Breaking

Thursday, May 27, 2021

പള്ളിയിലൊതുങ്ങില്ല ഫൈസിയുടെ സേവനം

കാളികാവ്: പൊതുനിരത്തുകളിൽ വാഹനഗതാഗതം നിയന്ത്രിക്കുന്നവരുടെ കൂട്ടത്തിൽ താടിക്കാരനെ കണ്ട് പലരും സൂക്ഷിച്ചുനോക്കി. ആളെ മനസ്സിലായി; മഹല്ലിന്റെ ചുമതലയുള്ള സഹൽ ഫൈസി. മതരംഗത്തുമാത്രമല്ല പൊതുരംഗത്തും അദ്ദേഹം സക്രിയനാണ്. വാഹന നിയന്ത്രണത്തിനടക്കം നിയമപാലകർക്കൊപ്പം ഖാസിയുണ്ട്. ട്രോമാകെയർ വൊളന്റിയർകൂടിയായ കാളികാവ് ഐലശ്ശേരിയിലെ ആനപ്പട്ടത്ത് സഹൽ ഫൈസി കരുളായി ചെട്ടി മഹല്ല് ഖാസിയാണ്.ആത്മീയ ഉപദേശകൻ എന്നതിനപ്പുറത്തേക്ക് സേവനം വ്യാപിപ്പിക്കുകയാണ് അദ്ദേഹം. കോവിഡ് നിയന്ത്രണ പ്രവർത്തനരംഗത്ത് രാപകൽ സേവനമാണ് ചെയ്യുന്നത്. വെള്ളവസ്ത്രവും തലപ്പാവും മാത്രമല്ല സേവനരംഗത്തെ ഏതുവേഷവും ചേരുമെന്ന് ഖാസി തെളിയിച്ചുകഴിഞ്ഞു. പള്ളിയിലെ പ്രാർഥന കഴിഞ്ഞാൽ മറ്റുള്ളവരുടെ പ്രയാസങ്ങൾക്ക് പരിഹാരംതേടി ഇറങ്ങും. അധികദിവസങ്ങളിലും വൈകിയാണ് വീട്ടിലെത്താറ്്‌. കൗൺസലിങ് വിദഗ്‌ധൻ കൂടിയായതിനാൽ കോവിഡ് ബാധിച്ചവർക്ക് ധൈര്യംപകരാനും രംഗത്തുണ്ട്. ഫോണിലൂടെ ഉപദേശനിർദേശങ്ങൾ നൽകി രോഗികൾക്ക് ധൈര്യം പകരുന്നു. കോവിഡിന്റെ ആദ്യഘട്ടത്തിൽ കാളികാവ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന നൂറിലേറെ രോഗികൾക്ക് ഖാസി വാക്കുകളിലൂടെ ആശ്വാസംനൽകി. തൃശ്ശൂർ മെഡിക്കൽകോളേജിലുള്ളവർക്കടക്കം അദ്ദേഹം കൗൺസലിങ് നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/34sur9z
via IFTTT