Breaking

Tuesday, August 31, 2021

രാജേഷ് വാക്കുപാലിച്ചു; കഥയേറ്റുവാങ്ങാൻ പ്രകാശ് നടന്നുവന്നു

കോട്ടയം: “ആ ഓർമകൾ. അത് ഞാനെഴുതും. തനിക്കുവേണ്ടി...” രാജേഷ് കെ. പുതുമന ഇത് കിടക്കയ്ക്കരികിലെത്തി പറഞ്ഞപ്പോൾ പ്രകാശ് മറുപടി പറഞ്ഞു: “അത് വായിക്കാൻ ഞാൻ ജീവിച്ചിരിക്കും.” രണ്ടുപേരും വാക്കുപാലിച്ചു. തിരിച്ചറിയാൻ വൈകിയ ബ്ലാക്ക് ഫംഗസ് ശരീരത്തിലുണ്ടാക്കിയ തിരിച്ചടികളിൽ എന്നും കിടക്കയിലായിപ്പോകുമെന്നു കരുതിയ പ്രകാശ് ചക്രക്കസേരയിൽ ഇരുന്നതുതന്നെ പ്രചോദനകരമായ പുസ്തകങ്ങൾ വായിച്ചാണ്. ഉറ്റ ചങ്ങാതി താനുൾപ്പെടെയുള്ള 'നാട്ടുകമ്പനിയുടെ' കഥ എഴുതിയപ്പോൾ ചക്രക്കസേരയും വിട്ട് പ്രകാശ് എഴുന്നേറ്റു. നടന്നുവന്ന് വേദിയിലിരുന്നു. ഇരുളാഴങ്ങളിൽനിന്ന് പ്രിയപ്പെട്ടവന്റെ മടങ്ങിവരവ് കണ്ട് ദേശം കൈയടിച്ചു. ലോക്കൽ ഹിസ്റ്ററി അഥവാ ലോക്കലുകളുടെ ഹിസ്റ്ററി എന്ന പേരിലുള്ള രാജേഷിന്റെ രചന പ്രകാശ് ഏറ്റുവാങ്ങവേ ആ കണ്ണുകൾ നിറഞ്ഞു. എഴുത്തിലെ കഥാപാത്രങ്ങളിൽ മിക്കവരും അതിനു സാക്ഷിയായി. എല്ലാം ചിരിപ്പിക്കുന്ന ഓർമകൾ. കഥാപാത്രങ്ങളിൽ മിക്കവരും ചടങ്ങിനെത്തി. രോഗകാലത്ത് പ്രകാശ് സുഹൃത്തുക്കളോടു പറഞ്ഞത് അവർ അക്ഷരംപ്രതി പാലിച്ചു. അധ്യാപകനും എഴുത്തുകാരനുമായ രാജേഷ് കെ. പുതുമന റാന്നി ചേത്തക്കൽ ദേശക്കാരനാണ്. മക്കപ്പുഴ എൻ.എസ്.എസ്. സ്കൂളിൽ പഠിക്കുന്ന കാലത്തേ സുഹൃത്തുക്കളാണ് രാജേഷും പ്രകാശും റജിയും പ്രദീപുമൊക്കെ. പിന്നീട് എം.ജി. സർവകലാശാലാ കലാപ്രതിഭയായി മാറിയ രാജേഷിന്റെ ആദ്യകാല നാടകങ്ങളിലെ വേഷക്കാരായിരുന്നു നാട്ടിലെ അക്കാലത്തെ ചെറുപ്പക്കാർ. നാട്ടിലെ പൊതുപ്രവർത്തകനായി വിജയിച്ചുനിൽക്കെയാണ് പ്രകാശിന് 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം ചെവിയിൽ കയറിയ വണ്ട് ദുരിതം വിതച്ചത്. ഫംഗസ് ബാധ തലയിലേക്കു വ്യാപിച്ചതോടെ ഒരു കണ്ണ് നീക്കംചെയ്തു. കഴുത്തിലെ അസ്ഥികൾക്കു സാരമായ നാശം നേരിട്ടു. പലവട്ടം മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയകളിലൂടെ ജീവൻ തിരിച്ചുപിടിച്ചെങ്കിലും ലോഹ ചട്ടക്കൂടിലായി ശരീരം. അബോധത്തിൽ മാസങ്ങളും വർഷങ്ങളും. പിന്നെ മെല്ലെ ചലിച്ചുതുടങ്ങവേ ദൃഢനിശ്ചയത്തോടെ ഒറ്റക്കണ്ണുകൊണ്ട് പ്രകാശ് ലോകത്തെ അഭിമുഖീകരിച്ചു. കിടക്കയിൽകിടന്ന് ശരീരം മെല്ലെ ചലിപ്പിച്ചു തുടങ്ങവേ സൗഹൃദങ്ങളും പുസ്തകങ്ങളുമാണു തുണയായത്. ആ കിടക്കയിലിരുന്നാണ് രാജേഷ് ഒരുദിവസം പ്രകാശിനോട് പഴയ നാട്ടുകഥകൾ താൻ എഴുതാൻ പോകുന്നത് അറിയിച്ചത്. പ്രകാശനത്തിന് എത്തണമെന്നും അഭ്യർഥിച്ചു. അത് സഫലമാക്കിയ ദിനമായിരുന്നു ഓഗസ്റ്റ്-26.


from mathrubhumi.latestnews.rssfeed https://ift.tt/3mM3FDz
via IFTTT