കണ്ണൂർ: സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജൻ സ്വന്തം വ്യക്തിപ്രഭാവം വളർത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പൂർണവിരാമമിടാൻ സി.പി.എം. തീരുമാനിച്ചു. ആരോപണങ്ങൾ അന്വേഷിക്കാൻ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ചചെയ്ത ശേഷമാണ് പ്രശ്നം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. വ്യക്തിപരമായി പ്രത്യേക രീതിയിൽ ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ പി.ജയരാജന് പങ്കില്ലെന്ന് കമ്മിഷൻ നിഗമനത്തിലെത്തി. എ.എൻ.ഷംസീർ, എൻ.ചന്ദ്രൻ, ടി.ഐ.മധുസൂദനൻ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങൾ പരിശോധിച്ചത്. വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ആരാധാനാരൂപത്തിലുള്ള ബോർഡുകളും മുദ്രാവാക്യങ്ങളുമൊക്കെയാണ് വിമർശവിധേയമായത്. സി.പി.എം. സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ചർച്ചനടത്തുകയും വ്യക്തിപ്രഭാവമുയർത്തുന്ന നിലയിലുള്ള പ്രചാരണം നടത്തുന്നതിനെ തടയുന്നതിന് ജയരാജൻ ജാഗ്രതകാട്ടിയില്ലെന്ന് വിമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ അന്വേഷിക്കാൻ ജില്ലാ കമ്മിറ്റിയെ ചുമചലപ്പെടുത്തുകയും ചെയ്തു. അതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ നിയോഗിച്ചത്.കണ്ണൂർ തളാപ്പിൽ സംഘ്‌പരിവാർ സംഘടനകളിൽനിന്ന് സി.പി.എമ്മിലേക്കെത്തിയ അമ്പാടിമുക്ക് സഖാക്കൾ എന്നറിയപ്പെടുന്നവരാണ് പിണറായി വിജയനെ അർജുനനായും പി.ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിച്ച് വലിയ ബോർഡുകൾ വെച്ചത്. പിന്നീട് കണ്ണൂർ ജില്ലയിൽ പലേടത്തും വ്യക്തിപരമായി ഉയർത്തിക്കാട്ടുന്ന ബോർഡുകൾ വന്നു. വിപ്ലവനേതാവായി വാഴ്ത്തുന്ന പാട്ടുകളുണ്ടായി. നവമാധ്യമങ്ങളിൽ പി.ജെ.ആർമി എന്നും മറ്റമുള്ള പേരുകളിൽ വ്യക്തിപരമായി ആരാധന വളർത്തുന്ന പ്രചാരണം നടന്നത് സി.പി.എം. നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റി ഇടപെട്ടത്. അന്വേഷണം ആരംഭിച്ച ശേഷവും ചില പ്രശ്നങ്ങളുണ്ടായി. ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റശേഷം പഴയ സ്ഥാനം തിരിച്ചുനൽകാത്തതിനെതിരേ ഒരുവിഭാഗം അനുഭാവികൾ പ്രതിഷേധമുയർത്തി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചുവെന്നാരോപിച്ചും പി.ജെ.ആർമി നവമാധ്യമ ഗ്രൂപ്പ് വലിയ പ്രതിഷേധമുയർത്തി. അമ്പാടിമുക്ക് സഖാക്കളുടെ നേതാക്കളിലൊരാളായ ധീരജ്കുമാറിനെ പരസ്യപ്രതിഷേധമുയർത്തിയതിനെ തുടർന്ന് സി.പി.എമ്മിൽനിന്ന് പുറത്താക്കുകയുംചെയ്തു. എന്നാൽ പി.ജെ.ആർമിയെ പി.ജയരാജൻ പരസ്യമായി തള്ളിപ്പറയുകയും തന്റെ അഭ്യുദയകാംക്ഷികളെന്ന പേരിൽ പാർട്ടി തീരുമാനങ്ങളെ എതിർക്കുന്നവർ പാർട്ടിയുടെയും തന്റെയും ശത്രുക്കളാണെന്നും തന്റെ പേര് പറഞ്ഞ് പാർട്ടിയെ വിമർശിക്കുകയും തന്നെ വേർതിരിച്ച് കാണിക്കുകയും ചെയ്താൽ നിയമനടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിറക്കി. ഇതെല്ലാം പരിഗണിച്ചാണ് പി.ജയരാജനുമായി ബന്ധപ്പെട്ട വ്യക്തിപ്രഭാവ പ്രശ്നത്തിന് വിരാമമിടാൻ സി.പി.എം. നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/3gI1ZYm
via
IFTTT