Breaking

Tuesday, March 30, 2021

പിണറായി പാർട്ടിയെ സർക്കാരിന്റെ റബ്ബർ സ്റ്റാമ്പാക്കി

തുടർഭരണം പാടില്ലെന്നു പറയാനുള്ള കാരണം? ഈ സർക്കാരിന്റെ അഞ്ചുവർഷത്തെ പ്രവർത്തനവും അതിന്റെ ശൈലിയും തന്നെ കാരണം. പിടിവാശിയും അഹങ്കാരവുമാണ് സർക്കാരിന്റെ മുഖമുദ്ര. പ്രളയവും കോവിഡും കഴിഞ്ഞ് സാമ്പത്തികപ്രയാസം നേരിടുമ്പോൾ സർക്കാർ ധൂർത്തുനടത്തുന്നു, ഇതിനുപുറമേ അഴിമതിയും. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ ജയിലിൽ കിടക്കേണ്ടിവന്നത് എന്തു ഗതികേടാണ്. സർക്കാരിന്റെ ശൈലി ഭരണമാറ്റത്തിനുള്ള കാരണമാകുമോ? ജനാധിപത്യശൈലി നഷ്ടമാകരുത്. കേരളംപോലെ നിർഭയമായി അഭിപ്രായം പറയുന്ന ഒരു സംസ്ഥാനം നിശ്ശബ്ദമായി നിൽക്കേണ്ടിവരുന്നത് നിസ്സാരമല്ല. പിണറായിയിൽ തുടങ്ങി പിണറായിയിൽ അവസാനിക്കുന്നതാണ് ഇടതുമുന്നണി. രണ്ടാമതൊരു നേതാവില്ല. പുതുതലമുറയിലുമില്ല. മുമ്പ് പൊളിറ്റ് ബ്യൂറോ ശക്തമായിരുന്നു. സപ്തകക്ഷി സർക്കാർ വന്നപ്പോൾ രാഷ്ട്രീയനയം പ്രഖ്യാപിച്ചത് ഇ.എം.എസ്. ആയിരുന്നില്ല. അഖിലേന്ത്യാ സെക്രട്ടറി സുന്ദരയ്യ ആയിരുന്നു. ഇന്ന് പാർട്ടിയില്ല. എൽ.ഡി.എഫുമില്ല. എല്ലാറ്റിനും ഒരു ക്യാപ്റ്റൻ. പിണറായിയോട് വ്യക്തിവിരോധമില്ല. വിദ്യാർഥിസംഘടനാരംഗത്ത് പ്രവർത്തിക്കുന്ന കാലംമുതൽ അദ്ദേഹത്തെ അറിയാം. പക്ഷേ, പിണറായി വിജയന്റെ മുഖ്യമന്ത്രിശൈലി അപകടമാണ്. ചോദ്യംചെയ്യാൻ കഴിയാത്ത ഒരു മുഖ്യമന്ത്രി നല്ലതല്ല. കൂട്ടുത്തരവാദിത്വമുള്ള മുഖ്യമന്ത്രി വേണം. ജനങ്ങളാൽ ചോദ്യംചെയ്യപ്പെടുന്നതും ജനകീയ കോടതിയിൽ നിരന്തരം കുറ്റവിചാരണ ചെയ്യപ്പെടുന്നതുമായ ഒരു മുഖ്യമന്ത്രിയാണ് വേണ്ടത്. ഭരണത്തുടർച്ചയുണ്ടായാൽ യു.ഡി.എഫ്. ഇല്ലാതാകുമെന്ന് ഭയമുണ്ടോ? 1967 കണ്ടവരാണ് ഞങ്ങൾ. 140 അംഗങ്ങളുള്ള നിയമസഭയിൽ 9 അംഗങ്ങളുമായാണ് കെ. കരുണാകരൻ അസംബ്ലിയിലിരുന്നത്. എന്നാൽ, 1969-ൽ അച്യുതമേനോനെ മുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കി. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി 1967 ആണ്. ഇപ്പോഴില്ല. ഇടതുസർക്കാരിന്റെ കാലത്തുണ്ടായ ജനാധിപത്യവിരുദ്ധത എന്താണ്? പാർട്ടി സർക്കാരിന്റെ റബ്ബർ സ്റ്റാമ്പായിമാറി. മുൻകാലങ്ങളിൽ പാർട്ടിയായിരുന്നു സർക്കാരിനെ നിയന്ത്രിച്ചിരുന്നത്. ഇപ്പോൾ പാർട്ടിയും പൊളിറ്റ് ബ്യൂറോയും റബ്ബർ സ്റ്റാമ്പായി. പിണറായി ചോദ്യംചെയ്യപ്പെടാനാവാത്ത മുഖ്യമന്ത്രിയായി. വിമർശനങ്ങൾക്ക് അതീതമായ ഒരു സർക്കാർ. പണ്ട് രാജഭരണകാലത്ത് ജനങ്ങൾക്കുവേണ്ടത് രാജാവ് കൊടുക്കും. പ്രജകൾ തൊഴുത് കൈനീട്ടി വാങ്ങിക്കണം. അങ്ങനെയാണ് അഞ്ചുവർഷം കടന്നുപോയത്. അതിന്റെ അപകടമാണ് പിൻവാതിൽ നിയമനത്തിലടക്കം ഉണ്ടായത്. ഏറ്റവും കൂടുതൽ അഭ്യസ്തവിദ്യരും തൊഴിലില്ലായ്മയുമുള്ള കേരളത്തിലാണ് മൂന്നരലക്ഷംപേരെ പിൻവാതിലിലൂടെ നിയമിച്ചത്. ഭരണത്തുടർച്ച ആപത്താണെന്ന് പറഞ്ഞതിന്റെ കാരണം? സ്വർണക്കടത്ത്, ലൈഫ് മിഷനിലെ തട്ടിപ്പ്, ആഴക്കടൽ വിവാദം ഇതൊക്കെ കേരളത്തിൽ സംഭവിക്കാൻ പാടുള്ളതാണോ. പ്രതിപക്ഷനേതാവായിരുന്നില്ലേ ഇതൊക്കെ പുറത്തുകൊണ്ടുവന്നത്. ശബരിമലയിൽ സർക്കാരുണ്ടാക്കിയ മുറിവ് മറന്നിട്ടില്ല. തിരഞ്ഞെടുപ്പടുത്തപ്പോൾ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വരംമാറിയതിന്റെ പേരിൽ, ദേവസ്വം മന്ത്രി തെറ്റ് ഏറ്റുപറഞ്ഞതിന്റെ പേരിൽ, എല്ലാം മറന്ന് ജനങ്ങൾ എൽ.ഡി.എഫിന് വോട്ടുചെയ്താൽ, അത് ദുരന്തമായിരിക്കും. രണ്ടാം പിണറായി സർക്കാർ നിയന്ത്രണമില്ലാത്ത സർക്കാരായിരിക്കും. ഏകാധിപത്യശൈലിയിലേക്ക് പോകും. അത് കേരളത്തിന് ആപത്താണ്. ബംഗാളിലെപ്പോലെ പാർട്ടി തകരാതിരിക്കാൻ തുടർഭരണം വേണ്ടെന്ന് ഇടതുപക്ഷത്തുള്ളവർപോലും പറഞ്ഞിട്ടിട്ടുണ്ട്. കേരളത്തിൽ 60 ശതമാനത്തോളം 40 വയസ്സിന് താഴെയുള്ളവരാണ്? 70-ലെ തിരഞ്ഞെടുപ്പിൽ തലമുറമാറ്റം. അഞ്ചു ചെറുപ്പക്കാർ; എടക്കാട് ബിഡിത്തൊഴിലാളിയായിരുന്ന എൻ. രാമകൃഷ്ണൻ, ബാലുശ്ശേരിയിൽ എ.സി. ഷൺമുഖദാസ്, ചേർത്തലയിൽ എ.കെ. ആന്റണി, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി, കൊട്ടറ ഗോപാലകൃഷ്ണൻ കൊട്ടാരക്കര. അത് ചെറിയ തലമുറമാറ്റമാണ്. ഇത്തവണ ശരിയായ തലമുറമാറ്റമാണ്. സ്ഥാനാർഥികളിൽ 55 ശതമാനവും ചെറുപ്പക്കാർ. ഇടതുകോട്ടകളിൽ അവർ ഇടിച്ചുകയറുകയാണ്. യുവാക്കളായ പുതുമുഖങ്ങളിലാണോ യു.ഡി.എഫിന്റെ പ്രതീക്ഷ? 1970-ലെ ആവർത്തനം കേരളത്തിലുണ്ടാകും. ഇടതുകോട്ടകളെ പിടിച്ചുലച്ചാണ് അന്നത്തെ വിദ്യാർഥി-യുവജന നേതാക്കളായ എ.സി. ഷൺമുഖദാസ്, എ.കെ. ആന്റണി, കൊട്ടറ ഗോപാലകൃഷ്ണൻ, എൻ. രാമകൃഷ്ണൻ എന്നിവർ ജയിച്ചത്. 1969-ൽ സംഘടനാ കോൺഗ്രസും കോൺഗ്രസുമായി പിരിഞ്ഞതിനുശേഷം ഇന്ദിരഗാന്ധി നയിച്ച കോൺഗ്രസ് ശക്തമായി തിരിച്ചുവന്നത് 1970-ലെ തിരഞ്ഞെടുപ്പിലാണ്. കേരളത്തിൽനിന്നാണ് ആ വിജയത്തിന്റെ തുടക്കം. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ്. ഭരണത്തിലെത്തും. ഒപ്പം ഇന്ത്യയിൽ കോൺഗ്രസിന്റെ തിരിച്ചുവരവിനുള്ള തുടക്കവുമാകും.


from mathrubhumi.latestnews.rssfeed https://ift.tt/3dkfpXA
via IFTTT