Breaking

Thursday, May 27, 2021

അച്ഛനിൽനിന്ന്‌ കുഞ്ഞിനെ അകറ്റിയത് ക്രൂരത; വിവാഹ മോചനം അനുവദിച്ച് കോടതി

കൊച്ചി: കുഞ്ഞിന്റെ സ്നേഹം നിഷേധിക്കുന്നത് ക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി തൃശ്ശൂർ സ്വദേശിയായ യുവാവിന് ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചു. അച്ഛനിൽനിന്ന് കുഞ്ഞിനെ അകറ്റി നിർത്തിയ അമ്മയുടെ നടപടി മാനസികമായ ക്രൂരതയാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മാതാപിതാക്കളിലൊരാൾ കുട്ടിയെ മറ്റെയാളിൽനിന്ന് മനഃപൂർവം മാറ്റിനിർത്തുന്നത് മാനസികമായ ക്രൂരതയാണ്. ഇതു കണക്കിലെടുത്ത് ഹർജിക്കാരന് വിവാഹ മോചനത്തിന് അർഹതയുണ്ട്. ഭാര്യ ക്രൂരമായി പെരുമാറുന്നതായി ആരോപിച്ച് സമർപ്പിച്ച ഹർജി കുടുംബ കോടതി തള്ളിയതിനെതിരേയുള്ള അപ്പീൽ അനുവദിച്ചുകൊണ്ട് കോടതി വിലയിരുത്തി. ഒരാൾക്ക് അയാളുടെ രക്തത്തിൽ പിറന്ന കുഞ്ഞിനെ നിഷേധിക്കുന്നതിനെക്കാൾ വലിയ വേദനയില്ല. അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന് കുട്ടിക്ക് അവകാശമുണ്ട്. ഇതേ പോലെ കുട്ടിയുടെ സ്നേഹത്തിനും അടുപ്പത്തിനും മാതാപിതാക്കൾക്കും അവകാശമുണ്ട്. ഇതു നിഷേധിക്കുന്നത് ക്രൂരതയാണെന്നും കോടതി പറഞ്ഞു. വിദേശത്ത് ബാങ്ക് മാനേജരായ ഹർജിക്കാരൻ 2009 - ലാണ് വിവാഹം കഴിച്ചത്. ആദ്യ നാളുകളിൽത്തന്നെ ഭാര്യ വഴക്കു തുടങ്ങിയെന്ന് ഹർജിയിൽ പറയുന്നു. 2011-ൽ കുഞ്ഞു ജനിച്ചു. ഇതറിഞ്ഞ് ആശുപത്രിയിലെത്തിയെങ്കിലും കാണാൻ അനുവദിച്ചില്ല. ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടാണ് ഹർജിക്കാരനും മാതാപിതാക്കൾക്കും കുഞ്ഞിനെ കാണാൻ അവസരമൊരുക്കിയത്. പിന്നീട് കുട്ടിയെ വിട്ടു കിട്ടാൻ ഹർജിക്കാരൻ കുടുംബ കോടതിയെ സമീപിച്ചു. ഒത്തുതീർപ്പനുസരിച്ച് ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായില്ല. കുട്ടിയെ പിറന്നാൾ ദിനത്തിൽ കാണാനെത്തിയപ്പോൾ സമ്മാനങ്ങളും കേക്കും വീടിന്റെ മുൻവാതിലിൽ െവച്ചിട്ടു പോരേണ്ടി വന്നു. തുടർന്നാണ് വിവാഹ മോചനത്തിന് ഹർജി നൽകിയത്. എന്നാൽ, ഭാര്യയുടെ ക്രൂരമായ പെരുമാറ്റം തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഇത് തള്ളി. തുടർന്നാണ് അപ്പീൽ നൽകിയത്. Content Highlights: family court divorce case


from mathrubhumi.latestnews.rssfeed https://ift.tt/3oSkLyN
via IFTTT