എന്റെ അമ്മ പോയി, പക്ഷെ അമ്മയുടെ അരികിലേക്ക് ഞാൻ ഓടിയെത്തിയിട്ടും കാര്യമില്ലല്ലോ, ജീവന് വേണ്ടി പിടയുന്ന കുറേ പേരുണ്ടിവിടെ, അവരെ ആശുപത്രിയിലെത്തുകയാണ് പ്രധാനം. എന്റെ അമ്മ സ്വർഗത്തിലിരുന്ന് അത് കണ്ട് ആഹ്ളാദിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നുണ്ടാവും. അതു മതിയെനിക്ക്. ജോലിക്കിടെ അമ്മയുടെ മരണവാർത്തയറിഞ്ഞിട്ടും തന്റെ ജോലി സമയം പൂർത്തിയാക്കിയ ശേഷം മാത്രം നാട്ടിലേക്ക് പോകാൻ തയ്യാറായ പ്രഭാത് യാദവിന്റെ പ്രതികരണമാണിത്. മഥുരയിൽ ആംബുലൻസ് ഡ്രൈവറായി പ്രവർത്തിക്കുകയാണ് പ്രഭാത്. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അമ്മ മരിച്ച വിവരവുമായി ഫോൺവിളിയെത്തുമ്പോഴും പ്രഭാത് ഡ്യൂട്ടിയിലായിരുന്നു. തന്റെ ഷിഫ്റ്റ് പൂർത്തിയാക്കാതെ പോയാൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ ചിലപ്പോൾ ആ സമയത്ത് ഡ്രൈവറെ കിട്ടിയെന്ന് വരില്ല. എന്തായാലും ജോലി സമയത്തിന് ശേഷം എത്താമെന്ന് അദ്ദേഹം ബന്ധുക്കളെ അറിയിച്ചു. പതിനഞ്ച് രോഗികളെ കൂടി ആശുപത്രിയിലെത്തിച്ച ശേഷം പ്രഭാത് 200 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് പോയി. അന്ത്യകർമങ്ങൾക്ക് ശേഷം അടുത്ത ദിവസം തന്നെ ജോലിക്കായി മടങ്ങിയെത്തുകയും ചെയ്തു. ഒമ്പത് കൊല്ലമായി 108 ആംബുലൻസിന്റെ ഡ്രൈവറാണ് പ്രഭാത്. കഴിഞ്ഞ കൊല്ലം മാർച്ചിലാണ് കോവിഡ് രോഗികൾക്കായി തുടങ്ങിയ ഓട്ടം രോഗവ്യാപനം കുറഞ്ഞപ്പോൾ നിർത്തിവെച്ചെങ്കിലും രണ്ടാം തരംഗം എത്തിയതോടെ ഏപ്രിലിൽ വീണ്ടും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും കോവിഡ് രോഗികളുടെ ഡ്രൈവറായി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് പ്രഭാതിന്റെ അച്ഛൻ കഴിഞ്ഞ നവംബറിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. അന്നും വീട്ടിലെത്തി അച്ഛന്റെ അന്ത്യശുശ്രൂഷകൾക്ക് ശേഷം അടുത്ത ദിവസം തന്നെ പ്രഭാത് ജോലിക്കായി തിരികെയെത്തി. അമ്മയുടെ മരണത്തെ തുടർന്ന് കുറച്ച് ദിവസം അവധി അനുവദിച്ചെങ്കിലും താൻ ജോലിക്കായി മടങ്ങുകയാണെന്ന് പ്രഭാത് അറിയിച്ചതായി മഥുരയിലെ 102,108 ആംബുലൻസുകളുടെ പ്രോഗ്രാം മാനേജറായ അജയ് സിങ് പറഞ്ഞു. തന്റെ ജോലിയിൽ ഏറെ ആത്മാർഥത പുലർത്തുന്ന പ്രഭാതിന് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രസൗകര്യം അജയ് സിങ്ങാണ് ഒരുക്കിയത്. Content Highlights: Mathura Ambulance Driver Ferries Covid Patients to Hospital Despite News
from mathrubhumi.latestnews.rssfeed https://ift.tt/2RLNbhJ
via
IFTTT