Breaking

Wednesday, May 26, 2021

രഹസ്യാന്വേഷണ വിഭാഗം മുതല്‍ എസ്പിജിവരെ; പുതിയ സിബിഐ മേധാവിയെക്കുറിച്ച് അറിയാം

ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറായി മഹാരാഷ്ട്ര ഐപിഎസ് ഓഫീസർ സുബോധ് കുമാർ ജയ്സ്വാളിനെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചീഫ് ജസ്റ്റിസടക്കമുള്ളവരുടെ സമിതിയാണ് തിരഞ്ഞെടുത്തത്. 1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാർ ജയ്സ്വാൾ നിലവിൽ സിഐഎസ്എഫ് ഡയറക്ടർ ജനറലാണ്. സിഐഎസ്എഫിൽ വലിയ വിപുലീകരണത്തിനും കോവിഡ് പശ്ചാത്തലത്തിൽ സേനയുടെ മനോവീര്യം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തെ സിബിഐ തലപ്പത്തേക്ക് നിയമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമായ റോയിലും സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലും (എസ്പിജി) അടക്കം പ്രവർത്തിച്ച് മികവ് തെളിയിച്ചയാളാണ് പുതിയ സിബിഐ ഡയറക്ടറായ സുബോധ് കുമാർ ജയ്സ്വാൾ. മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആയിരിക്കെ 2018 ജൂൺ മുതൽ 2019 ഫെബ്രുവരി വരെ സുബോധ് കുമാർ മുംബൈ പോലീസ് കമ്മീഷണറായിരുന്നു. മഹാരാഷ്ട്ര ഡിജിപി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്. സിബിഐയിൽ അദ്ദേഹത്തിന് യാതൊരു മുൻ പരിചയവും ഇല്ല. സുബോധ് കുമാറിന്റെ മുൻഗാമികളായ അലോക് വർമക്കും ഋഷി കുമാർ ശുക്ലയ്ക്കും സിബിഐ തലപ്പത്തേക്ക് എത്താൻ സഹായകരമായത് സിബിഐയിലും വിജിലൻസ് വിഭാഗങ്ങളിലുമുള്ള മുൻപരിചയമായിരുന്നു. എന്നാൽ തീവ്രവാദ കേസുകളിലെ അന്വേഷണങ്ങൾ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളിൽ സുബോധ് കുമാറിന് മികച്ച പരിചയ സമ്പത്തും ട്രാക്ക് റെക്കോർഡുമുണ്ട്. മഹാരാഷ്ട്രയിൽ തെൽഗി സ്റ്റാമ്പ് പേപ്പർ അഴിമതി കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു. തുടർന്ന് സ്റ്റേറ്റ് റിസർവ് പോലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ ചേർന്നു. 2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് സുബോധ് കുമാർ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോയുടെ തലവനായിരുന്നു. എൽഗർ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/34hZ69H
via IFTTT