്. ഏതുകാരണം കൊണ്ടായാലും അക്കൗണ്ടുടമ മരിച്ചാൽ നോമിനിക്ക് രണ്ട് ലക്ഷം രൂപ ലഭിക്കും. 18-നും 50-നുമിടയിലുള്ളവർക്കേ പദ്ധതിയിൽ ചേരാനാവൂ. പി.എം.എസ്.ബി.വൈ. അപകട ഇൻഷുറൻസ് പദ്ധതിയാണ്. അപകടമരണമോ പൂർണവൈകല്യമോ സംഭവിച്ചാൽ രണ്ട് ലക്ഷം രൂപയും ഭാഗിക വൈകല്യമാണെങ്കിൽ ഒരു ലക്ഷം രൂപയും നൽകും. വാർഷിക പ്രീമിയം 12 രൂപയാണ്. 18-നും 70-നുമിടയിൽ പ്രായമുള്ളവരെയാണ് പദ്ധതിയിൽ ചേർക്കുക.


from mathrubhumi.latestnews.rssfeed https://ift.tt/2Wuksjw
via IFTTT