പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം.ബി. രാജേഷ് മാതൃഭൂമിയോടു സംസാരിക്കുന്നു. സ്പീക്കർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തെക്കുറിച്ച്? പുതിയ ഉത്തരവാദിത്വം ഇതുവരെ നിർവഹിച്ചതിൽനിന്നു വ്യത്യസ്തമായ ഒന്നാണ്. പാർലമെന്ററി ജനാധിപത്യത്തിൽ വളരെ പ്രധാനമാണ് സ്പീക്കറുടെ ഉത്തരവാദിത്വം. സഭയിൽ എല്ലാ അംഗങ്ങളുടേയും അവകാശം സംരക്ഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യുക, അതോടൊപ്പം സർക്കാരിന്റെ ബിസിനസ് നടത്താൻ വഴിയൊരുക്കുക, പ്രതിപക്ഷത്തിന്റെ ശബ്ദവും ഇടവും സംരക്ഷിക്കുക തുടങ്ങിയവയെല്ലാം സ്പീക്കറുടെ ഉത്തരവാദിത്വങ്ങളാണ്. അവ നീതിപൂർവകമായി നിറവേറ്റും. പത്തുവർഷം പാർലമെന്ററിലെ പരിചയം എത്രമാത്രം പ്രയോജനപ്പെടും? ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പാർലമെന്റിലെ അനുഭവം വലിയ മുതൽകൂട്ടാവും. ഞാൻ നിയമസഭയിൽ ഒരു പുതുമുഖമാണ്. എന്നിട്ടും ഈ ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിന്റെ കാരണം പാർലമെന്റിലെ അനുഭവം തന്നെയാണ്. പാർലമെന്ററിചട്ടങ്ങൾ അവിടെയിരുന്ന് നന്നായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതും നിയമസഭയിലേതും തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ടെങ്കിലും പാർലമെന്ററി ചട്ടങ്ങൾ എനിക്ക് അപരിചിതമല്ല. തോൽവിയും വിജയവും ഇപ്പോൾ സ്പീക്കർ പദവിയുമൊക്കെയായി അപ്രതീക്ഷിതമായി പലതും സംഭവിച്ചതാണ് എം.ബി. രാജേഷിന്റെ ജീവിതം. രാഷ്ട്രീയത്തിലേയ്ക്കുള്ള രംഗപ്രവേശവും ഇങ്ങനെ അപ്രതീക്ഷിതമായിരുന്നോ? എന്നു വേണമെങ്കിൽ പറയാം. ഞാനൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്നുള്ള കുടുംബത്തിൽ നിന്നല്ല. അച്ഛനും അമ്മയും രാഷ്ട്രീയ പശ്ചാത്തലം ഉള്ളവരായിരുന്നില്ല. ഇടതുപക്ഷരാഷ്ട്രീയപശ്ചാത്തലം തീരെ ഉണ്ടായിരുന്നില്ല. അച്ഛൻ സൈന്യത്തിലായിരുന്നു. അമ്മയ്ക്കു ജോലിയൊന്നും ഉണ്ടായിരുന്നില്ല. ഒരു ഇടത്തരം കുടുംബം. അവർ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാൻ തുടങ്ങിയതുതന്നെ ഞാൻ ഇടതുപക്ഷത്തു സജീവമായതിനു ശേഷമാണ്. എന്നാൽ, എന്റെ അമ്മയുടെ അച്ഛൻ കൃഷ്ണൻ നായർ മാഷ് സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അദ്ദേഹം ഐ.എൻ.എയിൽ ഒക്കെ ഉണ്ടായിട്ടുണ്ട്. ഞാൻ വളരെ യാദൃശ്ചികമായി സൗഹൃദങ്ങളുടെ പേരിലാണ് സ്കൂളിൽ പഠിക്കുന്ന കാലത്ത് വിദ്യാർഥി സംഘടനാ പ്രവർത്തകനാവുന്നത്. അവിടുന്നങ്ങോട്ട് രാഷ്ട്രീയം ഗൗരവത്തിലെടുക്കുന്നു. രാഷ്ട്രീയം ഒരുകാലത്തും എനിക്ക് നേരമ്പോക്കോ വിനോദമോ ഒന്നും ആയിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോഴേ അങ്ങനെയായിരുന്നു. അതിനൊരു പ്രത്യയശാസ്ത്ര പിൻബലമുണ്ടായിരുന്നു. അതു വളരെ ഗൗരവത്തോടെ രാഷ്ട്രീയം നോക്കിക്കാണാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇന്നേവരെ ആ ഗൗരവത്തിൽ തന്നെയാണ് കണ്ടിട്ടുള്ളത്. അതിനായി ധാരാളം വായിക്കുകയും പഠിക്കുകയും ചെയ്യുന്നു. അതൊക്കെ രാഷ്ട്രീയചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായി ചെയ്യുന്നതാണ്. അല്ലാതെ ഒരു പദവിയോ നേരമ്പോക്കോ എന്ന നിലയിലല്ല. പാർട്ടിക്കും മുന്നണിക്കും വേണ്ടി ശക്തമായി വാദമുഖങ്ങൾ അവതരിപ്പിക്കുന്ന ഒരു രാഷ്ട്രീയനേതാവിനെ സ്പീക്കറാക്കുന്നത് നിശബ്ദമാക്കലല്ലേ? അതൊരു പ്രധാനപ്പെട്ട ഉത്തരവാദിത്വമേൽപിക്കലാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഏറെ പ്രാധാന്യമുള്ളതാണ് സ്പീക്കർ പദവി. അതു നീതിപൂർവകമായി, ഭരണ-പ്രതിപക്ഷഭേദമില്ലാതെ നിറവേറ്റുക എന്നതും ഒരു രാഷ്ട്രീയചുമതലയാണ്. ഞാൻ കക്ഷിരാഷ്ട്രീയം എന്ന അർഥത്തിലല്ല പറയുന്നത്. പലപ്പോഴും രാഷ്ട്രീയചുമതല എന്നു പറയുമ്പോൾ കക്ഷിരാഷ്ട്രീയമെന്ന് ആളുകളതു ചുരുക്കി വായിക്കാറുണ്ട്. രണ്ടും തമ്മിലുള്ള വേർതിരിവ് എക്കാലത്തും കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ഞാൻ. സ്പീക്കർക്ക് രാഷ്ട്രീയം പാടുണ്ടോ/സ്പീക്കർക്ക് രാഷ്ട്രീയം പറയാമോ? നമ്മുടെ ജീവിതവ്യവഹാരങ്ങൾ ഏതും രാഷ്ട്രീയമാണ്. അരാഷ്ട്രീയമായ ഒരു വ്യവഹാരവുമില്ല. നാം മതനിരപേക്ഷതയെക്കുറിച്ചു പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയെക്കുറിച്ച് പറയുന്നു. അതു രാഷ്ട്രീയമല്ലേ? ഭരണഘടനയാണ് ഇന്ത്യയിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ രാഷ്ട്രീയരേഖ. അതുതന്നെ, ഒരു രാഷ്ട്രീയസമരത്തിന്റെ ഉൽപന്നമാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു രാഷ്ട്രീയസമരമായിരുന്നില്ലേ? രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരമായിരുന്നു. ആ സമരത്തിൽനിന്നാണ് ഭരണഘടന ഉണ്ടാവുന്നത്. ഇന്ത്യ എന്ന രാഷ്ട്രസങ്കൽപം ഉണ്ടാവുന്നത്. ഭരണഘടന ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ അവകാശങ്ങൾ ഉറപ്പു നൽകുന്നു. അവ രാഷ്ട്രീയ അവകാശങ്ങൾ കൂടിയാണ്. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളാണ്. അപ്പോൾ, ഏതാണ് രാഷ്ട്രീയമല്ലാത്തത്? ഇങ്ങനെ, വിശാലമായ അർഥത്തിലാണ് ഞാൻ രാഷ്ട്രീയത്തെ കാണുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കും രാജ്യത്ത് ഫെഡറൽ വ്യവസ്ഥ ദുർബലമാവുന്നു എന്ന വിമർശനങ്ങൾക്കുമിടയിൽ നിയമസഭയെ എങ്ങനെ ഫലപ്രദമായി പാർലമെന്ററി ജനാധിപത്യത്തിൽ ഉപയോഗപ്പെടുത്താനാവും? ഫെഡറൽ സ്വഭാവം ഉയർത്തിപിടിക്കുന്നതാണ് ഇന്ത്യൻ ഭരണഘടന. ഭരണഘടനയുടെ അടിസ്ഥാനസവിശേഷതകളാണ് ഈ ഫെഡറൽ സ്വഭാവമൊക്കെ. അതും പാർലമെന്ററി ജനാധിപത്യവും തമ്മിലൊക്കെ ഒരു പാരസ്പര്യമുണ്ട്. അതുകൊണ്ടുതന്നെ, സംസ്ഥാന നിയമസഭകൾക്ക് പ്രധാനപ്പെട്ട ഒരു റോളുണ്ട് എന്ന് ഞാൻ വിചാരിക്കുന്നു. അതുപോലെ സംസ്ഥാനങ്ങൾക്കും. ശക്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവും എന്നതാണ് ഈ ഫെഡറൽ സംവിധാനത്തിന്റെ ഒരു പ്രത്യേകത. അതിനു പകരം, ഈ സന്തുലനം തെറ്റിപ്പോയാൽ അതു നമ്മുടെ ജനാധിപത്യത്തെ തന്നെ ബാധിക്കും. സംസ്ഥാന നിയമസഭയുടെ റോൾ എക്കാലവും കേരളം ഉയർത്തിപിടിച്ചിട്ടുണ്ട്. അതൊരു അഭിമാനകരമായ പാരമ്പര്യമാണ്. കർഷകസമരത്തിനു നിദാനമായ കാർഷികനിയമഭേദഗതികൾക്കെതിരേ പ്രമേയം പാസാക്കി. അതിലൊരു ഫെഡറൽ തത്വങ്ങളുടെ പ്രശ്നം കൂടി ഉൾപ്പെട്ടിരുന്നു. കാരണം, സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങൾ സംരക്ഷിക്കുക എന്നൊരു വശം കൂടി ആ പ്രമേയത്തിനുണ്ടായിരുന്നു. പൗരത്വഭേദഗതിയുടെ പ്രശ്നം വന്നപ്പോഴും ആദ്യം പ്രമേയം പാസാക്കിയത് കേരള നിയമസഭയായിരുന്നു. ഇങ്ങനെ, നമ്മുടെ നിയമസഭയ്ക്ക് അഭിമാനകരമായ ചരിത്രമുണ്ട്. പുതിയ കാലത്തിനൊത്ത് എന്തൊക്കെ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു? നിയമസഭയുടെ നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാവണം. ജനങ്ങളുമായി അതിനെ കൂടുതൽ അടുപ്പിക്കണം. അതു നിയമസഭാപ്രവർത്തനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കും. അതിനു വേണ്ടി എന്റെ മുൻഗാമി പി. ശ്രീരാമകൃഷ്ണൻ ചില മുൻകൈയെടുക്കലുകൾ നടത്തിയിരുന്നു. ഇ-നിയമസഭ, സഭാ ടി.വി പോലുള്ള പദ്ധതികൾ പൂർണതയിലെത്തിക്കും. തത്സമയം നിയമസഭാനടപടികൾ ജനങ്ങൾക്കു ലഭ്യമാവുന്ന ഒരു സ്ഥിതി വരുമ്പോൾ അത് അംഗങ്ങളുടെ ഉത്തരവാദിത്വബോധം വർധിപ്പിക്കും. അവർ കൂടുതലായി കാര്യങ്ങൾ പഠിച്ച്, ഫലപ്രദമായി അവതരിപ്പിക്കാനും തയ്യാറാവും. അതിനു നിർബന്ധിതരുമാവും. ജനങ്ങളെ സംബന്ധിച്ച് തങ്ങളെ പ്രതിനിധാനം ചെയ്യുന്നവർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നു നേരിട്ടു വിലയിരുത്താനുള്ള അവസരമായിരിക്കും. എം.എൽ.എമാരുടെ പ്രാഥമികകടമ നിയമനിർമാണത്തിൽ പങ്കാളികളാവുക, ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുക എന്നതാണ്. ബാക്കിയെല്ലാം അതിനു ശേഷം വരുന്ന കാര്യങ്ങളാണ്. നിയമസഭാനടപടികൾ സുതാര്യമാക്കിയാൽ, ജനങ്ങൾക്കു നേരിട്ടു കാണാനുള്ള അവസരമൊരുക്കിയാൽ അതു ഗുണപരമായ മാറ്റമുണ്ടാക്കും. കോവിഡ് പോലുള്ള മഹാമാരികാലത്ത് നിയമസഭയുടെ റോൾ എന്താണ്? അതു വളരെ വലുതാണ്. എല്ലാ തരത്തിലുള്ള ഭിന്നതകൾക്കും അതീതമായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി കോവിഡിനെ ചെറുക്കാൻ അണിനിരക്കുകയുണ്ടായി. ഈ ജനകീയ ഐക്യമാണ് കോവിഡ് പ്രതിരോധത്തിലെ കേരള മാതൃകയുടെ ഏറ്റവും വലിയ സവിശേഷത. ആ ജനതയെയാണ് ഈ നിയമസഭ പ്രതിനിധീകരിക്കുന്നത്. അവരുടെ പ്രതീക്ഷകൾക്കും വിശ്വാസത്തിനുമനുസരിച്ച് ഉയർന്നു പ്രവർത്തിക്കാൻ നിയമസഭയ്ക്കും നിയമസഭാംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. മന്ത്രിസഭയിൽ പുതുമുഖങ്ങൾ, പ്രതിപക്ഷത്തും പുതുമുഖം. ഇങ്ങനെ പുതുമോടിയിലുള്ള നിയമസഭയെക്കുറിച്ച്? അത് ഈ നിയമസഭയുടെ സവിശേഷതയും അനുകൂലഘടകവുമായി ഞാൻ കണക്കാക്കുന്നു. ഇത്തവണ 53 പേരുണ്ട് പുതുമുഖങ്ങൾ. അതേസമയം, മുഖ്യമന്ത്രി, സഭയിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ ഉമ്മൻചാണ്ടി, മുൻപ്രതിപക്ഷ നേതാവ് തുടങ്ങീ പരിണതപ്രജ്ഞരായ ഒട്ടേറെ പേരുണ്ട്. മുതിർന്നവരുടെ അനുഭവസമ്പത്തും പതിവിൽ കൂടുതലുള്ള പുതുമുഖങ്ങളുടെ ഊർജസ്വലതയും ആവേശവും പഠിക്കാനുള്ള അഭിവാഞ്ജയുമെല്ലാം ഈ നിയമസഭയെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉയർന്ന നിലവാരമുള്ള സഭയാക്കി മാറ്റാൻ സഹായിക്കും. മുൻസ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരേ ഉയർന്ന ആരോപണവും അവിശ്വാസപ്രമേയവുമൊക്കെ പദവിയും ഓഫീസും കൂടുതൽ ജാഗ്രത പുലർത്തണമെന്ന പാഠമല്ലേ? ഏതു പൊതു ഉത്തരവാദിത്വവും കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്നതാണ്. ഇതുപോലുള്ള പദവികളിൽ ഇരിക്കുന്ന എല്ലാവരെ സംബന്ധിച്ചും ജാഗ്രത ആവശ്യമാണ്. മുൻസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തന്നെ അക്കാര്യം പറയുകയും ചെയ്തു. സ്പീക്കറെന്ന നിലയിൽ ജനങ്ങൾക്കു നൽകാനുള്ള ഉറപ്പ്? ഇന്ത്യൻ ഭരണഘടനയുടെ ഉന്നതമായ മൂല്യങ്ങൾ, ഇന്ത്യ എന്ന ആശയത്തിന്റെ ഹൃദയമായ വൈവിധ്യം, ബഹുസ്വരത, മതനിരപേക്ഷത... അതിനോടു വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത പുലർത്തുന്നതും നമ്മുടെ നാട്ടിലെ ജനങ്ങളുടെ - പ്രത്യേകിച്ച് പാവപ്പെട്ടവരുടെ- ജീവിതത്തെ മാറ്റിമറിക്കുന്ന നിയമനിർമാണങ്ങളുടെ പാരമ്പര്യം തുടരുന്നതായിരിക്കും ഈ നിയമസഭ.
from mathrubhumi.latestnews.rssfeed https://ift.tt/3hQazoY
via
IFTTT