Breaking

Saturday, May 29, 2021

വിദേശയാത്ര പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ നൽകും;നാലുമുതൽ ആറാഴ്ചയ്ക്കകം രണ്ടാംഡോസും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമായി പോകുന്നവർക്ക് കോവിഷീൽഡ് വാക്സിൻ നൽകും. പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ വാക്സിനേഷൻ സർട്ടിഫിക്കറ്റും ഇവർക്ക് സംസ്ഥാന സർക്കാർ നൽകും. ആദ്യ ഡോസ് പ്രതിരോധമരുന്നു സ്വീകരിച്ചവർക്ക് യാത്രാരേഖകൾ പരിശോധിച്ച് നാലുമുതൽ ആറാഴ്ചയ്ക്കകം രണ്ടാംഡോസും നൽകും. നിർദിഷ്ട മാതൃകയിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള വിസ, വിദ്യാർഥികളാണെങ്കിൽ അഡ്മിഷൻ രേഖകൾ, ജോലിക്ക് പോകുന്നവർ ജോബ് കൺഫർമേഷൻ അല്ലെങ്കിൽ വർക് പെർമിറ്റ് തുടങ്ങിയ രേഖകൾ ഹാജരാക്കണം. നിലവിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തശേഷമാണ് പ്രതിരോധമരുന്ന് നൽകുന്നത്. ഇതിൽനിന്നുതന്നെയാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റും ലഭിക്കുന്നത്. സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ഉൾപ്പെടുത്തണമെന്ന് ചില വിദേശ രാജ്യങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അതനുസരിച്ച് സർട്ടിഫിക്കറ്റിൽ മാറ്റം വരുത്തണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല. ചില രാജ്യങ്ങൾ പ്രതിരോധമരുന്നിന്റെ പട്ടികയിൽ കൊവാക്സിൻ ഉൾപ്പെടുത്താത്തതിനാൽ ആ മരുന്ന് സ്വീകരിച്ചവരുടെ വിദേശയാത്രയും തടസ്സപ്പെടുന്നുണ്ട്. സർട്ടിഫിക്കറ്റിൽ കൊവിഷീൽഡ് എന്നതിനുപകരം അതിന്റെ ബ്രാൻഡ് നാമമായ ഓക്സഫഡ് ആസ്ട്രസെനക വാക്സിൻ എന്ന് രേഖപ്പെടുത്തണമെന്നും ചില രാജ്യങ്ങൾ നിർബന്ധിക്കുന്നുണ്ട്. ഇതും കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. 18-നും 45-നും ഇടയിൽ പ്രായമുള്ളവർക്ക് നൽകാനായി സംസ്ഥാനം കമ്പനികളിൽനിന്ന് നേരിട്ട് വാങ്ങിയ മരുന്നാണ് വിദേശത്തേക്ക് പോകുന്നവർക്ക് ഉപയോഗിക്കുക. Content Highlights: Covishield Gap Reduced for Keralites Travelling Abroad, Govt to Issue Vaccine Docus with Passport Numbers


from mathrubhumi.latestnews.rssfeed https://ift.tt/2R0c2xQ
via IFTTT