തിരുവനന്തപുരം: ഡിസിസി അധ്യക്ഷൻമാരുടെ നിയമനം സംബന്ധിച്ച തർക്കത്തിൽ മുതിർന്ന നേതാക്കൾക്കെതിരേ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചത് കേന്ദ്ര നേതൃത്വമാണ്. അതിൽ ഒരു തർക്കവുമില്ലെന്നും കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ഏത് മുതിർന്ന നേതാവായാലും പാർട്ടിക്ക് പുറത്ത് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി കോൺഗ്രസിൽ രണ്ട് നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുകയും വീതംവെപ്പ് നടത്തുകയുമായിരുന്നു പതിവ്. ആ കാലം അവസാനിച്ചുകഴിഞ്ഞു. ഇവർ ഒതുക്കി നിർത്തിയിരുന്ന കഴിവുള്ള ഒരു കൂട്ടം ഇപ്പോൾ നേതൃനിരയിലേക്ക് വന്നതാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്. കോൺഗ്രസിൽ ഗ്രൂപ്പുകൾ കാര്യങ്ങൾ തീരുമാനിക്കുന്ന കാലം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഒരു ദേശീയ പാർട്ടിയാണ്. ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവുമുണ്ട്. അത് അംഗീകരിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത ഏത് മുതിർന്ന നേതാവാണെങ്കിലും പുറത്ത് പോകേണ്ടി വരും. ഇവർക്ക് പുറത്ത് പോയി വേണമെങ്കിൽ മുന്നണിയുടെ ഭാഗമാകാം. പക്ഷേ പാർട്ടിക്കുള്ളിൽ നിന്ന് ഇത്തരം പ്രവർത്തികൾ തുടർന്നാൽ നടപടിയുണ്ടാകും. പാർട്ടിക്ക് മുകളിൽ ഒരു നേതാവിനും സ്ഥാനമില്ല. ചുമരില്ലാതെ ആർക്കാണ് ചിത്രം വരയ്ക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ഗ്രൂപ്പുകൾ സംരക്ഷിക്കുമെന്ന ധൈര്യത്തിൽ കെപിസിസി പ്രസിഡന്റിനെപ്പോലും വെല്ലുവിളിച്ച കാഴ്ചയാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കില്ലെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റുമാർ ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷന് മുകളിലാണെന്ന ധാരണ ചില ഡിസിസി പ്രസിഡന്റുമാർക്ക് ഉണ്ടായത് ഗ്രൂപ്പുകളുടെ പിൻബലത്തിലായിരുന്നുവെന്നും ഉണ്ണിത്താൻ പറയുന്നു. Content Highlights: Rajmohan Unnithan warns senior leaders in DCC president list crisis
from mathrubhumi.latestnews.rssfeed https://ift.tt/3BknXrZ
via
IFTTT