Breaking

Monday, May 31, 2021

വീട്ടുവേലക്കാരന് സ്ഥാനം മാതാപിതാക്കൾക്കൊപ്പം; കളപ്പുരയ്ക്കൽ കുടുംബത്തിന്റെ സ്നേഹസമ്മാനം

ചെറുപുഴ: കോവിഡ് ബാധിച്ച് മരിച്ച വീട്ടുജോലിക്കാരന്റെ മൃതദേഹം മാതാപിതാക്കളെ അടക്കിയ കല്ലറയിൽ സംസ്കരിച്ച് ഒരു കുടുംബം. കഴിഞ്ഞദിവസം കോഴിക്കോട് ആസ്പത്രിയിൽ മരിച്ച ദേവസ്യയുടെ (71) മൃതദേഹമാണ് പുളിങ്ങോം രാജഗിരി സെയ്ന്റ് അഗസ്റ്റ്യൻ പള്ളിയിലെ കളപ്പുരയ്ക്കൽ കുടുംബത്തിന്റെ കല്ലറയിൽ നടത്തിയത്. പരേതരായ കളപ്പുരയ്ക്കൽ മൈക്കിളിന്റെയും ഭാര്യ ത്രേസ്യാമ്മയെയും അടക്കം ചെയ്തിരിക്കുന്നത് ഈ കല്ലറയിലാണ്. ഇവരുടെ 10 മക്കളും ചേർന്നാണ് തങ്ങളുടെ കുടുംബാംഗം പോലെയായിരുന്ന ദേവസ്യയെ ഇതേ കല്ലറയിൽ സംസ്കരിക്കാൻ തീരുമാനിച്ചത്.  ദേവസ്യ നടുവിൽ സ്വദേശിയായ ദേവസ്യ നന്നെ ചെറുപ്പത്തിൽ ഇവരുടെ വീട്ടിൽ ജോലിക്ക് വന്നതായിരുന്നു. വീട്ടുകാരുടെ പ്രിയപ്പെട്ടവനായ ദേവസ്യ ക്രമേണ നാട്ടുകാർക്കും വീട്ടുകാർക്കും ദേവസ്യാപ്പിയായി. ഏഴുകൊല്ലംമുമ്പ് ത്രേസ്യാമ്മ മരിച്ചശേഷം മൈക്കിളും ദേവസ്യയും മാത്രമായി. രണ്ടുകൊല്ലം മുമ്പ് മൈക്കിളും മരിച്ചതോടെ ദേവസ്യ തനിച്ചായി. ദേവസ്യയെ നന്നായി നോക്കണമെന്ന് മൈക്കിൾ മരണവേളയിൽ മക്കളെ പറഞ്ഞേൽപ്പിച്ചിരുന്നു. അവിവാഹിതനായ ദേവസ്യ മൈക്കിളിന്റെ കാലശേഷം കുറച്ചുകാലം ഈ വീട്ടിൽ താമസിച്ചു. തനിച്ച് താമസം ബുദ്ധിമുട്ടായപ്പോൾ താബോറിലെ സ്നേഹഭവനിലേക്ക് മാറ്റി. പിന്നീട് കരുവൻചാലിലെ അഗതിമന്ദിരത്തിൽ പ്രത്യേകം മുറിതന്നെ ഒരുക്കി കുടുംബം സംരക്ഷിച്ചു. മാസംതോറും 10,000 രൂപയും നൽകിയിരുന്നു. പലവിധ രോഗങ്ങൾ അലട്ടിയപ്പോൾ കണ്ണൂർ തണൽ സ്നേഹവിട്ടീലേക്ക് മാറ്റി. കോവിഡ് ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞദിവസം മരിച്ചു. കുടുംബക്കല്ലറയിൽ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സംസ്കരിക്കാൻ മക്കളായ ജോണി, മേഴ്സി, സോഫിയ, പൊന്നമ്മ, ഡെയ്സി, രാരിച്ചൻ, ഷാജി, ബെനോച്ചൻ, ബിനോളി, മിനിമോൾ എന്നിവർ ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. ക്രിസ്ത്യൻ രീതി പ്രകാരം മാതാപിതാക്കളെയും മക്കളെയും ഒരു കല്ലറയിൽ അടക്കുമെങ്കിലും മറ്റുള്ളവരെ അടക്കാറില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3wNmVSP
via IFTTT