Breaking

Friday, August 13, 2021

ജസ്റ്റിസ് നരിമാൻ പടിയിറങ്ങി

ന്യൂഡൽഹി: നീതിന്യായവ്യവസ്ഥയെ കാത്ത സിംഹങ്ങളിലൊന്നിെനയാണ് ജസ്റ്റിസ് നരിമാൻ വിരമിക്കുന്നതോടെ നഷ്ടമാവുന്നതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ജസ്റ്റിസ് റോഹിങ്ടൺ ഫാലി നരിമാന്റെ അവസാനപ്രവൃത്തിദിവസം സുപ്രീംകോടതി നൽകിയ യാത്രയയപ്പിൽ സംസാരിക്കയായിരുന്നു ചീഫ് ജസ്റ്റിസ്. സമകാലിക നീതിന്യായവ്യവസ്ഥയുടെ ശക്തമായ തൂണുകളിലൊന്നായ ജസ്റ്റിസ് നരിമാൻ നിലപാടുകളോട് നീതിപുലർത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ മകനായ റോഹിങ്ടൻ നരിമാൻ 1979-ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. വിഖ്യാത അഭിഭാഷകൻ നാനി പാൽക്കിവാലയുടെ ശിഷ്യനായ അദ്ദേഹത്തിന് 37-ാം വയസ്സിൽ സീനിയർ അഭിഭാഷകപദവി ലഭിച്ചു. അതിനായി അന്നത്തെ ചീഫ് ജസ്റ്റിസ് വെങ്കടചലയ്യ, സീനിയർ അഭിഭാഷകപദവിയുടെ ചുരുങ്ങിയ പ്രായം 45-ൽനിന്ന് 37 ആക്കി കുറയ്ക്കുകയായിരുന്നു. സ്വകാര്യത മൗലികാവകാശമാക്കിയ പുട്ടസ്വാമി കേസ്, ഇന്റർനെറ്റിൽ കുറ്റകരമായ പോസ്റ്റുകളിടുന്നവരെ അറസ്റ്റുചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഐ.ടി. നിയമത്തിലെ 66-എ വകുപ്പ് റദ്ദാക്കൽ, സ്വവർഗലൈംഗികത ക്രിമിനൽക്കുറ്റമല്ലാതാക്കൽ തുടങ്ങി ശബരിമല സ്ത്രീപ്രവേശനംവരെ സുപ്രധാന വിധികളെഴുതിയത് ജസ്റ്റിസ് നരിമാൻ ഉൾപ്പെട്ട ബെഞ്ചാണ്. ഏറ്റവുമൊടുവിൽ സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കാത്തതിന് എട്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് പിഴചുമത്തിയാണ് ജസ്റ്റിസ് നരിമാൻ പടിയിറങ്ങുന്നത്. തന്റെ ജൂനിയർമാർക്കിടയിലെ താരമായിരുന്ന നരിമാനുമുൻപിൽ വാദിക്കാൻ സാധിച്ചത് അഭിമാനമായി കരുതുന്നുവെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറഞ്ഞു. വിരമിക്കുന്ന ജഡ്ജി അവസാനപ്രവൃത്തിദിവസം ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കുകയെന്ന രീതിയാണ് സുപ്രീംകോടതിയിൽ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും സുപ്രീംകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങ്ങിനുംപുറമേ എല്ലാ അഭിഭാഷകർക്കും ജസ്റ്റിസ് നരിമാനെക്കുറിച്ച് സംസാരിക്കാൻ ചീഫ് ജസ്റ്റിസ് അവസരം നൽകി. അഭിഭാഷകവൃത്തിയെക്കാൾ ഏറെ കഠിനമാണ് ജഡ്ജിയുടെ ജോലിയെന്ന് ജസ്റ്റിസ് നരിമാൻ പറഞ്ഞു. Content Highlight: Justice Rohinton Nariman Retires


from mathrubhumi.latestnews.rssfeed https://ift.tt/3jT7DXU
via IFTTT