വൈക്കം: ആറുദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മൂന്നുപേർ മരിച്ചത് കുടുംബാംഗങ്ങൾക്ക് താങ്ങാനാവാത്ത നൊമ്പരമായി. വൈക്കം നഗരസഭ 17-ാം വാർഡിൽ മൂകാംബികച്ചിറ കുടുംബത്തിനാണ് ഈ ദുര്യോഗം. രണ്ട് സഹോദരങ്ങളെയും അവരിലൊരാളുടെ ഭാര്യയെയുമാണ് കുടുംബത്തിന് നഷ്ടമായത്. മൂകാംബികച്ചിറയിൽ ബാലകൃഷ്ണൻ (തമ്പി-64) ആറുദിവസം മുമ്പാണ് മരിച്ചത്. അന്ന് വൈകീട്ട് സഹോദരൻ ബാബു (66)വും മരിച്ചു. ഈ വേർപാടിൽ മക്കളും കുടുംബാംഗങ്ങളും മനംനൊന്ത് കഴിയുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ ബാബുവിന്റെ ഭാര്യ നിർമല (61) മരിച്ചത്. ഉറ്റവരുടെ വേർപാട് നൊമ്പരമാവുമ്പോൾ അന്ത്യകർമം നടത്താൻപോലും കഴിയാത്ത സാഹചര്യവും ആയിരുന്നു. ബാലകൃഷ്ണനും ബാബുവും പെയിന്റിങ് തൊഴിലാളികളായിരുന്നു. നിർമല തൊഴിലുറപ്പുപണികൾ ചെയ്തിരുന്നു. അന്നന്ന് തൊഴിലെടുത്താണ് ഇവർ കുടുംബം പോറ്റിയിരുന്നത്. മൂന്നുപേരുടെയും ശവസംസ്കാരം വൈക്കം നഗരസഭാ ശ്മശാനത്തിൽ നടത്തി. ബാലകൃഷ്ണന്റെ ഭാര്യ മീര. മകൻ വിഷ്ണു. ബാബുവിന്റെയും നിർമലയുടെയും മക്കൾ: രതീഷ്, രമ്യ. മരുമകൻ: സ്മീതിഷ് (കേരള പോലീസ്).
from mathrubhumi.latestnews.rssfeed https://ift.tt/3vApVlq
via
IFTTT