Breaking

Thursday, June 17, 2021

കൊല്ലം ബൈപ്പാസിലെ ടോള്‍ പിരിവ്: പ്രതിഷേധവുമായി യുവജന സംഘടനകള്‍,സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ

കൊല്ലം: ബെപ്പാസിലെ ടോൾ പിരിവിനെ ചൊല്ലി വൻ പ്രതിഷേധം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ടോൾ പിരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ യുവജനസംഘടനകളായ ഡി.വൈ.എഫ്.ഐ.യും എ.ഐ.വൈ.എഫും പ്രതിഷേധവുമായി ടോൾ ബൂത്ത് പരിസരത്തെത്തി. പ്രതിഷേധം കനത്തതോടെ പോലീസും യുവജനസംഘടനാ പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.എസിപിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ടോൾ പിരിക്കുന്നത് ആരംഭിക്കാനായി കമ്പനി അധികൃതർ പൂജാനടപടികളുമായി മുന്നോട്ട് പോവുന്നതിനിടെ പ്രതിഷേധക്കാർ ഇത് തടയാൻ ശ്രമിച്ചു. ടോൾപ്ലാസയുടെ ചില്ല് തകർക്കാനും ശ്രമമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിക്കാനായില്ല. ഏറെ നേരം സംഘർഷാവസ്ഥയിലായിരുന്നു ടോൾ ബൂത്ത് പരിസരം. മൂന്നാം തവണയാണ് കൊല്ലം ബൈപ്പാസിൽ ടോൾ പിരിക്കാൻ കരാർ ഏറ്റെടുത്ത കമ്പനി ശ്രമിക്കുന്നത്. മുൻപ് രണ്ടുതവണ ടോൾ പിരിവ് ആരംഭിക്കാൻ ശ്രമിച്ചെങ്കിലും കോൺഗ്രസിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു. പിന്നീട് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയിൽ ലോക്ഡൗൺ മാറുംവരെ പിരിവ് നിർത്തിവെക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം ടോൾ കമ്പനിയായ എ.കെ.ഗ്രൂപ്പ് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തിയിരുന്നു. കോടതിയും അനുമതി നൽകിയതോടെയാണ് ടോൾ പിരിക്കാനുള്ള നടപടികൾ പിരിവിനുള്ള കരാർ ഏറ്റെടുത്ത എ.കെ.ഗ്രൂപ്പ് ആരംഭിച്ചത്. അഞ്ച് കി.മീ ചുറ്റളവിലുള്ളവർക്ക് സൗജന്യ പാസ് നൽകാനും 20 കി.മീ പരിധിയിലുള്ളവർക്ക് മാസം 280 രൂപ പിരിക്കാനും മറ്റുള്ളവർക്ക് സാധാരണ നിലയിലും ടോൾ പിരിക്കാനുമായിരുന്നു തീരുമാനം. Content Highlights:DYFI, AIYF Protest in Kollam Bypass over Toll charging


from mathrubhumi.latestnews.rssfeed https://ift.tt/3cMPjNI
via IFTTT