Breaking

Monday, August 30, 2021

കോണ്‍ഗ്രസിലെ പ്രതിഷേധം കൈവിട്ടു; റിപ്പോർട്ട് ആവശ്യപ്പെട്ട് ഹൈക്കമാൻഡ്

തിരുവനന്തപുരം/ന്യൂഡൽഹി: ഡി.സി.സി. അധ്യക്ഷപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസിൽ കൂട്ടക്കലഹം. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ വിമർശനവുമായെത്തി. ഇതിനെ കെ. സുധാകരനും വി.ഡി. സതീശനും പ്രതിരോധിച്ചതോടെ പാർട്ടി സമീപകാലത്തില്ലാത്തവിധം പ്രതിസന്ധിയിലായി. പരസ്യപ്രതികരണങ്ങളിൽ അതൃപ്തിയറിയിച്ച് അധ്യക്ഷ സോണിയാ ഗാന്ധി ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും ഉൾപ്പെടെയുള്ള പ്രതികരണങ്ങളെക്കുറിച്ച് റിപ്പോർട്ട് തേടി. പ്രതിഷേധമുയർന്നെങ്കിലും അധ്യക്ഷപ്പട്ടിക നിശ്ചയിച്ചവരെ മാറ്റില്ല. ഉമ്മൻചാണ്ടിയും ചെന്നിത്തലയും അത്തരം നിർദേശം മുന്നോട്ടുവെക്കുന്നുമില്ല. ഹൈക്കമാൻഡിന്റെ ഇടപെടലിലാണ് എല്ലാവരുടെയും പ്രതീക്ഷ. ഡി.സി.സി.-കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടികൾ ബാക്കിയാണ്. മുതിർന്ന നേതാക്കൾ അകന്നുനിന്നാൽ ഇതിനുള്ള ചർച്ചയും പൊട്ടിത്തെറിയിലേക്ക് എത്തും. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും അനുകൂലിക്കുന്നവരുടെ ഗ്രൂപ്പും ഗ്രൂപ്പില്ലാത്തവരുടെ ഗ്രൂപ്പായി മറുപക്ഷവും നിലയുറപ്പിക്കുന്ന ഘട്ടമാണിപ്പോൾ. ഇരു നേതാക്കളുടെയും വാക്കുകൾക്ക് ഇത്തവണ വിലയുണ്ടായില്ലെന്നാണ് പരാതി.‘‘പട്ടിക സംബന്ധിച്ച്‌ ചർച്ച നടത്തിയെന്നുവരുത്തി. പിന്നീട് ചർച്ചയാകാമെന്ന്‌ പറഞ്ഞു. ചർച്ചയൊന്നും നടന്നില്ല. അതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്’’- ഉമ്മൻചാണ്ടി പറഞ്ഞു. ‘‘സ്ഥാനം കിട്ടുമ്പോൾമാത്രം ഗ്രൂപ്പില്ല എന്നുപറയുന്നവരോട് യോജിപ്പില്ല. തർക്കങ്ങൾ കൂടിയാലോചിച്ച് പരിഹരിക്കേണ്ടതായിരുന്നു’’- ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി പറയുന്നത്‌ ശരിയല്ലെന്നു തുറന്നടിച്ച് കെ. സുധാകരൻ രംഗത്തുവന്നു. രണ്ടുവട്ടം അദ്ദേഹവുമായും ചെന്നിത്തലയുമായും ചർച്ച നടത്തിയെന്ന്, ഉമ്മൻചാണ്ടി നൽകിയ പേരുകളുടെ പട്ടിക ഉയർത്തിക്കാട്ടി സുധാകരൻ പറഞ്ഞു. പട്ടിക വരുമ്പോൾ പൊട്ടിത്തെറിക്കാൻ ആസൂത്രണം നടത്തിയവരാണ് വിമർശകരെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. മുമ്പു നടക്കാത്ത തരത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ സോണിയയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. പിന്നാലെയാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.മുതിർന്ന നേതാക്കൾക്കെതിരേ നടപടിക്ക്‌ സാധ്യത കുറവാണെന്നാണ്‌ സൂചന. കാര്യങ്ങൾ വഷളാവാതിരിക്കാനുള്ള മുൻകരുതലായി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് നേതാക്കൾക്ക് കെ.പി.സി.സി. വിലക്കേർപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/3h2aNIz
via IFTTT