Breaking

Saturday, August 28, 2021

പാച്ചുവിനെ ‘കിഡ്നാപ്പ്’ചെയ്തു; 48 മണിക്കൂറിനുള്ളിൽ പോലീസ് കണ്ടെത്തി

ഗാന്ധിനഗർ (കോട്ടയം): വീട്ടിൽ വിശ്രമിക്കുകയായിരുന്ന പാച്ചുവിനെ ബുധനാഴ്ച രാത്രിയിൽ 'കിഡ്നാപ്പ്' ചെയ്തു. കടത്തിക്കൊണ്ടുപോയവർ സാമൂഹികമാധ്യമങ്ങളിലിട്ട ചിത്രത്തിന്റെ ചുവടുപിടിച്ച് അന്വേഷണം നടത്തിയ ഗാന്ധിനഗർ പോലീസ്, 48 മണിക്കൂർ തികയുന്നതിനുമുമ്പ് തൃശ്ശൂരിൽനിന്ന് പാച്ചുവിനെ കണ്ടെത്തി തിരികെ ഉടമയ്ക്ക് കൈമാറി. എസ്.എച്ച്.മൗണ്ടിലെ അഖിൽ മാത്യുവിന്റെ, പഗ്ഗ് ഇനത്തിൽപ്പെട്ട നായയാണ് പാച്ചു. ബുധനാഴ്ച രാത്രിയിലാണ് പാച്ചുവിനെ 'തട്ടിക്കൊണ്ടു'പോയത്. നിരവധി കേസുകളിൽ പ്രതിയായ ചവിട്ടുവരി ഉണ്ണിമേരിപ്പടി ശ്രീദേവ് എന്നു വിളിക്കുന്ന വാവച്ചനാണ് പാച്ചുവിനെ കൂട്ടിൽനിന്ന് തട്ടിയെടുത്തത്. നേരേ വീട്ടിൽ കൊണ്ടുപോയി. കൂട്ടുകാരൻ ജിസ്മിനെ വിളിച്ചുവരുത്തി നായയെ കാണിക്കുകയും വിൽക്കാൻ ഏൽപ്പിക്കുകയും ചെയ്തു. തൃശ്ശൂരിലുള്ള ഒരാൾക്ക് വ്യാഴാഴ്ച കൈമാറി. കൈമാറുന്നതിനുമുമ്പ് ശ്രീദേവിന്റെ സഹോദരി, പാച്ചുവുമൊത്തുള്ള സെൽഫി എടുത്തിരുന്നു. തൃശ്ശൂരുകാർ നായയെ കൊണ്ടുപോയപ്പോൾ, സഹോദരി സെൽഫി ചിത്രം ഫെയ്സ് ബുക്കിൽ ഇട്ടു. ഇത് പിന്തുടർന്ന ഗാന്ധിനഗർ പോലീസ് തൃശ്ശൂരിൽനിന്ന് പാച്ചുവിനെ കണ്ടെത്തുകയായിരുന്നു. ശ്രീദേവിനെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ ഏഴ് കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഗാന്ധിനഗർ എസ്.എച്ച്.ഒ. കെ.ഷിജിമോൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3yoZjV5
via IFTTT