Breaking

Friday, May 28, 2021

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയെ ഇന്ന് ചോദ്യംചെയ്യും

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിനായി എത്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗണേഷ് ഹാജരായിരുന്നില്ല. രാവിലെ പത്തുമണിയോടെയാണ് ഗണേഷ് ഹാജരാകുക. കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം ബിജെപി ഉന്നത നേതാക്കളിലേക്ക് കൂടി കടന്നിരിക്കുകയാണ്. പ്രതികളടക്കമുള്ളവരുടെ മൊഴികളും മറ്റു തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് അന്വേഷണം ബിജെപി നേതൃത്വത്തിലേക്ക് കടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കേസുമായി ബന്ധമില്ലെന്നു നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉയർന്ന നേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതാണ് പാർട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹം ഹാജരാകില്ലെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകലിൽ പങ്കാളികളായ ഓരോരുത്തർക്കും പത്ത് ലക്ഷം മുതൽ 25 ലക്ഷം വരെ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. കവർച്ചയ്ക്ക് ശേഷം പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് പ്രതികൾ താമസിച്ചത്. പ്രതികളുടെ പക്കൽ നിന്ന് ഇനിയും പണം കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്. അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തി. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർക്ക് ജയിലിൽ കോവിഡ് ബാധിച്ചതിനാൽ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബി.ജെ.പി. കർണാടകയിൽനിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകൾ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3c1GsHl
via IFTTT