തേഞ്ഞിപ്പലം: നഷ്ടമായ ബിരുദപരീക്ഷകൾ എഴുതാൻ മകൾക്ക് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലയ്ക്ക് ഒരു പിതാവിന്റെ കത്ത്. അതും അങ്ങു പാകിസ്താനിൽനിന്ന് !. 10 വർഷംമുൻപു കാലിക്കറ്റിന്റെ വിദൂരവിഭാഗം വഴി ബി.കോമിനു ചേർന്ന മകൾ ഗുൽജാനുവേണ്ടി ഇമാൻ അഹമ്മദ് എന്നയാളാണു സർവകലാശാലയിലേക്ക് ഇ -മെയിൽ അയച്ചത്. ഗൾഫിൽ കേന്ദ്രമൊരുക്കി സപ്ലിമെന്ററി പരീക്ഷ നടത്തി ബിരുദംനേടാൻ സഹായിക്കണമെന്നാണ് ഇമാൻ അഹമ്മദിന്റെ ആവശ്യം.കാലിക്കറ്റിലെ വിദൂരവിഭാഗത്തിനു ഗൾഫ് രാജ്യങ്ങളിൽ പഠനകേന്ദ്രങ്ങളുണ്ടായിരുന്ന സമയത്ത് 2011-ൽ യു.എ.ഇ.യിലെ റാസൽഖൈമ കേന്ദ്രത്തിലാണു ഗുൽജാൻ ചേർന്നത്. യു.എ.ഇ., ഖത്തർ എന്നിവിടങ്ങളിലായി 24 പഠനകേന്ദ്രങ്ങൾ സർവകലാശാലയ്ക്കുണ്ടായിരുന്നു. സർവകലാശാലാ അധികൃതരുടെ മേൽനോട്ടത്തിൽ പരീക്ഷകളും ഇവിടെ നടത്തിയിരുന്നു. അധികാരപരിധിക്കുപുറത്ത് പഠനകേന്ദ്രങ്ങൾ നടത്താൻ പാടില്ലെന്ന യു.ജി.സി. നിബന്ധന കർശനമാക്കിയതോടെ ആറുവർഷംമുൻപു കേന്ദ്രങ്ങളുമായുള്ള ബന്ധം സർവകലാശാല ഒഴിവാക്കി. കേരളത്തിൽനിന്നുള്ള പ്രവാസികളായിരുന്നു ഭൂരിഭാഗം വിദ്യാർഥികളും. ഇവർക്കു പിന്നീട് നാട്ടിൽ പരീക്ഷാകേന്ദ്രങ്ങളൊരുക്കിയാണു പ്രശ്‌നം അവസാനിപ്പിച്ചത്.ഗൾഫ് കേന്ദ്രങ്ങളിൽ മുമ്പുണ്ടായിരുന്ന പഠിതാക്കൾക്കു കോവിഡ് സാഹചര്യങ്ങൾ ഒതുങ്ങിയാൽ സർവകലാശാലാ കാമ്പസിൽ പരീക്ഷ നടത്താനാണു കഴിഞ്ഞമാസം ചേർന്ന സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഗുൽജാനും വേണമെങ്കിൽ ഈ അവസരം പ്രയോജനപ്പെടുത്താനാകും. പക്ഷേ, അതിനവർ ഇവിടേക്കെത്താനുള്ള പരീക്ഷണങ്ങളേറെ താണ്ടേണ്ടിവരും.
from mathrubhumi.latestnews.rssfeed https://ift.tt/3cWh2eJ
via
IFTTT