Breaking

Sunday, May 30, 2021

‘ഒന്നുനടന്നാലോ, കാസർകോടുമുതൽ കന്യാകുമാരിവരെ’; പോക്കറ്റിൽ കാശില്ലാതെ ഒരു യാത്രയിങ്ങനെ

കോട്ടയം: യാത്രചെയ്യാൻ കൈയിൽ കാശ് വേണോ? സാധാരണനിലയിൽ വേണം. എന്നാൽ ഇത് ഒരു 'സീറോ ബാലൻസ് യാത്രക്കാരുടെ' കഥയാണ്. ഒരു രൂപപോലും കൈയിലില്ലാതെ യാത്രചെയ്യുകയെന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് അശ്വിൻ പ്രസാദും മുഹമ്മദ് റംഷാദും. ഇരുവരും കാഞ്ഞങ്ങാട് സ്വദേശികൾ. കാസർകോടുനിന്ന് കന്യാകുമാരിയിലേക്ക് നടക്കുകയാണ് ഇവർ. കൈയിൽ ഒരു രൂപപോലുമില്ലാതെ. യാത്രയെന്ന ഭ്രാന്ത് തലയ്ക്കുപിടിച്ചപ്പോഴാണ് ഈ നടപ്പിന് തുടക്കംകുറിച്ചത്. കന്യാകുമാരിവരെ ബൈക്കിൽ പോകാനായിരുന്നു ഇവരുടെ ആദ്യതീരുമാനം. എന്നാൽ ആവശ്യത്തിന് പണം സംഘടിപ്പിക്കാനായില്ല. അതോടെയാണ് യാത്ര 'നടപ്പാ'ക്കാമെന്ന് തീരുമാനിക്കുന്നത്. അതൊരു ചലഞ്ചായി ഇവർ ഏറ്റെടുത്തു. കൈയിൽ കാശില്ലെങ്കിലും യാത്രചെയ്യാമെന്നുകാണിക്കുക. അതാണ് ലക്ഷ്യം. അങ്ങനെ മാർച്ച് 26-ന് നടപ്പുതുടങ്ങി. തോളിൽ ബാഗുണ്ട്. ബാഗിന്റെ പുറത്ത് how to travel without money; from kasargod to kanyakumari എന്നെഴുതിയ പേപ്പർ ഒട്ടിച്ചിട്ടുണ്ട്. 'നടക്കുന്ന വഴിയിൽ ഇതു കാണുന്നവരെല്ലാം കാര്യം തിരക്കും. ചിലരൊക്കെ കഴിക്കാൻ വാങ്ങിത്തരും. ഭക്ഷണം വഴിയിലുള്ള ഏതെങ്കിലും ഹോട്ടലിൽനിന്ന് കഴിക്കും. ഹോട്ടലുകാരോട് കാര്യം പറയുമ്പോൾ അവർ തരാൻ തയ്യാറാകും'- കാശില്ലായാത്രയുടെ ഹരം വ്യക്തമാക്കുകയാണ് അശ്വിനും മുഹമ്മദും. യാത്ര തുടരവേയാണ് ലോക്ഡൗൺ പണി കൊടുത്തത്. അതോടെ നടപ്പ് മുടങ്ങി. കൊച്ചിയിൽ അശ്വിന്റെ സഹോദരിയുടെ വീട്ടിലും കൂട്ടുകാരുടെ വീട്ടിലുമൊക്കെയായി 20 ദിവസം തങ്ങി. മേയ് 22-നാണ് വീണ്ടും യാത്ര തുടങ്ങിയത്. ഒരു ദിവസം 25 കിലോമീറ്റർ നടക്കാൻ പറ്റുന്നുണ്ടെന്ന് ഇവർ പറയുന്നു. രണ്ട് ടീ ഷർട്ടും രണ്ട് ഷോർട്സും ബാഗിൽ കരുതിയിട്ടുണ്ട്. കൂടാതെ ഒരു ടെന്റും. രാത്രിയിൽ പെട്രോൾപമ്പിലാണ് അധികവും ടെന്റ് കെട്ടി കിടന്നുറങ്ങുന്നത്. അതല്ലെങ്കിൽ കൂട്ടുകാരെ വിളിച്ച് അറേഞ്ച് ചെയ്യും. ഇതുവരെ മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്ന് ഇവർ പറഞ്ഞു. ഇരുവരും ചുള്ളിക്കര ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികളായിരുന്നു. 'പോലീസുകാർ മിക്കയിടത്തും വഴി തടയും. ലോക്ഡൗൺ സമയത്ത് ഇങ്ങനെയൊക്കെ പോകണോയെന്നാണ് ചോദ്യം. കാര്യം പറയുമ്പോൾ കടത്തിവിടും'- അവർ പറഞ്ഞു. ലോക്ഡൗൺ വന്നതോടെ യാത്ര ശരിക്ക് ആസ്വദിക്കാനായില്ലെന്നതാണ് ഇവരുടെ സങ്കടം. കന്യാകുമാരിയിൽനിന്ന് തിരിച്ചുള്ള യാത്ര നടപ്പ് ഒഴിവാക്കാനാണ് ഇവരുടെ തീരുമാനം. അതിനും വഴി വേറെ കണ്ടിട്ടുണ്ട്. ലോറിയുൾപ്പെടെയുള്ള വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് തിരിച്ചുവരും.


from mathrubhumi.latestnews.rssfeed https://ift.tt/3i7PoyL
via IFTTT