Breaking

Saturday, May 29, 2021

ആര്‍എസ്പി പൊട്ടിത്തെറിയിലേക്ക്; ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആർഎസ്പി പൊട്ടിത്തെറിയിലേക്ക്. ആർഎസ്പി നേതാവും ചവറയിലെ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോൺ പങ്കെടുത്തില്ല. യുഡിഎഫിലെ ഐക്യമില്ലായ്മയാണ് ചവറയിലടക്കം ആർഎസ്പിയുടെ മത്സരിച്ച അഞ്ചു സീറ്റിലും പരാജയപ്പെടാൻ കാരണമെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.യുഡിഎഫിനോടും പാർട്ടിയോടും ഒരേസമയം അതൃപ്തി പ്രകടിപ്പിക്കുകയാണ് ഷിബു. ചവറയിൽ ഇത്തവണ വിജയം ഉറപ്പിച്ചതായിരുന്നു ആർഎസ്പിയും ഷിബു ബേബി ജോണും. കുന്നത്തൂരും ഇരവിപുരത്തും മികച്ച വിജയസാധ്യതയും പാർട്ടി കണക്കാക്കിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 2016-ലേത് പോലെ ആർഎസ്പിക്ക് വട്ടപൂജ്യം. തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആർഎസ്പിക്ക് പ്രാതിനിധ്യമില്ലാതായതോടെ പാർട്ടിയുടെ പ്രവർത്തനങ്ങളെല്ലാം മന്ദീഭവിച്ചു. കീഴ്ഘടകങ്ങളിൽ വലിയ കൊഴിഞ്ഞുപോക്കുണ്ടായി. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ യുഡിഎഫ് വിടണമെന്ന് ഒരു വിഭാഗം വാദിച്ചു. എന്നാൽ നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നത് അപക്വമാകുമെന്ന് വിലയിരുത്തലിൽ യോഗം പിരിഞ്ഞു. പാർട്ടിയിൽ തന്റെ തീരുമാനങ്ങൾക്ക് വേണ്ടത്ര വിലകൽപ്പിക്കുന്നില്ലെന്ന പരാതിയും ഷിബു ജോൺ ഉയർത്തുന്നുണ്ട്. അതേ സമയം ഷിബു ബേബി ജോണിന്റെ പാർട്ടി പരിപാടികളിൽ നിന്നുള്ള വിട്ടുനിൽക്കൽ പാർട്ടിയിൽ ആധിപത്യം നേടാനുള്ള സമ്മർദ്ദതന്ത്രമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പാർട്ടി യുഡിഎഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. ജൂൺ ഒന്നിന് നടക്കുന്ന നേതൃയോഗത്തിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്നാണ് നേതാക്കൾ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3c1NVpW
via IFTTT