Breaking

Saturday, May 29, 2021

ഘടകകക്ഷികൾക്ക് എൽ.ഡി.എഫ്. നൽകുന്ന പരിഗണന ലഭിക്കുന്നില്ല; യു.ഡി.എഫ്. യോഗത്തിൽ വിമർശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവി പരിശോധിക്കുന്നതിനൊപ്പം ഘടകകക്ഷികൾക്ക് യു.എഡി.എഫ്. നൽകുന്ന പരിഗണനകൂടി പരിശോധിക്കണമെന്ന് മുന്നണിയോഗത്തിൽ നേതാക്കൾ. ഘടകകക്ഷി സ്ഥാനാർഥികൾക്ക് മണ്ഡലത്തിൽ ഇറങ്ങാൻപോലുമാകാത്ത സ്ഥിതിയുണ്ടായി. പാലക്കാട് യു.ഡി.എഫ്. കൺവീനർതന്നെ രാജിവെച്ചുപോയി. എൽ.ഡി.എഫ്. എങ്ങനെയാണ് ഘടകകക്ഷികളെ പരിഗണിച്ചതെന്ന് കോൺഗ്രസ് തിരിച്ചറിയേണ്ടതാണെന്നും നേതാക്കൾ പറഞ്ഞു. സി.എം.പി., ആർ.എസ്.പി., ഫോർവേർഡ് ബ്ലോക്ക് എന്നീ കക്ഷികളുടെ നേതാക്കളാണ് പ്രധാനമായും ഈ വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പുഫലം സംബന്ധിച്ച് ഒരുദിവസം പ്രത്യേകമായി യോഗംചേരാമെന്ന് മുന്നണി കൺവീനർകൂടിയായ എം.എം.ഹസ്സൻ മറുപടിയായി പറഞ്ഞു. ഉമ്മൻചാണ്ടി യോഗത്തിൽ പ്രത്യേകിച്ച് ഒന്നുംപറയാതെ ഇരുന്നു. പ്രത്യേകം യോഗം ചേരാമെന്ന കാര്യം ഒറ്റവാക്കിൽ ആവർത്തിച്ചതല്ലാതെ രമേശ് ചെന്നിത്തലയും കെ. മുരളീധരനും കൂടുതൽ വിശദീകരണം നൽകിയില്ല. പ്രതിപക്ഷനേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയുടെ പ്രവർത്തനങ്ങൾ ജനകീയവികാരമാക്കി മാറ്റാൻ ഐശ്വര്യ കേരളയാത്രയിലൂടെ കഴിഞ്ഞുവെന്ന് കക്ഷിനേതാക്കൾ പറഞ്ഞു. അത് അദ്ദേഹത്തിനുതന്നെ നൽകേണ്ട ക്രെഡിറ്റാണ്. എന്നാൽ, ജനവികാരം തിരഞ്ഞെടുപ്പിൽ വോട്ടായി മാറാതിരുന്നത് പരിശോധിക്കേണ്ടതാണ്. സ്ഥാനാർഥിനിർണയത്തിന്റെ പേരിൽ കോൺഗ്രസിലുണ്ടായ വലിച്ചുനീട്ടൽ ജനങ്ങളെ മടുപ്പിച്ചു. അതേസമയം, എൽ.ഡി.എഫ്. സ്ഥാനാർഥികളെ കളത്തിലിറക്കി, കോവിഡ് പ്രതിരോധവും കിറ്റും ക്ഷേമപ്രവർത്തനങ്ങളുമെല്ലാം വോട്ടാക്കി മാറ്റാനുള്ള പ്രചാരണം തുടങ്ങിക്കഴിഞ്ഞിരുന്നു. ഘടകകക്ഷികളുടെ കാര്യത്തിൽ സംഭവിച്ചതും തിരുത്തേണ്ടതുണ്ട്. സ്ഥാനാർഥിനിർണയം മുന്നണിയുടെ ചുമതലയും സ്ഥാനാർഥിയായാൽ അത് അവരുടെ സ്വന്തം ഉത്തരവാദിത്വവുമാകുന്ന രീതി അവസാനിപ്പിക്കണം. എൽ.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചാൽ ഏതുകക്ഷിയുടേതായാലും അത് മുന്നണിസ്ഥാനാർഥിയായി മാറുന്നതുകാണാം. നാലുശതമാനം വോട്ടിന്റെ വ്യത്യാസമാണ് ഇരുമുന്നണിയും തമ്മിലുള്ളതെന്ന് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു. യു.ഡി.എഫിനുകിട്ടേണ്ട വോട്ടാണ് കേരളകോൺഗ്രസ് എം., എൽ.ജെ.ഡി. പാർട്ടികൾ മുന്നണിവിട്ടതോടെ നഷ്ടമായത്. അത് പരാജയത്തിന്റെ കാരണമാണ്. അതേസമയം, കഴിഞ്ഞതവണ ലഭിച്ച വോട്ടിനെക്കാൾ കൂടുതൽ യു.ഡി.എഫിന് ലഭിച്ചിട്ടുണ്ട്. 99 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചെങ്കിലും, സീറ്റുകണക്കിൽ പ്രകടമാകുന്ന അന്തരം വോട്ടുകണക്കിലില്ലെന്നത് തിരിച്ചറിയണം. യു.ഡി.എഫിന് ഇപ്പോഴും ജനപിന്തുണയുണ്ടെന്നും അതുൾക്കൊണ്ട് പ്രവർത്തിക്കണമെന്നും ഹസ്സൻ വിശദീകരിച്ചു. ഇക്കാര്യം പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ.ജോസഫും ആവർത്തിച്ചു. Content Highlights: UDF meeting, CMP, RSP, Forward Bloc


from mathrubhumi.latestnews.rssfeed https://ift.tt/3fPVpgY
via IFTTT