Breaking

Sunday, May 30, 2021

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി ക്യാരി സിമണ്ട്‌സും വിവാഹിതരായി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും ക്യാരി സിമണ്ട്സും ശനിയാഴ്ച വിവാഹിതരായി. വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ രഹസ്യമായാണ് വിവാഹച്ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. അവസാനനിമിഷമാണ് അതിഥികളെ ക്ഷണിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിർന്ന അംഗങ്ങൾക്ക് പോലും വിവാഹത്തെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്നും ദ സൺ, മെയിൽ എന്നിവ റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ മുപ്പത് പേർക്ക് മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. പ്രാദേശികസമയം ഉച്ചയ്ക്ക് ഒന്നര മണിയോടെ കത്തീഡ്രൽ അടച്ചതായും അര മണിക്കൂറിന് ശേഷം ക്യാരി സിമണ്ട്സ് അവിടെ എത്തിച്ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു. വെള്ള നിറത്തിലെ ഗൗൺ ധരിച്ചിരുന്നെങ്കിലും അവർ ശിരോവസ്ത്രം ധരിച്ചിരുന്നില്ല. 2022 ജൂലായിലായിരിക്കും ഇവരുടെ വിവാഹമെന്നും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ക്ഷണക്കത്ത് അയച്ചതായും ഈ മാസം ആദ്യം ദ സൺ റിപ്പോർട്ട് ചെയ്തിരുന്നു. 56 കാരനായ ബോറിസ് ജോൺസണും 33 കാരിയായ ക്യാരിയും ജോൺസൺ 2019-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റിൽ ഒരുമിച്ച് കഴിഞ്ഞു വരികയായിരുന്നു. തങ്ങൾക്ക് കുഞ്ഞ് പിറക്കാൻ പോവുകയാണെന്നും വിവാഹനിശ്ചയം കഴിഞ്ഞതായും കഴിഞ്ഞ കൊല്ലം ഇരുവരും അറിയിച്ചിരുന്നു. 2020 ഏപ്രിലിൽ ഇവർക്ക് ആൺകുട്ടി പിറന്നു. സങ്കീർണമായ സ്വകാര്യ ജീവിതത്തെ തുടർന്ന് ബോങ്കിങ് ജോൺസൺ എന്ന അപരനാമവും ബോറിസ് ജോൺസന് ചാർത്തിക്കിട്ടിയിരുന്നു. സ്വന്തം പാർട്ടിയായ കൺസർവേറ്റീവ് പാർട്ടി തന്നെ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ബോറിസ് ജോൺസന്റെ രഹസ്യം ഒരു തവണ തുറന്നുകാട്ടി. രണ്ട് തവണ വിവാഹമോചിതനായ ജോൺസൺ ഇക്കാര്യങ്ങളിൽ ഒന്നും ഇതുവരെ വിശദീകരണത്തിന് തയ്യാറായിട്ടില്ല. Content Highlights: UK PM Boris Johnson Marries Carrie Symonds In Secret Ceremony


from mathrubhumi.latestnews.rssfeed https://ift.tt/2RUtK6t
via IFTTT