ഏറ്റുമാനൂർ: വിവാഹത്തിന് പണമില്ലാത്ത യുവതിക്ക് കൈത്താങ്ങായി സുരേഷ്ഗോപി എം.പി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രസന്നിധിയിലെത്തിയാണ് വിവാഹസാരിയും ഒരുലക്ഷംരൂപയും അദ്ദേഹം കൈമാറിയത്. ഇടുക്കിയിലെ ദേവികുളം ഹൈസ്കൂളിനുസമീപം വീടും സ്ഥലവും സ്വന്തമായി ഇല്ലാത്തതിനാൽ, പി.ഡബ്ല്യു.ഡി. ഉപേക്ഷിച്ച ഷെഡ്ഡിൽ വർഷങ്ങളായി താമസിച്ചുവരുന്ന അശ്വതി അശോകിനാണ് തുക നൽകിയത്.അശ്വതിയുടെ പിതാവ് അശോകൻ 21 വർഷം മുൻപ് മരിച്ചു. അമ്മ സരസ്വതി റിസോർട്ടിൽ തൂപ്പ് ജോലിചെയ്താണ് ജീവിതം മുന്നോട്ടുനീങ്ങിയത്. രണ്ടുവർഷമായി ഇവർക്ക് ജോലിയുമില്ല. വരുന്ന സെപ്റ്റംബർ ഒൻപതിന് ആശ്വതിയുടെ വിവാഹം നിശ്ചയിച്ചു. എന്നാൽ വിവാഹം നടത്താൻ സഹായം വാഗ്ദാനം ചെയ്തവർ പിൻമാറിയതുമൂലം വിവാഹം നടക്കില്ല എന്ന അവസ്ഥയിലായി. പ്രതിസന്ധി മനസ്സിലാക്കിയ ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ സിന്ധു പുരുഷോത്തമനും എസ്.ഐ.അശോകനും മുഖേന സുരേഷ് ഗോപി എം.പി.യെ ഫോൺചെയ്തു കാര്യങ്ങൾ ധരിപ്പിച്ചു.സുരേഷ്‌ഗോപി ബി.ജെ.പി. ഇടുക്കി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ മനസ്സിലാക്കി, അശ്വതിയോട് ഏറ്റുമാനൂരിലെത്താൻ ആവശ്യപ്പെടുകയായിരുന്നു. അടൂരിൽനിന്നു എറണാകുളത്തേക്കുള്ള യാത്രാമധ്യേയാണ് സുരേഷ് ഗോപി ഏറ്റുമാനൂരിലെത്തിയത്. ബി.ജെ.പി. ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, ജനറൽ സെക്രട്ടറി വി.എൻ.സുരേഷ്, സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആർ.സുനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അശോകൻ, സിന്ധു പുരുഷോത്തമൻ എന്നിവരും അശ്വതിക്കൊപ്പം എത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3kBbnO9
via
IFTTT