Breaking

Saturday, June 19, 2021

അന്ന് മില്‍ഖ പറഞ്ഞു 'സമ്മാനമായി രാജ്യത്തിന് പൊതുഅവധി നല്‍കിയാല്‍ മതി'

ആർമി ക്യാമ്പിലായിരിക്കെ മിൽഖാ സിങ്ങിന്റെ ഓട്ടം കണ്ട് ഹവിൽദാർ ഗുർദേവ് സിങ്ങാണ് ഒരു ഓട്ടക്കാരനു വേണ്ട പ്രത്യേകതകൾ മിൽഖയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. സഹോദരൻ മൽഖാനാണ് മിൽഖയെ ആർമി റിക്രൂട്ട്മെന്റിന് പോകാൻ നിർബന്ധിച്ചത്. പട്ടാളക്കാർക്ക് ദിവസേനയുള്ള പരിശീലനത്തിനിടെ മിൽഖയുടെ ഓട്ടംകണ്ട ഗുർദേവ് സിങ്ങാണ് അദ്ദേഹത്തെ അത്ലറ്റിക്സിന്റെ ലോകത്ത് എത്തിക്കുന്നത്. തുടർന്ന് പട്ടാളക്കാർക്കായി നടത്തുന്ന കായിക മത്സരങ്ങളിൽ 400 മീറ്ററിൽ പങ്കെടുക്കാൻ മിൽഖ തയ്യാറെടുത്തു. ആർമിയുടെ ഭാഗമായി നടന്ന മത്സരങ്ങളെല്ലാം ജയിച്ച അദ്ദേഹം ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യതയും നേടി. ആർമിയിൽ വെച്ചാണ് താൻ ഒരു അത്ലറ്റായതെന്ന് പിൽക്കാലത്ത് മിൽഖ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നാലെ 1956-ലെ മെൽബൺ ഒളിമ്പിക്സിൽ 200, 400 മീറ്ററുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചെങ്കിലും ഹീറ്റ്സിനപ്പുറത്തേക്ക് മുന്നേറാനായില്ല. എന്നാൽ അന്ന് 400 മീറ്റർ ചാമ്പ്യനായിരുന്ന ചാൾസ് ജെൻകിൻസിനെ പരിചയപ്പെടാനായത് മിൽഖയുടെ കരിയറിന് ഗുണമായി. പ്രൊഫഷണൽ പരിശീലന പദ്ധതികളെ കുറിച്ച് മിൽഖയ്ക്ക് അറിവ് നൽകിയത് അദ്ദേഹമായിരുന്നു. തുടർന്ന് 1958-ൽ കട്ടക്കിൽ നടന്ന ദേശീയ ഗെയിംസിൽ 200, 400 മീറ്ററുകളിൽ മിൽഖ റെക്കോഡ് പ്രകടനം പുറത്തെടുത്തു. പിന്നാലെ നടന്ന ഏഷ്യൻ ഗെയിംസിലും ഇതേ ഇനങ്ങളിൽ അദ്ദേഹം സ്വർണ മെഡൽ സ്വന്തമാക്കി. 1958-ലെ കോമൺവെൽത്ത് ഗെയിംസിലും അദ്ദേഹം സ്വർണമണിഞ്ഞു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ മിൽഖ സ്വന്തമാക്കി. ആ നേട്ടത്തിനു പിന്നാലെ മിൽഖയെ തേടി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വിളിയെത്തി. എന്ത് സമ്മാനം വേണമെന്നായിരുന്നു ചോദ്യം. ഈ വിജയം ആഘോഷിക്കാൻ രാജ്യത്ത് ഒരു ദിവസത്തെ പൊതുഅവധി നൽകണമെന്നായിരുന്നു മിൽഖ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ 1959-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു. 1960-ലെ റോം ഒളിമ്പിക്സിലെ ആ വലിയ നഷ്ടത്തെ കുറിച്ച് മിൽഖ സിങ് പലപ്പോഴും വാചാലനാകാറുണ്ടായിരുന്നു. അന്ന് 400 മീറ്ററിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന അദ്ദേഹത്തിന് 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മെഡൽ നഷ്ടമായത്. 1960-ൽ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനായ അബ്ദുൾ ഖലിഖുമായി മത്സരിക്കാൻ മിൽഖയ്ക്ക് ക്ഷണം കിട്ടി. മിൽഖ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും ജവഹർലാൽ നെഹ്റു അദ്ദേഹത്തെ നിർബന്ധിച്ച് മത്സരത്തിനയച്ചു. അന്ന് പാക് ജനറൽ അയൂബ് ഖാനാണ് മിൽഖയെ പറക്കും സിഖ് എന്ന് വിശേഷിപ്പിച്ചത്. Content Highlights: Milkha Singh The Flying Sikh


from mathrubhumi.latestnews.rssfeed https://ift.tt/3wJ7An0
via IFTTT