Breaking

Saturday, May 29, 2021

ജോഷ്വയ്ക്ക് പറക്കണം, സജിയുടെ ആഗ്രഹങ്ങൾക്കുമുയരെ

തൊടുപുഴ: സ്വന്തമായി നിർമിച്ച സജിയുടെ വിമാനം ആകാശത്തേക്ക് പറന്നുയരുമ്പോൾ മകൻ ജോഷ്വായ്ക്ക് 12 വയസ്സ് മാത്രമായിരുന്നു പ്രായം. വിമാന നിർമാണത്തിൽ അന്നേ പിതാവിനെ സഹായിച്ചിരുന്ന ആ കൊച്ചുമനസ്സിൽ ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതിലും ഉയരെ പറക്കുന്ന വിമാനങ്ങൾ ഉണ്ടാക്കണം. കോക്പിറ്റിലിരുന്ന് വലിയ യന്ത്രപക്ഷികളെ ആകാശം മുട്ടിക്കണം. ഏഴുവർഷം പിന്നിടുമ്പോൾ 19-കാരനായ ജോഷ്വ ഇന്ന് ആ സ്വപ്നത്തിന്റെ തേരിലേറിപറക്കുകയാണ്. ഡ്രോണുകൾ നിർമിച്ച് ആകാശംതൊട്ട ജോഷ്വയുടെ സ്വപ്നങ്ങൾ ഇന്ന് പൈലറ്റില്ലാതെ താഴെനിന്ന് നിയന്ത്രിക്കാൻ കഴിയുന്ന ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും നിർമിക്കുന്നതിലെത്തിക്കഴിഞ്ഞു. വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്ന ഡ്രോണുകൾക്കായി ഇന്ന് ആവശ്യക്കാരും ഈ കൊച്ചുമിടുക്കനെ തേടിയെത്തുന്നുണ്ട്. ജോഷ്വയുടെ പിതാവായ, സംസാരശേഷിയും കേൾവിയുംമില്ലാതിരുന്നിട്ടും സ്വന്തമായി വിമാനമുണ്ടാക്കി പറത്തിയ തട്ടക്കുഴ സ്വദേശി സജി തോമസിനെ എല്ലാവരുമറിയും. സജിയുടെ ജീവിതത്തെ ആസ്പദമാക്കി വിമാനം, എബി തുടങ്ങിയ ചലച്ചിത്രങ്ങളും വെള്ളിത്തിരയിലെത്തി. തന്റെ സ്വപ്നങ്ങളെ കൂടുതൽ ഉയരത്തിൽ പറത്താൻ അനുമതിക്കായി ശ്രമിച്ചെങ്കിലും സജിയുടെ ആഗ്രഹം സാധ്യമായില്ല. എങ്കിലും പറക്കമുറ്റാറായപ്പോൾ തന്നെ വിമാനനിർമാണത്തിൽ സഹായിയായെത്തിയ മകനെ ആ പിതാവ് വലിയ സ്വപ്നംകാണാൻ പഠിപ്പിച്ചു. യന്ത്രങ്ങളെ ചിറകുവിടർത്തി മുകളിലേക്ക് പറത്തുന്നതിന്റെ രസതന്ത്രവും കാട്ടിക്കൊടുത്തു. ഇതിനൊപ്പം ഇന്റർനെറ്റിൽനിന്നു സ്വന്തം വഴികളിലൂടെയുമെല്ലാം പഠിച്ച വിവരങ്ങളും കൂട്ടിച്ചേർത്ത് ജോഷ്വ തന്റെ 16-ാം വയസ്സിൽ ആദ്യമായി ഡ്രോണുണ്ടാക്കി പറത്തി. പിന്നെ വിമാനങ്ങളുടെയും ഹെലികോപ്റ്ററിന്റെയുമെല്ലാം ചെറുരൂപങ്ങൾക്ക് പിന്നാലെയായി യാത്ര. റിമോർട്ട് കൺട്രോളിൽ നിയന്ത്രിക്കുന്ന എൻജിൻ സംവിധാനമുള്ളതടക്കം രണ്ടു ഡസൻ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും വീട്ടിലെ കുഞ്ഞുമുറി വർക്ക്ഷോപ്പിൽ പിറന്നു. ജോഷ്വയുടെ യൂട്യൂബ് ചാനലിലൂടെ ഇത് ലോകമറിഞ്ഞതോടെ കോളേജുകളിൽ വർക്ക്ഷോപ്പുകളും മിനി എയർഷോകളും നടത്താൻ ക്ഷണിതാവായി വിളിച്ചു. സ്വന്തമായി രൂപകൽപ്പന ചെയ്ത് ചെറുവിമാനങ്ങളും ഡ്രോണുകളും വിദ്യാർഥികളടക്കമുള്ളവർക്ക് നിർമിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളിൽ മരുന്നുതളിക്കാൻ കഴിയുന്ന ഡ്രോണുകൾക്ക് ഇപ്പോൾ ആവശ്യക്കാർ എത്തുന്നുണ്ട്. ഇതിനിടെ ബി.ടെക്കിന് ചേർന്നെങ്കിലും ആകാശമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ശ്രദ്ധ അതിൽതന്നെയാണ്. എയ്റോനോട്ടിക്കൽ ശാഖയിൽ തത്പരരായവരുമായി ചേർന്ന് കേരള ആർ.സി. ഫ്ളൈയേഴ്സ് എന്ന കമ്യൂണിറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. വലിയ വിമാനങ്ങൾ നിർമിക്കണമെന്നും അവ പറത്തുന്ന പൈലറ്റാകണമെന്നുമാണ് കൊച്ചുജോഷ്വയുടെ ആഗ്രഹം. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സജിയേക്കാൾ മകൻ കേമനാകുന്നത് കാത്തിരിക്കുകയാണ് അമ്മ മരിയയും.


from mathrubhumi.latestnews.rssfeed https://ift.tt/3fVeeiM
via IFTTT