Breaking

Saturday, May 29, 2021

കേന്ദ്രവും ബംഗാളും വീണ്ടും പോരിൽ; മമതയ്ക്കൊപ്പം പോയ ചീഫ് സെക്രട്ടറിയെ കേന്ദ്രം ​തിരിച്ചുവിളിച്ചു

കൊൽക്കത്ത: യാസ് ചുഴലിക്കാറ്റ് നാശംവിതച്ച പശ്ചിമബംഗാളിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച അവലോകനയോഗത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മമതാ ബാനർജി മടങ്ങിയതിനു പിന്നാലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പോരുതുടങ്ങി. പ്രധാനമന്ത്രിക്കൊപ്പം കഷ്ടിച്ച് 15 മിനിറ്റ് മാത്രം ചെലവഴിച്ച മമത അദ്ദേഹത്തിന് നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് നൽകിയശേഷം യാസ് ബാധിതപ്രദേശമായ ദിഗയിലേക്കുപോയി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും അവരെ അനുഗമിച്ചു. പ്രധാനമന്ത്രി യോഗത്തിനെത്തി അരമണിക്കൂറോളം കഴിഞ്ഞാണ് മമതയെത്തിയതെന്നും ആരോപണമുണ്ട്. ഗവർണർ ജഗദീപ് ധൻഖറും ജലവിഭവ മന്ത്രിയും പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുമടക്കമുള്ളവർ മാത്രമാണ് അവലോകനയോഗത്തിൽ അവശേഷിച്ചത്. രാത്രിയോടെ ചീഫ് െസക്രട്ടറി ആലോപൻ ബന്ദോപാധ്യായയെ കേന്ദ്രസർവീസിലേക്ക് തിരിച്ചയക്കാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. ഇതോടെ, വീണ്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പോര് ഉടലെടുത്തു. അടുത്തിടെ, കോവിഡ് അവലോകനയോഗത്തിൽ മുഖ്യമന്ത്രിമാരെ സംസാരിക്കാൻ അനുവദിക്കാതെ മോദി അപമാനിച്ചതായി മമത ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനാധിപത്യമര്യാദകൾക്ക് നിരക്കാത്തതാണെന്ന് ഗവർണറും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയും ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി. എന്നാൽ, ദിഗയിലെ തന്റെ സന്ദർശനം മുൻകൂട്ടി തീരുമാനിച്ചതാണെന്നും പ്രധാനമന്ത്രിയുടെ അനുമതിവാങ്ങിയാണ് താൻ പോയതെന്നും മമത പിന്നീട് വിശദീകരിച്ചു. ഏപ്രിലിൽനടന്ന നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3uqKLlW
via IFTTT