Breaking

Monday, May 31, 2021

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിധി: കരുതലോടെ സി.പി.എം.

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയിൽ സി.പി.എം. രാഷ്ട്രീയനിലപാട് കരുതലോടെയാക്കി. കോടതിവിധി വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുന്നുണ്ടെന്നതും തീർപ്പുണ്ടാക്കേണ്ട ചുമതല സർക്കാരിലാണ് എന്നതും ഇതിനു കാരണമാണ്.മുസ്‌ലിങ്ങൾക്കായി രൂപവത്കരിച്ച സ്കോളർഷിപ്പ് സ്കീമിലേക്ക് ലത്തീൻ കത്തോലിക്ക-പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളെക്കൂടി പങ്കാളിയാക്കിയതാണ് കോടതിവിധിക്കു കാരണമായ പ്രധാന ഘടകം. അത് വി.എസ്. സർക്കാരിന്റെ അവസാനകാലത്തെ ഉത്തരവായിരുന്നു. മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സി.പി.എം. നേതാവ് പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ സമിതിയുടെ ശുപാർശയനുസരിച്ചാണ് സ്കോളർഷിപ്പ് സ്‌കീം വരുന്നത്. മുസ്‌ലിങ്ങൾക്ക് പരിഗണന നൽകേണ്ടതാണെന്ന നിലപാട് പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പരസ്യമായി പ്രകടിപ്പിച്ചു. വിധി നടപ്പാക്കുമെന്നാണ് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞത്. സാമൂഹിക-സാമ്പത്തിക സാഹചര്യം പരിശോധിച്ചല്ലാതെ, മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങൾക്ക് ജനസംഖ്യാ അനുപാതത്തിൽ ആനുകൂല്യം നൽകുന്നതിനോട് യോജിപ്പില്ലെന്ന് പാലോളി മുഹമ്മദ് കുട്ടിയും വ്യക്തമാക്കി. വിധി അതേപടി നടപ്പാക്കിയാൽ മുസ്‌ലിങ്ങൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് വിഹിതം ഇല്ലാതാക്കും. ക്രൈസ്തവ വിഭാഗത്തിന് കൂടുതൽ ആനുകൂല്യം ലഭിക്കും. സർക്കാർ എന്തു നടപടിയെടുത്താലും ഒരുവിഭാഗം എതിരാകുമെന്നതാണ് ‘ജാഗ്രത’ പാലിച്ചുമാത്രം നിലപാടെടുക്കാൻ സർക്കാരും സി.പി.എമ്മും ഒരുങ്ങുന്നത്. സ്കോളർഷിപ്പ് സംബന്ധിച്ച മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അതിലൊന്ന് ഉമ്മൻചാണ്ടി സർക്കാർ ഇറക്കിയതാണ്. മുസ്‌ലിം-ക്രിസ്ത്യൻ വിഭാഗത്തിലുള്ളവർക്ക് നൽകുന്ന സ്കോളർഷിപ്പ് കൂടുതൽ ഉന്നത കോഴ്‌സുകൾക്ക് ബാധകമാക്കിയുള്ളതാണിത്. ഇത് ചൂണ്ടിക്കാട്ടി സർക്കാരിനെതിരായ പ്രചാരണത്തെ സി.പി.എം. ചെറുക്കുന്നുണ്ട്. 80:20 അനുപാതം നിശ്ചയിച്ചത് യു.ഡി.എഫ്. സർക്കാരാണെന്ന ആരോപണമാണ് എം.എ. ബേബിയും പാലോളി മുഹമ്മദ് കുട്ടിയും ഉന്നയിച്ചത്. അത്തരമൊരു കുറ്റപ്പെടുത്തലിന് മുഖ്യമന്ത്രി മുതിർന്നിട്ടില്ല. ദശാബ്ദങ്ങളായി നിലനിൽക്കുന്നതും മാറിവന്ന സർക്കാരുകൾ നടപ്പാക്കിയതുമായ കാര്യമാണിത്. വിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിധി സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം തെറ്റ് -എം.എ. ബേബിന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ കേരളസമൂഹത്തിൽ വർഗീയ വിദ്വേഷം പടർത്താൻ നടത്തുന്ന ശ്രമങ്ങളെ തള്ളിക്കളയണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പാക്കാനുള്ള നിർദേശങ്ങൾ വെക്കാനാണ് പാലോളി കമ്മിറ്റി നിയോഗിക്കപ്പെട്ടത്. മുസ്‌ലിങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള ശുപാർശകളാണ് ഈ സമിതി വെച്ചത്. അത് നടപ്പാക്കപ്പെട്ടപ്പോൾ യു.ഡി.എഫ്. സർക്കാർ 20 ശതമാനം ക്രിസ്ത്യാനികൾക്കുകൂടി നൽകുകയാണുണ്ടായത്. അതിന്റെ പേരിൽ മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണംചെയ്യേണ്ട സ്കോളർഷിപ്പ് മുസ്‌ലിങ്ങൾക്ക് കൂടുതൽ നൽകുന്നുവെന്ന പ്രചാരണം നടത്തുന്നത് തെറ്റാണ് -അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3c6lBTd
via IFTTT