Breaking

Friday, August 27, 2021

അന്ന്, ടെമ്പോ ട്രാവലറുകളുടെ മുതലാളി; ഇന്ന് വഴിയോരത്ത് ലോട്ടറിവില്പന

ചാവക്കാട്: മണത്തലയിൽ ദേശീയപാതയോരത്ത് ലോട്ടറി വിൽക്കുന്ന തിരുവത്ര മല്ലിശ്ശേരി മുരളി(47)യെ ടെമ്പോ ട്രാവലർ വാനുകൾ സ്വന്തമായുള്ള മുതലാളിയായിട്ടു മാത്രമേ ഒരുവർഷം മുമ്പുവരെ നാട്ടുകാർക്ക് അറിയാമായിരുന്നുള്ളൂ. കോവിഡിനെത്തുടർന്ന് വണ്ടികൾക്ക് ഓട്ടമില്ലാതായതോടെയാണ് മുരളിയുടെ ജീവിതവണ്ടിയുടെ യാത്രയിലും തടസ്സങ്ങൾ നേരിട്ടത്. ഇത്തരത്തിൽ ജീവിതം പ്രതിസന്ധിയിലായ അനേകരിൽ ഒരാൾ.സ്‌കൂൾകുട്ടികൾക്കായുള്ള പതിവ്‌ ഓട്ടവും കല്യാണം ഉൾപ്പെടെയുള്ള പരിപാടികളുടെ ഓട്ടവുമാണ് കിട്ടിയിരുന്നത്. ഇത്തരം ആവശ്യങ്ങളുടെ ഓട്ടം ഇപ്പോഴില്ലാത്തതിനാൽ ഒരുവർഷത്തിലേറെയായി രണ്ട്‌ വണ്ടികളും ഷെഡ്ഡിൽ കയറ്റിയിട്ടിരിക്കുകയാണ്. മറ്റൊരു ജോലിയും അറിയാത്തതിനാൽ കോവിഡിന്റെ തുടക്കത്തിൽ കുറച്ചുനാൾ പെയിന്റിങ് തൊഴിലാളികൾക്കൊപ്പം സഹായിയായി പോയി. സ്ഥിരമായ ജോലി ആ മേഖലയിലും ഇല്ലാതായതോടെ ജീവിതം വഴിമുട്ടി. അതോടെയാണ് ലോട്ടറിവില്പനയിലേക്ക്‌ കടന്നത്.വണ്ടികളിലൊന്ന് കഴിഞ്ഞ ദിവസം പൊളിക്കാൻ കൊടുത്തു. വണ്ടിയുടെ ഇൻഷുറൻസും റോഡ് ടാക്സുമൊക്കെ അടച്ച് അറ്റകുറ്റപ്പണി നടത്തി ടെസ്റ്റും പൂർത്തിയാക്കി ഫിറ്റ്‌നസ് നേടി റോഡിൽ ഓടുന്ന നിലയിലാക്കാൻ രണ്ടുലക്ഷം രൂപയെങ്കിലും വേണം. ഇത്രയും ചെലവാക്കി ഫിറ്റ്‌നസ് നേടിയാലും വീണ്ടും ഷെഡ്ഡിൽ ഇടേണ്ടിവരുമെന്നു കരുതിയതുകൊണ്ടാണ് പെർമിറ്റ് കാലാവധി അഞ്ചുവർഷം ബാക്കിയിരിക്കെ മനസ്സില്ലാമനസ്സോടെ ടെമ്പൊ പൊളിച്ചുവിൽക്കാൻ തയ്യാറായതെന്ന് മുരളി പറഞ്ഞു.അവശേഷിക്കുന്ന വണ്ടിയുടെ ഇൻഷുറൻസ്, റോഡ് ടാക്സ് എന്നിവയുടെ അടവിനും ടെസ്റ്റിനുമായി ഒന്നരലക്ഷം രൂപ വേണം. എല്ലാം പഴയനിലയിലായാൽ എങ്ങനെയെങ്കിലും അത്രയും തുക ചെലവിട്ട് വണ്ടിയുമായി വീണ്ടും ഓട്ടം തുടങ്ങാമല്ലോയെന്ന പ്രതീക്ഷയിലാണ് മുരളി. അതുവരെ ഭാര്യയും അമ്മയും ബി.ടെക്., പ്ലസ്ടു വിദ്യാർഥികളായ രണ്ട്‌ മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാതിരിക്കാനാവില്ലല്ലോയെന്ന് മുരളി ചോദിക്കുന്നു. അതിനായി തിരഞ്ഞെടുത്ത വഴിയാണ് ലോട്ടറിക്കച്ചവടം. രാവിലെ ഏഴുമണിക്ക്‌ ലോട്ടറിക്കച്ചവടത്തിനെത്തുന്ന മുരളി വൈകീട്ട് ഏഴുവരെ ലോട്ടറിവിൽപ്പനയുമായി ദേശീയപാതയോരത്ത്‌ തുടരും. രണ്ടുമാസംമുമ്പ് കുറച്ച് സൃഹൃത്തുക്കൾ ചേർന്ന് ലോട്ടറി നിരത്തിവെക്കാനുള്ള സ്റ്റാൻഡും കുടയും നൽകിയത്‌ ആശ്വാസമായി.


from mathrubhumi.latestnews.rssfeed https://ift.tt/2XRCA7y
via IFTTT