2001 ഓഗസ്റ്റ് മാസത്തിലാണത്. ട്രാക്കിനോട് വിടപറഞ്ഞ് ഏറെ കാലത്തിനു ശേഷം മിൽഖാ സിങ്ങിന് അർജുന അവാർഡ് നൽകാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചു. വൈകിയെത്തിയ അംഗീകാരം പക്ഷെ മിൽഖയെ ചൊടിപ്പിച്ചു. അനർഹരായ ഒരുപാടുപേർക്ക് നൽകിയ പുരസ്കാരം തനിക്ക് വേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു. സംഭവം വിവാദമായി. വാദപ്രതിവാദങ്ങൾ മുറുകി. ആ സമയത്താണ് ആദ്യമായി മിൽഖയെ കാണാൻ ചണ്ഡീഗഡിലെ വീട്ടിൽ ചെല്ലുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ ഉച്ചയൂണ് കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അദ്ദേഹം. വലിയൊരു കസേരയിൽ ചാരിയിരുന്ന് കണ്ണടച്ച് കൈകൊണ്ട് താളംപിടിച്ചുകൊണ്ട് ഹിന്ദി സിനിമാ ഗാനത്തിന്റെ ഈരടികൾ മൂളുന്നു. ഞങ്ങളെ കണ്ടപ്പോൾ കസേരയിൽ നിന്ന് എഴുന്നേറ്റു. നേരത്തെ ഫോണിൽ വിളിച്ചിരുന്നതുകൊണ്ടാവാം, പരിചയപ്പെടുത്തേണ്ടിവന്നില്ല. സ്നേഹ വാൽസല്യങ്ങളോടെയാണ് അദ്ദേഹം പെരുമാറിയത്. വീട്ടിനകത്തേക്ക് കൊണ്ടുപോയി തനിക്ക് കിട്ടിയ മെഡലുകളും സമ്മാനങ്ങളും കാണിച്ചുതന്നു. ഭാര്യ നിർമൽ കൗറിനെ പരിചയപ്പെടുത്തി. ദേശീയ വനിതാ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന നിർമലയെ മിൽഖ പ്രണയിച്ച് വിവാഹം കഴിച്ചതായിരുന്നു. ഞങ്ങളുടേത് യഥാർത്ഥ സ്പോർട്സ് കുടുംബമാണ്. ഞാൻ അത്ലറ്റ്. നിർമല വോളി താരം. മകൻ ജീവ് ഗോൾഫ് കളിക്കാരനും. പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അദ്ദേഹം പറഞ്ഞു. ഒട്ടേറെ അന്തർദേശീയ വിജയങ്ങൾ നേടിയ ഗോൾഫ് താരവും ലോക ഗോൾഫ് റാങ്കിങ്ങിൽ ആദ്യമായി നൂറിനുള്ളിൽ സ്ഥാനം നേടിയ ആദ്യ ഇന്ത്യക്കാരനുമായ ജീവ് മിൽഖയാണ് മിൽഖാ സിങ്ങിന്റെ മകൻ. യാതനകളുടെ ബാല്യം മിൽഖയുടെ ബാല്യകാലത്തെക്കുറിച്ച് ചോദിച്ചു കൊണ്ടാണ് സംസാരത്തിന് തുടക്കമിട്ടത്. ഓർക്കാൻ ഇഷ്ടമില്ലാത്തതെന്തോ ഓർത്തതുപോലെ അദ്ദേഹത്തിന്റെ മുഖം ഇരുണ്ടു. എന്നിട്ട് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തുടങ്ങി. അതൊക്കെ വലിയ ട്രാജഡിയാണ്. എങ്കിലും പറയാം. 1928ൽ പടിഞ്ഞാറൻ പാകിസ്താനിലെ മുസാഫർഗഢിലാണ് ജനിച്ചത്. ഞങ്ങൾ 16 മക്കളായിരുന്നു. ഇന്ത്യാ വിഭജനത്തിന് മുമ്പേ അതിൽ എട്ടുപേർ മരിച്ചു. പട്ടിണിയും പരിവട്ടവും പതിവായിരുന്നു. വീട്ടിൽനിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്കൂളിലായിരുന്നു പഠനം. ചുട്ടുപൊള്ളുന്ന മണ്ണിലൂടെ ചെരിപ്പിടാതെ സ്കൂളിലേക്കുള്ള യാത്ര ഇന്നും ഓർക്കുന്നു. കാല് പൊള്ളാതിരിക്കാൻ ഓടും. അങ്ങനെയാണ് ഞാനൊരു ഓട്ടക്കാരനായത്. അല്ലാതെ ചെറുപ്പത്തിൽ എനിക്കാരും ട്രെയിനിങ് തന്നിട്ടില്ല. എന്റെ പതിനെട്ടാം വയസ്സിലായിരുന്നു ഇന്ത്യാപാക് വിഭജനം. ലഹളക്കാരെത്തി. നിർദയരായിരുന്നു അവർ. എന്റെ അച്ഛനമ്മമാരും മൂന്നു സഹോദരങ്ങളും വാളിനിരയായി. അതിൽ മൂന്നുപേർ മരിച്ചത് എന്റെ കൺമുന്നിലാണ്. കലാപഭൂമിയിൽനിന്ന് ജീവനുംകൊണ്ട് ഓടുകയായിരുന്നു. എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി. അനാഥൻ, തൊഴിൽരഹിതൻ. കുറേ അലഞ്ഞു. പിന്നെ ജോലിക്കായുള്ള നെട്ടോട്ടം. ഒടുവിൽ പട്ടാളത്തിൽ, ഇലക്ട്രിക്കൽ വിഭാഗത്തൽ ജോലി കിട്ടി. ആർമിയിൽവെച്ചാണ് ഞാൻ അത്ലറ്റായത്. ഇന്ത്യൻ ആർമിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ആർമി ക്യാമ്പിലുണ്ടായിരുന്ന ഹവിൽദാർ ഗുർദേവ് സിങ്ങ് മിൽഖയിൽ മികച്ചൊരു സ്പ്രിന്റർ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ദിവസേന ട്രെയ്നിങ്ങ് സമയത്ത് മിൽഖ ഓടുന്നത് കണ്ട ഗുർദേവ് വിളിപ്പിച്ചു. പട്ടാളക്കാർക്കുവേണ്ടി നടത്തുന്ന ഗെയിംസിൽ 400 മീറ്ററിൽ പങ്കെടുക്കാൻ പ്രാഥമിക പരിശീലനം നൽകി. ആർമിയിൽ പങ്കെടുത്ത മൽസരങ്ങളിലെല്ലാം തുടരെ ജയിച്ച് 1965ലെ ദേശീയ അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി. ദേശീയ മീറ്റിൽ മിൽഖയ്ക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മിൽഖ ഓടുന്ന ശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ മെൽബൺ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. ആദ്യമായാണ് മിൽഖ, പ്രൊഫഷണൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വേഗം പ്രകടനം മെച്ചപ്പെട്ടു. ക്യാമ്പിലുണ്ടായിരുന്ന ചില അത്ലറ്റുകൾക്ക് അതത്ര പിടിച്ചില്ല. അവരുടെ അവസരം നഷ്ടമാവുമെന്ന് ഭയന്നു. രാത്രി ഉറങ്ങിക്കിടക്കുന്ന മിൽഖയെ അവർ ആക്രമിച്ചു. ഭാഗ്യത്തിന് ചെറിയ പരിക്കേ പറ്റിയുള്ളൂ. ഒളിമ്പിക്സ് ടീമിലേക്ക് സെലക്ഷൻ കിട്ടിയ മിൽഖ അവിടെ ആദ്യറൗണ്ടിൽ തോറ്റ് പുറത്തായി. തിരിഞ്ഞുനോക്കി, നഷ്ടമായത് മെഡൽ 1960ൽ വീണ്ടുമൊരു ഒളിമ്പിക്സിൽ മൽസരിക്കാൻ റോമിലേക്ക് പോവുമ്പോൾ മിൽഖ ഏറെ മാറിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ പരിശീലനവും അത് നൽകിയ ആത്മവിശ്വാസവും വലുതായിരുന്നു. മെഡൽ നേടാനാവുമെന്ന് ഉറപ്പിച്ചാണ് യാത്രതിരിച്ചത്. ഹീറ്റ്സിൽ മികച്ച പ്രകടനം. അന്നത്തെ ഒളിമ്പിക്സ് റെക്കോർഡ് തകർത്തു. ഫൈനലിനുമുമ്പേ, മിൽഖയ്ക്കാവും സ്വർണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു. വെടിയൊച്ച കേട്ട ഉടൻ മുന്നോട്ട് കുതിച്ച മിൽഖയായിരുന്നു 200 മീറ്റർ പിന്നിടുമ്പോൾ മുന്നിൽ. പിന്നെ വലിയൊരു അബദ്ധം കാണിച്ചു. എത്ര പിന്നിലാണ് പ്രതിയോഗികൾ എന്നറിയാൻ ഒന്നു തിരിഞ്ഞുനോക്കി. അത് വൻദുരന്തമായി. തിരിഞ്ഞുനോക്കാനെടുത്ത സമയംകൊണ്ട് രണ്ടുപേർ മുന്നിൽക്കയറി. പിന്നെ മിൽഖ ഉൾപ്പെടെ രണ്ടുപേർ ഒരുമിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വർണവും വെള്ളിയും നേടിയവരുടെ പേരുകൾ ഉടൻ അനൗൺസ് ചെയ്തു. വെങ്കലമെഡൽ ആർക്കാണെന്ന് വ്യക്തമല്ല. ഫോട്ടോഫിനിഷിങ്ങിലാണ് തീരുമാനം. കുറച്ചുകഴിഞ്ഞാണ് അനൗൺസ്മെന്റ് വന്നത്. സെക്കന്റിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ മിൽഖക്ക് മെഡൽ നഷ്ടമായി. നാലാംസ്ഥാനംമാത്രം. എന്റെ അച്ഛനും അമ്മയും മരിച്ചശേഷം ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ദുരന്തമാണത്. പിന്നീട് ഒരുപാട് രാത്രികളിൽ ആ ഫിനിഷിങ് സ്വപ്നത്തിൽക്കണ്ട് ഞെട്ടിയുണർന്ന് കരഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു ഒളിമ്പിക്സ് മെഡൽ സമ്മാനിക്കാൻ എനിക്ക് കഴിയാതെപോയി. വർഷങ്ങളേറെ കഴിഞ്ഞിട്ടും മിൽഖയുടെ ഹൃദയത്തിൽ നിന്ന് ആ മുറിപ്പാട് മാഞ്ഞിട്ടില്ല. പാകിസ്താൻ നൽകിയ വിളിപ്പേര് സത്യത്തിൽ പറക്കും സിഖ് എന്ന പേരുനൽകിയത് പാകിസ്താൻകാരാണ്. 1960ൽ പാകിസ്താൻ സന്ദർശിക്കാൻ മിൽഖയ്ക്ക് ക്ഷണം വന്നു. കുട്ടിക്കാലത്തെ ദുരന്തസ്മരണകൾ കാരണം അവിടേക്ക് പോവാൻ അദ്ദേഹത്തിന് മടിയുണ്ടായിരുന്നു. പിന്നീട് ജവാഹർലാൽ നെഹ്റുവിന്റെ പ്രേരണയിലാണ് അങ്ങോട്ട് പോയത്. അവിടെ പാകിസ്താനിലെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിലെ 100 മീറ്റർ ജേതാവുമായ അബ്ദുൾ അലീഖുമായി മത്സരിച്ചുജയിച്ചു. പാക് പ്രസിഡന്റ് അയൂബ്ഖാൻ മത്സരം കാണാൻ വന്നിരുന്നു. അദ്ദേഹമാണ് ആദ്യമായി പറക്കുംസിഖ് എന്ന് മിൽഖയെ വിളിച്ചത്. വൈകിയെത്തിയ അർജുന അവാർഡ് അദ്ദേഹത്തെ എക്കാലത്തും അസ്വസ്ഥനാക്കിയിരുന്നു. അതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ: രാജ്യം തരുന്ന ബഹുമതികൾ വിലപ്പെട്ടതാണ്. എനിക്ക് പത്മശ്രീ തന്നപ്പോൾ അത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അർജുന തന്നപ്പോൾ അത് സ്വീകരിക്കാൻ മനസ്സുവന്നില്ല. ആ അവാർഡ് നിശ്ചയിക്കുന്നവർതന്നെ അതിന്റെ വിലയിടിച്ചുകളഞ്ഞു. അർജുന അവാർഡ് ഒന്ന് എന്റെ വീട്ടിലുണ്ട്. എന്റെ മകൻ ജീവ് മിൽഖാസിങ്ങിന് ലഭിച്ചത്. അവൻ ഗോൾഫ് താരമാണ്. എന്റെ മകന് അർജുന ലഭിച്ച് വർഷങ്ങൾക്കുശേഷമാണ് എനിക്ക് അവാർഡ് തരണമെന്ന് അവർക്ക് തോന്നിയത്. കേരളത്തോട് പ്രിയം വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണെന്ന് വിശ്വസിക്കുന്ന മനുഷ്യനായിരുന്നു മിൽഖ. പഞ്ചാബിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ദീപംകൊളുത്താൻ വിശിഷ്ടാതിഥിയായി അദ്ദേഹം ക്ഷണിക്കപ്പെട്ടു. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഉൾപ്പെടെയുള്ളവർ നോക്കിനിൽക്കെ ഗെയിംസ് ദീപം കൊളുത്താൻ ശ്രമിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് തീനാളങ്ങൾ പാറുന്നത് വ്യക്തമായ കാണുന്നുണ്ടായിരുന്നു. ഉദ്ഘടന ചടങ്ങിന്റെ പൊലിമക്കിടയിൽ ആരുമത് വലിയ കാര്യമാക്കിയില്ല. എന്നാൽ മിൽഖയുടെ പ്രതികരണം മറിച്ചായിരുന്നു. ദീപം കൊളുത്തുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം രോഷത്തോടെ തന്നെ പറഞ്ഞു, തീ പാറി എന്റെ താടി കത്തിയേനേ. ആദരിക്കാനല്ല. അപമാനിക്കാനാണിവർ എന്നെ ഇവിടെ കൊണ്ടു വന്നത്. രണ്ടുവർഷത്തിനു ശേഷം മാതൃഭൂമി സ്പോർട്സ് മാസികയുടെ മികച്ച കായിക താരത്തിനുള്ള അവാർഡ് അഞ്ജു ബി ജോർജിന് സമ്മാനിക്കാൻ മാതൃഭൂമിയുടെ ക്ഷണം സ്വീകരിച്ച് നിർമൽ കൗറിനൊപ്പം മിൽഖ കേരളത്തിൽ വന്നു. അഞ്ജുവിന്റെ ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബിയുടെ നാടായ പേരാവൂരിലായിരുന്നു ചടങ്ങ്. കോഴിക്കോട്ടേയും പേരാവൂരിലേയും സ്വീകരണവും നാട്ടുകാർ നൽകിയ സ്നേഹവും മിൽഖയെ ഏറെ സന്തോഷിപ്പിച്ചു. തിരിച്ചു പോകുംമുമ്പ് ഔപചാരികതയുടെ ഭാഗമായി അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചകളൊന്നും ഉണ്ടായില്ലല്ലോ? അദ്ദേഹത്തിന്റെ മറുപടി ഇങ്ങന: ഇനിയൊരു ജൻമമുണ്ടെങ്കിൽ എനിക്ക് കേരളത്തിൽ ജനിച്ചാൽ മതി. അത്രയ്ക്ക് ഭംഗിയുള്ള നാടാണിത്. നിങ്ങൾ മലയാളികൾ സ്നേഹമുള്ളവരാണ്. ഇത് പറക്കും സിഖ് നൽകുന്ന സർട്ടിഫിക്കറ്റാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3gL9KeN
via
IFTTT