മറയൂർ(കോട്ടയം): ആലുവ രാജഗിരി ആശുപത്രി, റൂം നമ്പർ 428, കിടക്കയിൽ വെറുതേ ചിരിച്ചുകൊണ്ടിരിക്കുന്ന സിവിൽ പോലീസ് ഓഫീസർ അജീഷ് പോളിന് ഓർമ പൂർണമായി തിരിച്ചുകിട്ടിയിട്ടില്ല. 'എന്തോ ഉണ്ട്, കഴിച്ചോ.....' കാണാനെത്തുന്നവരോട് അവ്യക്തമായി ഇത്രയൊക്കെ ചോദിക്കുന്നു. തുടർച്ചകിട്ടാതെ വാക്കുകൾ കുഴയുന്നു... മാസ്കിടാത്തത് ചോദ്യംചെയ്തതിന് തലയ്ക്ക് കല്ലുകൊണ്ട് ഇടിയേറ്റതിനെത്തുടർന്ന് മറയൂരിൽനിന്ന് ജൂൺ ഒന്നിന് ആശുപത്രിയിലെത്തിച്ചതാണ് അജീഷിനെ. ഐ.സി.യു.വിൽനിന്ന് റൂമിലെത്തിയപ്പോൾ മൂത്തസഹോദരന്റെ സഹായത്തിൽ വീഡിയോകോളിൽ മറയൂർ പോലീസ്സ്റ്റേഷനിലെ സഹപ്രവർത്തകരോട് അജീഷ് സംസാരിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആരെയും വ്യക്തമായി മനസ്സിലാക്കാനോ മിണ്ടാനോ അന്ന് കഴിഞ്ഞിരുന്നില്ല. എന്താണെന്നോ എവിടെയാണെന്നോ മനസ്സിലാകാത്ത ആ അവസ്ഥയിൽനിന്ന് ഇപ്പോൾ കുറച്ചൊക്കെ മാറ്റമുണ്ട്. 'കുറച്ചൊക്കെ മനസ്സിലാകുന്നതുപോലെ തോന്നും. ഫിസിയോതെറാപ്പിസമയത്ത്, ഡോക്ടർമാർ 30 മീറററോളം നടത്തുന്നു. വലതുെെക ഉയർത്താൻ പറ്റുന്നുണ്ട്. എന്നാലും തനിയെ നടക്കാനാകുന്നില്ല. സഹായം വേണം. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. രാത്രിയിൽ ഉറക്കം ഒരുമണിക്കൂർമാത്രം...'-ഒപ്പമുള്ള മൂത്തസഹോദരൻ സജീവ് പറഞ്ഞു. അജീഷ് പോളിന്റെ ഇടതുചെവിയുടെ മേൽഭാഗമാണ് കല്ലിനിടിച്ചുപൊട്ടിച്ചത്. സംസാരിക്കാനുള്ള കഴിവും ചലനശേഷിയും നിയന്ത്രിക്കുന്നയിടമാണിത്. ഇനിയും ശസ്ത്രക്രിയകൾ വേണം. അച്ഛൻ പോൾ വർഗീസും അമ്മ അച്ചാമ്മയും പ്രാർഥനയിലാണ്; മകന്റെ ശരീരത്തിന് തളർച്ച വരാതിരിക്കാൻ, ചലനശേഷി പൂർണമായി വീണ്ടുകിട്ടാൻ. ഞെട്ടലിലാണ് പോലീസ് ജോലിയോട് നൂറുശതമാനവും ആത്മാർഥത പുലർത്തിയിരുന്ന അജീഷിനിങ്ങനെ പറ്റിയതിന്റെ ഞെട്ടലിലാണ് പോലീസുകാർ. 'വരും ഉറപ്പായും, കാക്കിയണിയും... കോവിഡ് മുന്നണിപ്പോരാട്ടത്തിനിടെ കരിങ്കല്ലുകൊണ്ട് കുത്തിത്തകർത്തത് താങ്കളുടെ തലയോട്ടിമാത്രമല്ല; കേരളത്തിന്റെ മനസ്സാക്ഷിയെ അപ്പാടെയാണ്. താങ്കളുടെ മുറിവ് ഞങ്ങളുടെ ഹൃദയത്തിലാണ്...' സമൂഹമാധ്യമങ്ങളിൽ നിറയുന്ന വീഡിയോകളിലെ തലവാചകങ്ങളാണിവ. അജീഷിനെ രക്ഷിക്കാൻ ശ്രമിക്കവേ പരിക്കേറ്റ മറയൂർ സി.ഐ. ജി.എസ്.രതീഷിന്റെ അവസ്ഥയും കഷ്ടമാണ്. കല്ലേറുകൊണ്ട ഇദ്ദേഹത്തിന്റെ തലയിൽ അഞ്ച് കുത്തിക്കെട്ടുണ്ട്. വീഴ്ചയിൽ ഇടതുതോളിന് സ്ഥാനഭ്രംശമുണ്ടായി. വശംതിരിഞ്ഞുകിടക്കാനാകുന്നില്ല. തിരുവനന്തപുരത്തെ വീട്ടിൽ കിടക്കയിൽ വേദന കടിച്ചമർത്തി ഒന്നുതിരിയാൻപോലുമാകാത്ത നിലയിലാണ് രതീഷ്. കൈവിടില്ല ഞങ്ങൾ കേരള പോലീസ് ഓഫീസേഴ്സ് അസോ. ജനറൽ സെക്രട്ടറി സി.ആർ.ബിജു പറഞ്ഞത് ഇരുവരെയും കൈവിടില്ലെന്നാണ്. പോലീസ് ജീവിതത്തിലേക്ക് അജീഷിനെ തിരികെ കൊണ്ടുവരുമെന്ന് കേരള പോലീസ് അസോ. ജനറൽ സെക്രട്ടറി കെ.പി.പ്രവീണും പറഞ്ഞു. ചികിത്സച്ചെലവ് സർക്കാരാണ് വഹിക്കുന്നത്. പോലീസ് വെൽഫെയർ ബോർഡിൽനിന്ന് മൂന്നുലക്ഷം രൂപയും നൽകി. 69,000 രൂപയോളം പോലീസുദ്യോഗസ്ഥരും നൽകി. കാന്തല്ലൂർ കോവിൽക്കടവിൽ, അജീഷിനെയും സി.ഐ. ജി.എസ്.രതീഷിനെയും ആക്രമിച്ച സുലൈമാൻ റിമാൻഡിലാണ്. മനുഷ്യരാണെന്ന പരിഗണനയെങ്കിലും... നാടിന്റെ സുരക്ഷിതത്വത്തിനായി ഈ കോവിഡ്കാലത്ത് ഏറെ കഷ്ടതകൾ അനുഭവിച്ച് ജോലിയെടുക്കുന്നവരാണ് നിയമപാലകരും ആരോഗ്യപ്രവർത്തകരും. അതിനിടയിലാണ് ഇത്തരം ശാരീരികാക്രമണങ്ങളും നേരിടേണ്ടിവരുന്നത്. സമൂഹത്തിനായി ചെയ്യുന്ന ത്യാഗങ്ങൾക്ക് നന്ദി പറഞ്ഞില്ലെങ്കിലും, മനുഷ്യരാണെന്ന പരിഗണനയെങ്കിലും നൽകണമെന്നാണ് ഇവരുടെ അഭ്യർഥന.
from mathrubhumi.latestnews.rssfeed https://ift.tt/3xqBkoo
via
IFTTT