Breaking

Friday, May 28, 2021

കുഴൽപ്പണക്കേസ് അന്വേഷണം ഉന്നത നേതാക്കളിലേക്ക്; ബി.ജെ.പി. ആശങ്കയിൽ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ, തൃശ്ശൂർ കൊടകരയിലെ കുഴൽപ്പണക്കേസും ബി.ജെ.പി.യെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. അന്വേഷണം ഉന്നത നേതാക്കളിലേക്ക് എത്തുമെന്നാണ് നിലവിലെ അവസ്ഥ. കേസുമായി ബന്ധമില്ലെന്നു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയർന്ന നേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതാണ് പാർട്ടിയെ ആശങ്കയിലാക്കുന്നത്.ഡി.ഐ.ജി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം ഉയർന്ന നേതാക്കളെ ചോദ്യംചെയ്യുന്നതിലെത്തി നിൽക്കുകയാണ്. തങ്ങളുടെ പ്രതിനിധികൂടിയായ സംഘടനാ സെക്രട്ടറിയെ ചോദ്യംചെയ്യാനുള്ള നീക്കം ആർ.എസ്.എസിനെയും അസ്വസ്ഥമാക്കുന്നു.ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കടത്തിക്കൊണ്ടുവന്ന പണമാണ് കൊടകരയിൽ തട്ടിയെടുത്തതെന്നായിരുന്നു തുടക്കംതൊട്ടേ സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയുമൊക്കെ ആരോപണം. പ്രചാരണത്തിന് സാമ്പത്തിക ഇടപാടെല്ലാം സുതാര്യവും ഡിജിറ്റൽവഴിയുമാണെന്ന്‌ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. പരാജയത്തിന്റെ പേരിൽ സുരേന്ദ്രൻ അധ്യക്ഷനായുള്ള നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നു ബി.ജെ.പി.യിലെ ഒരുവിഭാഗം രഹസ്യമായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള വിഭാഗമാകട്ടെ പരസ്യമായി ഈ ആവശ്യം ഉയർത്തിയിട്ടില്ലെങ്കിലും പാർട്ടിക്കുള്ളിൽ അസ്വസ്ഥത വളരുകയാണ്.തിരഞ്ഞെടുപ്പിൽ ബംഗാളിലെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടി, കോവിഡ് പ്രതിരോധത്തിലുയർന്ന ആരോപണം, ലക്ഷദ്വീപിലെ പ്രതിസന്ധി തുടങ്ങിയ കാര്യങ്ങളിലാണ് ദേശീയഘടകത്തിന്റെ ശ്രദ്ധ. ഇതിനിടെ കേരളത്തിലെ പാർട്ടിയുടെ കാര്യം കേന്ദ്രഘടകത്തിന്റെ അവസാനത്തെ പരിഗണനയിലേ വരൂ. അതിനാൽത്തന്നെ അടിയന്തര ഇടപെടൽ ഉണ്ടാകില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3wJUTId
via IFTTT