ന്യൂഡൽഹി: ജനനം മുതൽ മരണം വരെയുള്ള അച്ഛന്റെ ജീവിതത്തിലെ നിർണായക മുഹൂർത്തങ്ങൾ പകർത്തിയ ചിത്രങ്ങൾക്കൊപ്പം ഏകനായി നാലു മണിക്കൂർ. മാധ്യമങ്ങളെ അറിയിക്കാതെ, സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ അച്ഛനൊപ്പമുള്ള ഓർമകളിൽ മാത്രം മുഴുകിയുള്ള നിമിഷങ്ങൾ. യൂത്ത് കോൺഗ്രസ് ആസ്ഥാനത്ത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഫോട്ടോ പ്രദർശനം കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച എത്തിയത് ആരുമറിയാതെ. മാധ്യമങ്ങളടക്കം ആരുമറിയരുതെന്ന് നിർദേശം നൽകിയാണ് അദ്ദേഹം വന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ ബി.വി. ശ്രീനിവാസ് പറഞ്ഞു. അച്ഛനെ കെട്ടിപ്പിടിച്ചിരിക്കുന്ന ചിത്രത്തിനുമുന്നിൽ രാഹുൽ ഏറെ നേരം നിന്നു.രാജീവ് ഗാന്ധിയുടെ ജന്മവാർഷികദിനമായ ഓഗസ്റ്റ് 20-നാണ് ഫോട്ടോപ്രദർശനം തുടങ്ങിയത്. രാഹുൽ തന്നെയായിരുന്നു ഉദ്ഘാടകൻ. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമെത്തിയ രാഹുൽ തിരക്കു കാരണം അന്ന് ഫോട്ടോകൾ പെട്ടെന്ന് കണ്ടുതീർത്ത് മടങ്ങിയെന്ന് ശ്രീനിവാസ് പറഞ്ഞു. തുടർന്നാണ് ഒറ്റയ്ക്ക് എത്തിയത്.1944-ൽ ജനിച്ച മുതൽ 1991 മേയ് 21-ന് മരിച്ചതുവരെയുള്ള കാലത്തെ രാജീവിന്റെ വൈവിധ്യമാർന്ന ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്. മുത്തച്ഛൻ ജവാഹർ ലാൽ നെഹ്രു, അമ്മ ഇന്ദിരാഗാന്ധി, ഭാര്യ സോണിയാ ഗാന്ധി, മക്കളായ രാഹുലും പ്രിയങ്കയും തുടങ്ങിയവർക്കൊപ്പമുള്ള അപൂർവചിത്രങ്ങൾ, ലോകനേതാക്കൾക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒപ്പമുള്ളവ, പഞ്ചായത്ത് രാജ്, ഐ.ടി., ടെലികോം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നൽകിയിട്ടുള്ള സംഭാവനകൾ വ്യക്തമാക്കുന്നവ തുടങ്ങിയ ഫോട്ടോകൾ പ്രദർശനത്തിലുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3Doq1kA
via
IFTTT