Breaking

Saturday, May 29, 2021

യൂട്യൂബിന്റെ തീൻമേശയിൽ പഴയിടത്തിന്റെ പാചകം

കോട്ടയം: ആഘോഷങ്ങളും സദ്യകളുമില്ല. ആൾക്കൂട്ടങ്ങളും ചടങ്ങുകളുമില്ല. എങ്കിലും പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി തിരക്കിലാണ്. യൂട്യൂബ് ചാനൽവഴി രുചിക്കൂട്ടുകളെ പരിചയപ്പെടുത്തിയാണിത്. മകൻ യദു പഴയിടത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് പഴയിടം രുചിപ്പെരുമയുടെ രഹസ്യങ്ങൾ വിളമ്പുന്നത്. “പാചകത്തിൽ രഹസ്യങ്ങളില്ല. ഷഡ്രസങ്ങളുടെ കൂട്ടുകൾ മാത്രമേയുള്ളൂ. അത് കൃത്യമായും തനിമയോടെയും ചെയ്യാനായതാണ് വിജയരഹസ്യമെന്ന് കരുതുന്നു.” -വിനയത്തോടെ മോഹനൻ നമ്പൂതിരി പറഞ്ഞു. ചാനലിൽ തന്റെ പാചകം മാത്രം അവതരിപ്പിച്ചാൽ പോരെന്ന നമ്പൂതിരിയുടെ നിർദേശപ്രകാരം യദു കേരളത്തിലെ വിവിധയിടങ്ങളിൽ സഞ്ചരിച്ച് പലതരം നാടൻവിഭവങ്ങളുടെ വിശേഷങ്ങളും ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നു. ആഴ്ചയിൽ ഒരു ദിവസമെങ്കിലും മോഹനൻ നമ്പൂതിരിയും സ്വന്തം വിഭവങ്ങളുമായെത്തും. ശർക്കര മാത്രം ചേർത്ത് തയ്യാറാക്കുന്ന പായസങ്ങളിൽ പാൽ ചേർക്കരുത്. എന്നാൽ, തേങ്ങാപ്പാലും ചേർത്ത് തയ്യാറാക്കുന്ന പായസത്തിൽ അതാകാം. സദ്യയിൽ നെയ്യും മോരും ഒന്നിച്ച് കഴിക്കാനിടയാകരുത്. പരിപ്പ് കഴിക്കുന്നവർ നെയ്യും കഴിക്കാം. പരിപ്പ് വയറ്റിൽ ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ നെയ്യ് പരിഹരിക്കും. പരിപ്പും നെയ്യും ചേർത്ത് കഴിക്കുമ്പോൾ നെയ്യുടെ കൊഴുപ്പ് പ്രശ്നങ്ങളും കാര്യമായി ബാധിക്കില്ല. കാളൻ കഴിക്കുമ്പോൾ ഒാലനും കഴിക്കണം. കാളന്റെ പുളിയെ നേർപ്പിക്കാൻ ഒാലന് കഴിയും. ഇങ്ങനെ പോകുന്നു പഴയിടം തനിമകളുടെ കഥകൾ... ഒപ്പം ഒാരോ വിഭവങ്ങളും. 2000-ൽ കോട്ടയം ജില്ലാ കലോത്സവത്തിൽ പാചകശാല ഏറ്റെടുത്ത മോഹനൻ നമ്പൂതിരി ഇതുവരെ 15 സംസ്ഥാന സ്കൂൾ മേളകൾക്ക് ഭക്ഷണമൊരുക്കി. സർക്കാരിന്റെ പാചകശ്രേഷ്ഠ പുരസ്കാരവും നേടി. ഏറ്റവുമൊടുവിൽ ഭക്ഷണം ഒരുക്കിയത് 2020-ലെ ആറ്റുകാൽ പൊങ്കാലയ്ക്കാണ്. ഒരേസമയം പതിനായിരം പേർക്ക് ഭക്ഷണം തയ്യാറാക്കാവുന്ന ആധുനിക അടുക്കളയടക്കം കുറിച്ചിത്താനത്ത് സജ്ജമാക്കി മുന്നോട്ടുപോകുമ്പോഴാണ് കോവിഡ് പ്രതിസന്ധിയെത്തിയത്. പാചകക്കാരും വിളമ്പുകാരുമടക്കം 400 പേരുടെ സംഘമാണ് ഇദ്ദേഹത്തിനുള്ളത്. Content Highlights:Pazhayidam mohanan namboothiri and Yadu Pazhayidom


from mathrubhumi.latestnews.rssfeed https://ift.tt/2Syf0ds
via IFTTT