Breaking

Sunday, May 30, 2021

വീരമൃത്യു വരിച്ച ഭർത്താവിൽനിന്ന് പ്രചോദനം; അഭിമാനമായി നിതിക

ന്യൂഡൽഹി: 2019-ൽ ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ വിഭുതി ശങ്കർ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗൾ സൈന്യത്തിന്റെ ഭാഗമായി. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ (ഒ.ടി.എ.) നിന്ന് പരിശീലനം പൂർത്തിയാക്കിയ നിതികയ്ക്ക് വടക്കൻ കമാൻഡിന്റെ സൈനിക കമാൻഡർ ലഫ്. ജനറൽ വൈ.കെ. ജോഷിയാണ് ശനിയാഴ്ച പദവിനക്ഷത്രങ്ങൾ നൽകിയത്. മേജർ ധൗണ്ടിയാലിനെ മരണാനന്തര ബഹുമതിയായി രാജ്യം ശൗര്യചക്ര നൽകി ആദരിച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഒൻപതുമാസം പിന്നിടുമ്പോഴാണ് ധൗണ്ടിയാൽ വീരചരമം പ്രാപിക്കുന്നത്. ഭർത്താവിന്റെ മരണത്തിൽ തളർന്നിരിക്കാതെ അദ്ദേഹത്തിൽനിന്ന് ഉൾക്കൊണ്ട പ്രചോദനം കരുത്താക്കി 29-കാരി നിതിക സൈന്യത്തിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. ആറുമാസത്തിനു ശേഷം ഷോർട്ട് സർവീസ് കമ്മിഷൻ (എസ.്എസ്.സി.) പരീക്ഷയിലും അഭിമുഖത്തിലും വിജയം വരിച്ചു. തുടർന്ന് ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിൽ ഒരു വർഷത്തെ പരിശീലനം മേയ് 29-നാണ് പൂർത്തിയായത്. പ്രതിരോധ മന്ത്രാലയത്തിന്റെ ഉധംപുർ പി.ആർ.ഒ. നിതികയുടെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. തുടർന്ന് ഡയറക്ടർ ജനറൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി (ഡി.ഐ.എ.) ലഫ്റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ ഉൾപ്പെടെ ഒട്ടേറേപ്പേരാണ് ആശംസ അറിയിച്ചത്. നിതികയുടെ വിജയത്തെ അഭിമാനനിമിഷമെന്നാണ് പ്രതിരോധമന്ത്രാലയം ട്വീറ്റിലൂടെ വിശേഷിപ്പിച്ചത്. Content Highlights: Pulwama martyr Major Dhoundiyals wife Nitika Kaul joins Indian Army


from mathrubhumi.latestnews.rssfeed https://ift.tt/3i3SjJ0
via IFTTT