Breaking

Saturday, May 29, 2021

‘തന്നെ ഇരുട്ടത്തുനിർത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ല’; സോണിയാ ഗാന്ധിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിന് തന്നെ ഇരുട്ടത്ത് നിർത്തിയുള്ള തീരുമാനം വേണ്ടിയിരുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് രമേശ് ചെന്നിത്തല കത്തയച്ചു. സോണിയാ ഗാന്ധി നേരിട്ട് വിളിച്ച ചെന്നിത്തലയോട് തീരുമാനം അറിയിക്കുമ്പോഴും തന്റെ പരിഭവം അദ്ദേഹം അറിയിച്ചിരുന്നു. രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളടക്കം അഞ്ചുതിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വിജയമുണ്ടാക്കി കൊടുക്കാൻ നേതൃത്വം കൊടുത്തയാളാണ് താൻ. കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും സ്ഥാനത്തിരുന്നപ്പോൾ തന്റെ പ്രവർത്തനം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. പ്രതിപക്ഷ നേതാവിന്റെതടക്കം ഒരുസ്ഥാനവും തനിക്കുവേണ്ടി മാറ്റിവെക്കേണ്ടതില്ലെന്ന നിലപാടാണുള്ളത്. പാർട്ടിയിൽ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവുമെല്ലാം വിലമതിക്കുന്നു. പക്ഷേ, ഇപ്പോൾ പ്രതിപക്ഷനേതാവിനെ തിരിഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണ്. ഈ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. വിജയിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഒരുമഹാമാരിക്കാലത്ത് ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പരാജയത്തിന്റെ സാമാന്യകാരണമായി വിലയിരുത്താനാകും. മുന്നണി പരാജയപ്പെട്ടപ്പോൾ പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടതില്ലെന്ന ആഗ്രഹം താൻ പ്രകടിപ്പിച്ചതാണ്. പൊരുതിത്തോറ്റഘട്ടത്തിൽ അതിന് നേതൃത്വം കൊടുത്തവർ മാറിനിൽക്കുന്നത് പ്രവർത്തകരുടെ ആത്മവീര്യം കെടുത്തുമെന്ന് മറ്റുനേതാക്കൾ പറഞ്ഞു. ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, താരിഖ് അൻവർ എന്നീ നേതാക്കളോടെല്ലാം ഇത് സംബന്ധിച്ച് ചർച്ച നടത്തി. പുതിയ നേതാവ് വരണമെന്ന നിലപാട് ഹൈക്കമാൻഡിനുണ്ടോയെന്നതും ആരാഞ്ഞിരുന്നു. ആരും അത്തരമൊരുമാറ്റം വേണമെന്ന് അറിയിച്ചില്ല. പാർലമെന്ററി പാർട്ടിയിൽ ഭൂരിഭാഗം അംഗങ്ങളും തന്നെ പിന്തുണയ്ക്കുന്നവരാണ്. പാർട്ടിയിൽ എല്ലാവരും പ്രതിപക്ഷസ്ഥാനത്ത് താൻ തുടരണമെന്ന ആഗ്രഹം പങ്കുവെച്ചതുകൊണ്ടാണ്, മാറിനിൽക്കണ്ട എന്ന നിലപാടിൽ താനുമെത്തിയത്. എന്നാൽ, മറിച്ചൊരുതീരുമാനമാണ് ഹൈക്കമാൻഡിൽനിന്നുണ്ടായത്.പ്രതിപക്ഷനേതാവിന്റെ പദവിയിൽനിന്ന് മാറിനിൽക്കേണ്ടിവരുന്നുവെന്നത് തന്നെ വേദനിപ്പിക്കുന്നതേയല്ല. പക്ഷേ, അക്കാര്യം നേരത്തേ അറിയിക്കാമായിരുന്നു. പ്രവർത്തകർക്കും പൊതുസമൂഹത്തിനും മുമ്പിൽ അപമാനിതന്റെ മുഖം നൽകേണ്ടിയിരുന്നില്ല. മുന്നണിക്കും പാർട്ടിക്കുവേണ്ടി പൊരുതിനിന്നപ്പോഴൊക്കെ ഒരുപരാതിയും ആരും ഉന്നയിച്ചിട്ടില്ല. മുന്നണിയെയും പാർട്ടിയെയും തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ പൂച്ചെണ്ടുമായി ആരും സ്വീകരിച്ചിട്ടുമില്ല. മാറ്റത്തെ ഉൾകൊള്ളാനാവാത്ത മനസ്സിനുടമയല്ല താൻ. പക്ഷേ, തന്റെ പ്രവർത്തനത്തെ മുഖവിലയ്ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നൽകാതെയുമുള്ള പാർട്ടി തീരുമാനമാണ് വേദനിപ്പിച്ചത്. കോൺഗ്രസിനൊപ്പം നിൽക്കും. അതിനുവേണ്ടി എന്നും പ്രവർത്തിക്കും. ഇതായിരുന്നു ചെന്നിത്തലയുടെ കത്തിലെ ഉള്ളടക്കം.


from mathrubhumi.latestnews.rssfeed https://ift.tt/3vxTx2Y
via IFTTT