Breaking

Thursday, May 27, 2021

ചട്ടം നടപ്പായി; സമയംതേടി ഫെയ്‌സ്ബുക്ക്, ട്വിറ്ററിന്‌ മൗനം

ന്യൂഡൽഹി: സമൂഹികമാധ്യമങ്ങളെ നിയന്ത്രിക്കുന്ന ചട്ടം ബുധനാഴ്ച നിലവിൽവന്ന സാഹചര്യത്തിൽ അതുപാലിച്ചോയെന്ന് വ്യക്തമാക്കുന്ന തത്സ്ഥിതി റിപ്പോർട്ട് ഉടൻ നൽകാൻ കമ്പനികളോട് കേന്ദ്രം നിർദേശിച്ചു. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്രബലകമ്പനികളോടാണ് സർക്കാർ റിപ്പോർട്ട് തേടിയത്. 50 ലക്ഷത്തിലേറെ ഉപയോക്താക്കളുള്ള കമ്പനികളെയാണ് 'പ്രബല'മെന്ന് ചട്ടത്തിൽ വിശേഷിപ്പിക്കുന്നത്. ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ 'വിവരസാങ്കേതികവിദ്യാ ചട്ടം' (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമധാർമികതാ കോഡും) കൊണ്ടുവന്നത്. പ്രബല കമ്പനികൾക്ക് അതുനടപ്പാക്കാൻ മൂന്നുമാസത്തെ സാവകാശം നൽകി. അതാണ് ബുധനാഴ്ച അവസാനിച്ചത്. പ്രബലകമ്പനികൾ ചീഫ് കംപ്ലിയൻസ് ഓഫീസർ, നോഡൽ കോൺടാക്ട് പേഴ്സൺ, റെസിഡന്റ് ഗ്രീവൻസ് ഓഫീസർ എന്നിവരെ ഇന്ത്യയിൽ നിയമിക്കണമെന്ന് ചട്ടത്തിലുണ്ട്. ഇതുപ്രകാരം നിയമിക്കപ്പെട്ടവരുടെ വിവരങ്ങൾ നൽകാൻ കേന്ദ്രം ആവശ്യപ്പെട്ടു. ഫെയ്സ്ബുക്കും ഗൂഗിളും യൂട്യൂബുമടക്കമുള്ള സ്ഥാപനങ്ങൾ ചട്ടം നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ മാർഗരേഖ പാലിക്കാൻ കൂടുതൽ സമയം വേണമെന്നാണ് ഫെയ്സ്ബുക്ക് ആവശ്യപ്പെടുന്നത്. വിഷയത്തിൽ പ്രതികരിക്കാൻ ട്വിറ്റർ തയ്യാറായിട്ടില്ല. അതേസമയം, ചട്ടം ചോദ്യംചെയ്ത് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. രാജ്യസുരക്ഷ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളിൽ ഉള്ളടക്കത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന വ്യവസ്ഥയാണ് അവർ മുഖ്യമായും ചോദ്യംചെയ്യുന്നത്. ചട്ടം പാലിക്കാത്തത് ഫെയ്സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് തുടങ്ങിയവയുടെ ഇന്ത്യയിലെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കിയേക്കും. ഉപയോക്താക്കൾ പോസ്റ്റുചെയ്യുന്ന ഉള്ളടക്കങ്ങളിൽനിന്ന് കമ്പനികൾക്ക് നേരത്തേ സംരക്ഷണമുണ്ടായിരുന്നു. ഇന്ത്യയിൽ വാട്സാപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 53 കോടിയും ഫെയ്സ്ബുക്കിന്റേത് 41 കോടിയും ഇൻസ്റ്റഗ്രാമിന്റേത് 21 കോടിയുമാണ്. ട്വിറ്റർ അക്കൗണ്ടുകളുടെ എണ്ണം 1.75 കോടിയാണ്. മറ്റുരാജ്യങ്ങളിൽ ഇതിലും കർശനം “ മറ്റുപല രാജ്യങ്ങളിലും ഇതിനെക്കാൾ കടുപ്പമുള്ള ചട്ടങ്ങൾ നിലവിലുണ്ട്. ടെക് കമ്പനികൾ അവരുടെ എൻക്രിപ്റ്റഡ് ഉത്പന്നങ്ങളുണ്ടാക്കുമ്പോൾ സർക്കാരിനു വായിക്കാൻ കഴിയുന്ന വിധത്തിലാകണമെന്ന് യു.കെ., യു.എസ്., ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങൾ നിഷ്കർഷിക്കുന്നുണ്ട്. സംശയിക്കുന്ന ഉപയോക്താക്കളുടെ ഐ.പി. വിലാസവും ലൊക്കേഷനുമെല്ലാം നൽകണമെന്നാണ് ബ്രസീൽ ആവശ്യപ്പെടുന്നത്. അതെല്ലാം വെച്ചുനോക്കുമ്പോൾ ഇന്ത്യ ആവശ്യപ്പെടുന്നത് എത്രയോ ചെറിയ കാര്യമാണ്'' - രവിശങ്കർ പ്രസാദ്, കേന്ദ്ര ഐ.ടി. മന്ത്രി Content Highlights: "Share Response ASAP": Centre To Social Media Platforms On Digital Rules


from mathrubhumi.latestnews.rssfeed https://ift.tt/34m2MHw
via IFTTT