Breaking

Saturday, August 21, 2021

കരുവന്നൂർ ബാങ്ക്: ഭരണസമിതി നടത്തിയത് ഗുരുതര ഗൂഢാലോചന

തൃശ്ശൂർ: 104 കോടിയുടെ തട്ടിപ്പ് നടന്നെന്ന് സഹകരണവകുപ്പ് റിപ്പോർട്ട് നൽകിയ കരുവന്നൂർ സഹകരണബാങ്കിൽ ഇതിന് കൂട്ടുനിന്ന ബാങ്ക് ഭരണസമിതി നടത്തിയത് ഗുരുതര ഗൂഢാലോചന. 2012 മുതലുള്ള ഒാരോ ഒാഡിറ്റ് റിപ്പോർട്ടിലും ബാങ്കിൽ വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചെങ്കിലും ഭരണസമിതി മൂടിവെക്കുകയായിരുന്നു. ജീവനക്കാർ നടത്തിയെന്ന് ആരോപിക്കുന്ന തട്ടിപ്പ് 300 കോടി വരെയെത്തിയതിനു പിന്നിൽ ഇത്തരം മൗനമാണ്. തുടരുന്ന തട്ടിപ്പിൽ ഭരണസമിതിയുടെ മൗനത്തെയും കൂട്ടുത്തരവാദിത്വത്തെയും ചൂണ്ടിക്കാണിച്ചും കർശനനടപടിക്ക് ശുപാർശ ചെയ്തുമാണ് 2020-ലെ ഒാഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചത്. ഭരണസമിതി നടത്തിയത് 'കുറ്റകരമായ ഗൂഢാലോചന'യാണെന്നുള്ള റിപ്പോർട്ടും കുറേനാൾ പൂഴ്ത്തിവെച്ചു. 2012-ൽ കണ്ടെത്തിയ തട്ടിപ്പിന് അപ്പോൾത്തന്നെ നടപടിയെടുത്തിരുന്നുവെങ്കിൽ സംസ്ഥാനത്തെ സഹകരണചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിലേക്ക് കരുവന്നൂർ സഹകരണബാങ്ക് എത്തില്ലായിരുന്നു. തട്ടിപ്പിന് കൂട്ടുനിന്നതും പ്രേരിപ്പിച്ചതും ഭരണസമിതിയാണെന്ന് കേസിൽ അറസ്റ്റിലായവർ കോടതിയിൽ രേഖാമൂലം അറിയിച്ചതും വീഴ്ചകളിലേക്കാണ് വിരൽച്ചൂണ്ടുന്നത്. കാലങ്ങളായി സി.പി.എം. ഭരിക്കുന്ന ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന പലതലങ്ങളിലുള്ള പരാതിയിൽ പാർട്ടിയും അന്വേഷണം നടത്തിയതാണ്. വ്യാപകതട്ടിപ്പ് നടക്കുന്നുവെന്നാണ് അന്വേഷണസംഘം റിപ്പോർട്ട് ചെയ്തതെങ്കിലും ആ റിപ്പോർട്ടും മുക്കി. പാർട്ടിക്കുള്ളിൽപോലും അത്രമാത്രം ശക്തമായ ഇടപെടലാണ് ഭരണസമിതിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒടുവിൽ ബാങ്ക് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കുനേരെ പാർട്ടി നടപടിയെടുത്തത് സാമ്പത്തികത്തട്ടിപ്പ് മനസ്സിലാക്കി ഇടപെടാൻ കഴിയാതിരുന്നുവെന്ന കാരണം കാണിച്ചുമാത്രം. 2020 ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ *ഭരണസമിതി അലംഭാവത്തോടെ പ്രവർത്തിച്ച് ബാങ്കിന് നഷ്ടം വരുത്തുന്നു. ഇത് നികത്തുന്നതിന് ഭരണസമിതിയും എക്സിക്യുട്ടീവും വ്യക്തിപരമായും കൂട്ടായും ഉത്തരവാദികളാണ്. തുക ഇവരിൽനിന്ന് ഏതുവിധേനെയും ഇൗടാക്കണം. * ബ്രാഞ്ച് മാനേജർ കെ.എം. ബിജു കരീം 2019 നവംബർ 26 മുതൽ ജോലിക്ക് ഹാജരായിട്ടില്ല. അന്നുമുതൽ ഡിസംബർ 31 വരെ ഏതുതരം ലീവാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, ജോലിക്ക് ഹാജരാകാത്ത മാസങ്ങളിലും ശന്പളം നൽകിയിട്ടുണ്ട്. (തട്ടിപ്പുകേസിൽ രണ്ടാംപ്രതിയാണ് ബിജു കരീം) * ബാങ്കിന്റെ സാന്പത്തികഭദ്രത തകരാറിലായിട്ടും അച്ചടക്കം പാലിക്കുന്നില്ല. ഭരണസമിതി ഇക്കാര്യത്തിൽ വീഴ്ച വരുത്തുകയാണ്. * മാപ്രാണം ബ്രാഞ്ച് കെട്ടിടംപണി തുടങ്ങിയിട്ട് 10 വർഷമായെങ്കിലും എങ്ങുമെത്തിയില്ല, ഏഴുകോടി ഇതിനായി ചെലവഴിച്ചതിന് ആനുപാതികമായി നിർമാണം നടത്തിയിട്ടില്ല. * 2019-ൽ 13.73 കോടി നഷ്ടമുണ്ടായിരുന്നത് 2020-ൽ 42.13 കോടിയായി ഉയർന്നു. content highlights:karuvannoor bank scam


from mathrubhumi.latestnews.rssfeed https://ift.tt/2XyFGNB
via IFTTT