എലി കരണ്ടതോടെ പാഴ്സലിൽ മദ്യം ആണെന്നറിഞ്ഞു കൊച്ചി : ലോക്ഡൗൺ കാലയളവിലെ മദ്യക്ഷാമം പരിഹരിക്കാൻ സുഹൃത്തിന് ബെംഗളൂരുവിൽ നിന്ന് തപാൽ മാർഗം അയച്ചുകൊടുത്ത മദ്യക്കുപ്പികൾ കിട്ടിയത് എക്സൈസ് സംഘത്തിന്റെ കൈയിൽ. പണി കിട്ടാൻ കാരണമായത് മദ്യം അയച്ചു കൊടുത്തയാളുടെ ആത്മാർഥതയും..! മദ്യത്തോടൊപ്പം ‘ടച്ചിങ്സായി’ അൽപ്പം മിക്സ്ചറും അയച്ചതോടെയാണ് സംഗതി പുറത്തറിഞ്ഞത്. മിക്സ്ചർ ഉണ്ടായിരുന്നതിനാൽ പാഴ്സൽ എലി കരണ്ടു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലെത്തിയ പാഴ്സലിൽ മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതർ വിവരം എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ടി.എ. അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് എറണാകുളം അസി. എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. രാംപ്രസാദിന്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പാഴ്സൽ കസ്റ്റഡിയിലെടുത്തു. എന്തായാലും പാഴ്സലിൽ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോൺ നമ്പറും എല്ലാം വ്യക്തമാക്കിയതിനാൽ ഇനിയങ്ങോട്ട് എക്സൈസിനു കാര്യങ്ങൾ എളുപ്പമാകും.ലോക്‌ഡൗണിൽ കർണാടക മദ്യം കേരളത്തിലേക്ക് പല രീതികളിൽ കടത്തുകാർ എത്തിക്കുന്നുണ്ട്. പലപ്പോഴും ഇതു അധികൃതർ പിടുകൂടുന്നുമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധനയിലാണ് ഇവ പിടികൂടാറുള്ളത്. എന്നാൽ ഈ തവണ രഹസ്യം പരസ്യമാക്കിയത് എലിയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3gqVvgs
via
IFTTT