Breaking

Sunday, May 30, 2021

കോഴിക്കോട്ട് നടന്ന ഫ്രഞ്ച് ബേക്കറി വിപ്ലവത്തിന്റെ കഥ: തിരിയിട്ടത് കോത എന്ന മീന്‍വില്‍പനക്കാരി

കോഴിക്കോട്ടങ്ങാടിയിൽ ഫ്രഞ്ച് വിപ്ലവമോ? 'നാം നമ്മുടേതെന്നും അവർ അവരുടേതെന്നും' എന്ന ലൈനിൽ സാമ്രാജ്യത്വശക്തികളായ ഫ്രാൻസും ബ്രിട്ടനും കോഴിക്കോട്ടെ ഏഴരയേക്കർ വരുന്ന മണ്ണിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ വെല്ലുവിളികൾ ഉയർത്തിയ ഒരു കാലമുണ്ടായിരുന്നു. സംഗതി ഒരു യുദ്ധത്തിൽ കലാശിക്കേണ്ടതായിരുന്നു. പക്ഷേ, നടന്നില്ല. ആ ഫ്രഞ്ച് വിപ്ലവത്തിനു തിരിയിട്ടത് കോത എന്ന മീൻ വിൽപ്പനക്കാരിയും തുടർന്ന് അത് ഏറ്റെടുത്ത് മുൻപോട്ട് കൊണ്ടുപോയത് കണാരൻ എന്ന മറ്റൊരു മീൻ കച്ചവടക്കാരനുമായിരുന്നുവെന്ന് നഗരപൈതൃകങ്ങൾ എഴുതുന്നതിൽ മിടുക്കനായ ആലപ്പുഴക്കാരൻ ടി.ബി. സെലുരാജ് 'കോഴിക്കോടിന്റെ പൈതൃകം' എന്ന പുസ്തകത്തിൽ തെളിവുകൾ നിരത്തുന്നുണ്ട്. ഇന്ത്യ സ്വതന്ത്രയായതോടെ ഫ്രാൻസും ബ്രിട്ടനും സ്ഥലംവിട്ടെങ്കിലും അവിടെ രണ്ടാമതൊരു വിപ്ലവംകൂടി നടന്നു. അതിൽ പങ്കെടുത്തവരിൽ രണ്ടുപേർ സിനിമാക്കാരായിരുന്നു എന്നതാണ് ഇതിലെ കൗതുകം. ചലച്ചിത്രസംവിധായകൻ പവിത്രനും നടൻ വി.കെ. ശ്രീരാമനും. സിനിമാപ്രവർത്തകർ സാമൂഹിക/നൈതിക പ്രശ്നങ്ങളിൽ ഇടപെടാറുണ്ടോ? അത് പതിവില്ലാത്തതാണ്. നമുക്ക് നമ്മുടെ പണിപോരേ, വെറുതേ സാമൂഹികപ്രശ്നങ്ങളിൽപ്പോയി തലവെക്കണോ എന്ന ലൈനാണല്ലോ പൊതുവേ. എന്നാൽ, കീഴ്വഴക്കങ്ങൾക്ക് തരിമ്പും തലകുനിക്കാത്ത സംവിധായകൻ പവിത്രനും സന്തത സഹചാരിയും നടനും എഴുത്തുകാരനുമൊക്കെയായ വി.കെ. ശ്രീരാമനും നാല്പതുവർഷംമുമ്പ് കോഴിക്കോട്ട് നടന്ന ഒരു ഫ്രഞ്ച് വിപ്ലവത്തിൽ പങ്കാളികളായി. അക്കഥയാണിനി പറയുന്നത്. അക്കാലത്ത് ഞാൻകൂടി അംഗമായ 'വിപ്ലവ വിദ്യാർഥിസംഘടന' എന്നൊരു വിദ്യാർഥി പ്രസ്ഥാനം മുളപൊട്ടിവരുന്നുണ്ടായിരുന്നു. എണ്ണബലത്തിൽ അത്രവലിയ സംഘടനയൊന്നുമായിരുന്നില്ലെങ്കിലും തിണ്ണബലത്തിൽ ഞങ്ങൾ മോശക്കാരല്ലായിരുന്നു. സംഘടനയ്ക്ക് സ്വന്തമായി 'കോറസ്' എന്നൊരു പ്രസിദ്ധീകരണവും അതിന് എൻജിനിയറിങ് വിദ്യാർഥിയായ അയ്യപ്പൻ എന്നൊരു എഡിറ്ററും ഉണ്ടായിരുന്നു. വിദ്യാർഥിസമരങ്ങളിൽ ഞങ്ങളും ഒട്ടും പിറകിലായിരുന്നില്ല. പലപ്പോഴും മറ്റ് വിദ്യാർഥിസംഘടനകൾ ആരംഭിക്കുകയും പിന്നീട് മുകളിൽനിന്നുള്ള ശാസനപ്രകാരം നിർത്തിവെക്കുകയോ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന സമരങ്ങൾ ഏറ്റെടുക്കുകയും അത് സമൂഹമധ്യത്തിൽ ചർച്ചയാക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ഒരു ലൈൻ. ഇന്ന് ആലോചിക്കുമ്പോൾ അതൊക്കെ ഒരസംബന്ധമായിരുന്നോ എന്ന് തോന്നിയേക്കാം. എന്നാൽ, അസംബന്ധാലുക്കൾക്കും അരാജകവാദികൾക്കും ഇടമില്ലാത്തവിധം നാടിനെ വിപ്ലവ സജ്ജമാക്കുകയായിരുന്നല്ലോ അന്ന് നമ്മുടെ ലക്ഷ്യം! റാഗിങ്ങും ബാലകൃഷ്ണന്റെആത്മഹത്യയും എൻജിനിയറിങ് കോളേജ്, മെഡിക്കൽ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ഗുരുവായൂരപ്പൻ കോളേജ്, ചേളന്നൂർ എസ്.എൻ. കോളേജ് എന്നിവയായിരുന്നു കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ പ്രധാനപ്പെട്ട തിണ്ണബലങ്ങൾ. അതിനർഥം കാസർകോടുമുതൽ തിരുവനന്തപുരംവരെ ഞങ്ങളുടെ സംഘടനയ്ക്ക് വേരുകളില്ലെന്നല്ല. എല്ലായിടത്തും ഗുണത്തിൽ മെച്ചപ്പെട്ട ഇടിവെട്ട് സഖാക്കൾതന്നെ പ്രവർത്തകരായി ഉണ്ടായിരുന്നു. ആയിടയ്ക്കാണ് കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥിയായിരുന്ന ബാലകൃഷ്ണൻ റാഗിങ് എന്ന ക്രൂരവിനോദത്തിന് ഇരയായതും തുടർന്ന് അപമാനഭാരത്താൽ ആത്മഹത്യയിൽ അഭയം തേടിയതും. കോഴിക്കോട് പുതിയപാലത്തിനു സമീപത്ത് വൈദ്യുതിപോലുമില്ലാത്ത ഒരു ഓലക്കുടിലിലായിരുന്നു ബാലകൃഷ്ണൻ താമസിച്ചിരുന്നത്. അച്ഛൻ നേരത്തേ മരിച്ചുപോയതിനാൽ കൂലിപ്പണിയെടുത്താണ് അമ്മ ആ കുട്ടിയെ പഠിപ്പിച്ചത്. പഠനത്തിൽ മിടുക്കനായ ബാലകൃഷ്ണൻ നല്ലമാർക്ക് വാങ്ങി പ്രവേശനപരീക്ഷ പാസാവുകയും കോഴിക്കോട് റീജണൽ എൻജിനിയറിങ് കോളേജിൽ (ഇന്നത്തെ സ്വാശ്രയനല്ല, ഒറിജിനൽ എൻജിനിയറിങ് കോളേജിൽത്തന്നെ) പ്രവേശനം നേടുകയും ചെയ്തു. ആ കാലത്ത് പ്രൊഫഷണൽ കോളേജുകളിൽ റാഗിങ് ഒരു ഫാഷനായിരുന്നല്ലോ (എം.ടി.യുടെ 'അമൃതം ഗമയ' എന്ന സിനിമ ഓർക്കുക). കുട്ടികൾക്കിടയിലുള്ള ഒരു കുസൃതിക്കപ്പുറം പലപ്പോഴും ഇത് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുട്ടികളുടെമേൽ സമ്പന്നഭവനങ്ങളിൽനിന്ന് വരുന്ന പിള്ളേരുടെ കുതിരകയറ്റമായി മാറാറുണ്ട്. അതിരുവിട്ട ഇത്തരം തമാശകൾ ഇല്ലാതാക്കാൻ കോളേജ് അധികൃതരോ നിയമപാലകരോ വേണ്ടത്ര ഇടപെടൽ നടത്താതിരിക്കുന്നതും അന്നൊരു ഫാഷനായിരുന്നു. (ചുരുക്കം ചില പ്രധാനാധ്യാപകർ റാഗിങ്ങിനെതിരേ ശക്തമായ നിലപാടുകൾ എടുത്തിരുന്നുവെന്നത് വിസ്മരിക്കുന്നില്ല). പുതുതായി കോളേജിൽ ചേർന്നെങ്കിലും ഒരു പാന്റ്സ് വാങ്ങിക്കാൻപോലും പണമില്ലാതിരുന്ന ബാലകൃഷ്ണൻ മുണ്ടുടുത്താണ് കോളേജിൽ വന്നിരുന്നത്. റാഗിങ്ങിന്റെ ഭാഗമായി അവന്റെ ഉടുമുണ്ട് പരസ്യമായി ഉരിഞ്ഞുകളയുകയും തലമുടി മുറിച്ച് വികൃതമാക്കുകയും അക്കാലത്തെ പോലീസുകാരെപ്പോലും തോൽപ്പിക്കുന്ന രീതിയിൽ അതിക്രൂരമായി ഭേദ്യംചെയ്യുകയും സ്വന്തം മൂത്രം കുടിപ്പിക്കുകയുമൊക്കെ ചെയ്തയായി പിന്നീട് ഞങ്ങളുടെ സംഘടന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റാഗിങ് എന്ന പ്രാകൃതവിനോദപരിപാടി ഇനിയും തുടരാൻ അനുവദിച്ചുകൂടാ എന്നും ബാലകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് കനത്തശിക്ഷ നൽകണമെന്നും വിദ്യാർഥികൾക്കിടയിൽനിന്നുതന്നെ അഭിപ്രായം ഉയർന്നുവന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ വിദ്യാർഥിസംഘടനയിലെ പ്രധാന പ്രവർത്തകരും ആർ.ഇ.സി.യിലെ തന്നെ വിദ്യാർഥികളുമായ സിറാജ്, ശ്രീനിവാസൻ, അയ്യപ്പൻ, ഹരിദാസൻ, ശശി, രാജീവൻ തുടങ്ങിയവരടങ്ങിയ സംഘം പ്രാഥമികമായി ഒരന്വേഷണം നടത്താൻ തീരുമാനിക്കുന്നു, ബാലകൃഷ്ണന്റെ മരണത്തിനു കാരണക്കാരായ വിദ്യാർഥികൾക്കെതിരേ നടപടിയെടുക്കണമെന്ന് കോളേജ് നോട്ടീസ് ബോർഡിൽ പോസ്റ്റർ പതിക്കുന്നു, തുടർന്ന് കാമ്പസിൽ മാത്രമല്ല, നഗരത്തിലും മറ്റു കോളേജുകളിലും പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നു. ഇതിൽ കുപിതരും, കുറ്റവാളികളുമായ സീനിയർ വിദ്യാർഥികൾ കോളേജ് ഹോക്കി ടീം ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഹോസ്റ്റൽ മുറിയിലിട്ട് സംഘടനാപ്രവർത്തകരായ വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്നു. എണ്ണത്തിൽ കുറവാണെങ്കിലും പ്രവൃത്തിയിൽ മുമ്പന്മാരായ വിദ്യാർഥിസഖാക്കൾ വെറുതേയിരുന്നില്ല. ബാലകൃഷ്ണന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ സീനിയർ വിദ്യാർഥികളുടെ ലിസ്റ്റ് തയ്യാറാക്കുന്നു. കുറ്റവാളികളിൽ മിക്കവാറുംപേർ വടക്കേയിന്ത്യയിൽനിന്നുള്ളവരാണ് (അന്ന് അഖിലേന്ത്യാ തലത്തിലാണ് പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം ലഭിക്കുക). ഇത്തരം കുറ്റങ്ങൾ പൊതുവേ കോടതികളിൽ നിലനിൽക്കാതെ പോകുന്ന ഒന്നായതിനാൽ കുറ്റക്കാർക്ക് ശിക്ഷയൊന്നും ലഭിക്കാറില്ല. അതിനാൽ കുറ്റക്കാർക്ക് കൊടുക്കേണ്ട ശിക്ഷയെപ്പറ്റിയും ധാരണയായി. ഉന്മൂലനം പാർട്ടിയുടെ ലൈനാണെങ്കിലും വിദ്യാർഥികളല്ലേ തത്കാലം നല്ലനടപ്പിനുള്ള ചുട്ടപെട കൊടുത്താൽ മതിയെന്നും അതിൽക്കുറഞ്ഞ ഒന്നും അവർ അർഹിക്കുന്നില്ലെന്ന തീരുമാനത്തിലാണ് വിദ്യാർഥിസംഘടന ഒടുവിൽ എത്തിച്ചേർന്നത്. പക്ഷേ, ശിക്ഷ നടപ്പാക്കാനുള്ള കായികശേഷിയും അംഗബലവും വിദ്യാർഥിസംഘടനയ്ക്കില്ലാത്തതിനാൽ പാർട്ടി (സി.പി.ഐ.എം.എൽ.) നേതൃത്വത്തിലുണ്ടായിരുന്ന വാസുവേട്ടന്റെ മുന്നിൽ പ്രശ്നം അവതരിപ്പിച്ചു. വാസുവേട്ടൻ ജനകീയ സാംസ്കാരിക വേദിയുടെ അമരക്കാരനായ സേതുവേട്ടൻ എന്ന് ഞങ്ങൾ പുതുമുറക്കാർ വിളിക്കുന്ന സേതുവിനെയാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ആക്ഷൻ സംഘവുംപവിത്ര-ശ്രീരാമ സമാഗമവും അങ്ങനെ കുറ്റവാളികൾക്കുള്ള ശിക്ഷ നൽകാനുള്ള അവസരത്തിനായി ഞങ്ങൾ കണ്ണിലെണ്ണയൊഴിക്കാൻ തുടങ്ങി. ആക്ഷന് മുന്നോടിയായി കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പോസ്റ്ററും മറ്റും കാമ്പസ് ഭിത്തികളിൽ സ്ഥലംപിടിച്ചു. വിവരം മനസ്സിലാക്കിയ കുറ്റവാളികൾ കാമ്പസ് വിട്ട് പുറത്തിറങ്ങാതായി. കോളേജ് കാമ്പസിൽ നേരിട്ടുചെന്ന് പി​േള്ളരെ കൈകാര്യം ചെയ്യുന്നത് ശരിയല്ല എന്ന തീരുമാനത്തിൽ അവർ മാളങ്ങളിൽനിന്നു പുറത്തിറങ്ങുന്നത് നീരിക്ഷിക്കാനായി കാമ്പസിൽത്തന്നെയുള്ള വിദ്യാർഥിസഖാക്കൾ ജാഗരൂകരായി. വാരാന്ത്യങ്ങളിൽ വിദ്യാർഥികൾക്ക് നഗരത്തിൽ ചുറ്റിയടിക്കാനും തിരിച്ചുപോകാനും കോളേജ് വക ബസ് സൗകര്യമുണ്ട്. അതിലേറി നമ്മുടെ ക്രിമിനൽസംഘം ഒരു വാരാന്ത്യത്തിൽ കോഴിക്കോട്ടെ പ്രശസ്ത ഹോട്ടലായ ഫ്രഞ്ച് ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തുന്നു. കുറ്റവാളി നിരീക്ഷണസംഘം സി. ഐ.ഡി.കൾ വഴി വിവരം സാംസ്കാരിക വേദിയുടെ കേന്ദ്രഭരണപ്രദേശമായ നളന്ദ ഹോട്ടലിൽ (സേതുവേട്ടൻ എവിടെ താമസിക്കുന്നുവോ അതായിരിക്കും സാംസ്കാരികവേദിയുടെ കേന്ദ്രം) എത്തിക്കുന്നു. അവിടെനിന്നു രഹസ്യസന്ദേശങ്ങൾ പാർട്ടിദൂതന്മാർ മുഖേന വേണ്ടപ്പെട്ടയിടങ്ങളിൽ മിന്നൽ കണക്കേ എത്തുന്നു. ഇവിടെയാണ് മംഗോളിയൻ മുഖച്ഛായയുള്ള സിനിമാ സംവിധായകൻ പവിത്രന്റെ മാസ് എൻട്രി. ഇടുങ്ങിയ കണ്ണുകളും രോമരഹിതമായ മുഖവും രസികത്തം തുളുമ്പുന്ന സംഭാഷണവും കൈമുതലായുള്ള അടിമുടി കണ്ടാണിശ്ശേരിക്കാരനുമായ പവിത്രൻ സിനിമാസംബന്ധിയായ എന്തോ കാര്യത്തിന് സന്തതനായ വി.കെ. ശ്രീരാമനെയുംകൊണ്ട് കോഴിക്കോട്ട് വന്നതാണ്. സുഹൃത്തായ സേതുവിനെക്കാണാൻ നളന്ദയിൽ വന്നപ്പോൾ അവിടെ 'കബനീനദി ചുവക്കുന്ന' സായാഹ്നംപോലെ ചില നിശ്ശബ്ദതകൾ, ഗൂഢാലോചനകൾ, അപരിചിതരുടെ അടക്കിപ്പിടിച്ച സംസാരങ്ങൾ... പവിത്രന് ഒന്നും മനസ്സിലായില്ല, ശ്രീരാമനും. ഒടുവിൽ സേതുവിനോട് കാര്യംചോദിച്ചു. സംഭവിക്കാൻ പോകുന്ന ആക്ഷനെപ്പറ്റി സേതു പറയേണ്ടതാമസം പവിത്രൻ ചിന്താമഗ്നനായി തന്റെ ഊശാൻതാടി ഒന്നുഴിഞ്ഞു, തോളറ്റംവരെയെത്തുന്ന നീണ്ടമുടി പിറകിലേക്ക് കെട്ടിവെച്ചു, ജുബ്ബയുടെ കൈകൾ രണ്ടും മുകളിലേക്ക് തെറുത്തുകയറ്റി, മുണ്ടുമാടിക്കെട്ടി വി.കെ. ശ്രീരാമനെ നോക്കി. അക്കാലത്ത് അടിയും തടയും ഒരു വിനോദോപാധിയായി കുന്നംകുളം അങ്ങാടിയിൽ കൊണ്ടുനടന്നിരുന്ന ശ്രീരാമനാകട്ടെ ഇതിൽപ്പരം ആനന്ദം എന്തുള്ളൂ എന്ന മട്ടിൽ 'അങ്ങനെയെങ്കിൽ ഞാനുമുണ്ട്' എന്നുപറഞ്ഞ് പവിത്രനോടൊപ്പം വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളായി, മുന്നോട്ടുനീങ്ങുന്ന സംഘത്തിന്റെ ഭാഗമായി. പത്രക്കടലാസിൽ പൊതിഞ്ഞുപിടിച്ച് ഇരുമ്പുവടികളും ദൃശ്യഗോചരമല്ലാത്ത ചില സാമഗ്രികളുമായി പാർട്ടിക്കാരുടെ ഒരു സംഘം തൊഴിലാളിസഖാക്കൾ കോഴിക്കോട്ടെ പ്രസിദ്ധമായ ഫ്രഞ്ച് ബേക്കറി പരിസരത്ത് ചുറ്റിപ്പറ്റുന്നു. കോഴിക്കോട്ടുകാർക്ക് ചിരപരിചിതനായ സേതു ഹോട്ടലുടമയെ കാണുന്നു. റാഗിങ്മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന ദരിദ്രനായ ബാലകൃഷ്ണൻ എന്ന വിദ്യാർഥിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവരെ ഉടൻ ഹോട്ടലിൽനിന്നു ഇറക്കിവിടണമെന്ന് ആവശ്യപ്പെടുന്നു. കൂടുതലൊന്നും ആലോചിക്കാൻ നിൽക്കാതെ ഹോട്ടലുടമ അപ്പോൾത്തന്നെ വിദ്യാർഥി ക്രിമിനലുകളോട് പുറത്തിറങ്ങാൻ പറയുന്നു. അവർക്ക് കാര്യം മനസ്സിലായി, അവരും ഇത്തരമൊരു ഏറ്റുമുട്ടൽ പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നു. പുറത്തിറങ്ങാൻ ആദ്യമൊന്നും ആ സംഘം കൂട്ടാക്കിയില്ല. എന്നാൽ, ഹോട്ടൽ തല്ലിപ്പൊളിക്കുന്നതിനോട് സഖാക്കൾക്ക് താത്പര്യമുണ്ടായിരുന്നില്ല. അത് ഹോട്ടൽ ഉടമയ്ക്കും മനസ്സിലായി. താമസിച്ചില്ല, അയാൾ അവരെ നിഷ്കരുണം പുറത്താക്കി കടയടയ്ക്കേണ്ടതാമസം അടപടലം അടിയും തുടങ്ങി. അവരും മോശക്കാരായിരുന്നില്ല, കരാട്ടെ തുടങ്ങിയ പരിപാടികളും ഇടിക്കട്ട, കത്തി തുടങ്ങിയ വസ്തുക്കളുമായാണ് പിള്ളേർ വന്നിരുന്നത്. പക്ഷേ, തൊഴിലാളിസഖാക്കന്മാരുടെ അടി താങ്ങാനുണ്ടോ അവർക്കാവുന്നു ! തലങ്ങും വിലങ്ങും അടികൊണ്ട് രണ്ടുപേരുടെ തലപൊളിഞ്ഞു. ശേഷിച്ചവരുടെ കൈകൾ കാലുകൾ എന്നിവയാണ് തല്ലിയൊടിക്കപ്പെട്ടത്. പോലീസ് സ്റ്റേഷൻ ആണെന്നുകരുതി തൊട്ടടുത്ത ഫയർ സ്റ്റേഷൻ കെട്ടിടത്തിലേക്ക് പ്രാണരക്ഷാർഥം ഓടിക്കയറിയവരെ കാര്യമറിഞ്ഞതോടെ ഫയർ ഫോഴ്സുകാരും കൈവിട്ടു. അതിനാൽ ബാക്കി കൊടുക്കാനുള്ളതുകൂടി അവിടെയിട്ട് കൊടുത്തശേഷം റാഗിങ്ങിനെതിരേ മുദ്രാവാക്യവും മുഴക്കി സംഘം പിരിഞ്ഞുപോയി. ഫ്രഞ്ച് വിപ്ലവത്തിന് സൈന്യസജ്ജരായി വരുകയും പോരാടുകയുംചെയ്ത പാർട്ടി സഖാക്കളെ സംബന്ധിച്ചിടത്തോളം പവിത്രന്റെയും ശ്രീരാമന്റെയും അപ്രതീക്ഷിത ഇടപെടൽ ശരിക്കും അമ്പരപ്പാണുണ്ടാക്കിയത്. കബനീനദി ചുവപ്പിച്ച പവിത്രൻ എന്ന സംവിധായകനെക്കുറിച്ച് കേട്ടറിവുണ്ടാകാമെങ്കിലും കണ്ടറിവ് ഇവരിലധികം പേർക്കുമില്ലായിരുന്നു. ശരീരശേഷിയിൽ മുൻപനായിരുന്ന ശ്രീരാമനെ അടിവിദഗ്ധനായിട്ടായിരിക്കാം അവർ കണ്ടത്. ശ്രീരാമൻ ഇന്നത്തെപ്പോലെ അന്നും സിനിമാക്കാരനാകണമെന്ന് ആലോചിച്ച് തീർന്നിരുന്നില്ലല്ലോ. പവിത്രന്റെ രൂപവും ഭാവവും ഒരു മലയാളിയുടേത് ആയിരുന്നില്ലല്ലോ. അതുകൊണ്ട് അടികൊണ്ട പിള്ളേർ കരുതിയത് ഭീകരരായ ഒളിപ്പോരാളികൾ അയൽരാജ്യങ്ങളിൽനിന്നുപോലും ഞങ്ങളുടെ സംഘടനയ്ക്കുവേണ്ടി വിപ്ലവത്തിൽ പങ്കെടുക്കാൻ ഏതു നേരത്തും എത്തിപ്പെടാം എന്നാണ്. സ്വാഭാവികമായും പോലീസും സന്നാഹങ്ങളും കുതിച്ചെത്തിയെങ്കിലും പരിക്കേറ്റ ആർക്കും പരാതിയില്ലാത്തതിനാലും ഹോട്ടൽ ഉടമയടക്കം ആരും ദൃക്സാക്ഷികളായി ഇല്ലാത്തതിനാലും പോലീസ് കേസെടുത്തില്ല. പകരം, പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. തലയിൽക്കെട്ടും കൈയിലും കാലിലും പ്ലാസ്റ്ററുമിട്ട് അധികനാൾ അവരാരും പിന്നെ കോളേജിൽ തുടർന്നില്ല. ഇനിയും ആക്രമണം ഉണ്ടായേക്കാം എന്ന ഭയത്താൽ കോളേജ് അധികൃതർ വിവരമറിയിച്ചതിനെത്തുടർന്നു പറന്നെത്തിയ രക്ഷിതാക്കൾ കിട്ടിയ വണ്ടിയിൽ പിള്ളേരെയുംകൊണ്ട് വടക്കേ ഇന്ത്യയിലേക്കുതന്നെ മണ്ടിപ്പറന്നു. പവിത്രനും ശ്രീരാമനും തങ്ങൾ കോഴിക്കോട്ട് വന്നത് ഇതിനുവേണ്ടി മാത്രമാണെന്ന് മട്ടിൽ വിപ്ലവം കഴിഞ്ഞപാടേ അടുത്ത വണ്ടിക്ക് 'യാരോ ഒരാളന്മാരാ'യി കുന്നംകുളത്തേക്കുതന്നെ തിരിച്ചുപോയി. ഫ്രഞ്ച് ബേക്കറി വിപ്ലവത്തോടെ താത്കാലികമായെങ്കിലും കോഴിക്കോട് ആർ.ഇ.സി.യിൽ റാഗിങ് എന്ന ക്രൂരവിനോദം അവസാനിച്ചു. പവിത്രൻ എന്ന സംവിധായകന്റെ സിനിമകളാണോ ഫ്രഞ്ച് ബേക്കറി വിപ്ലവത്തിൽ പങ്കെടുത്ത പവിത്രനാണോ മനസ്സിൽ ഇപ്പോഴും ജ്വലിച്ചുനിൽക്കുന്നത് എന്നു ചോദിച്ചാൽ അതിനുത്തരം രണ്ടാമത് പറഞ്ഞതുതന്നെ, സംശയമില്ല. വാൽക്കഷണം: ഇതൊക്കെ നടക്കുമ്പോൾ താനെവിടെയായിരുന്നു എന്ന് എന്നോട് ചോദിക്കുന്നവരോട്: നാല്പതുവർഷത്തിനുശേഷം മേൽപ്പറഞ്ഞ ഫ്രഞ്ച് ബേക്കറി വിപ്ലവചരിതം മാതൃഭൂമി വാരാന്തപ്പതിപ്പിൽ രേഖപ്പെടുത്താൻ നിയോഗമുള്ളതിനാലോ അക്കാലത്തെ എന്റെ ശരീരസ്ഥിതി കണ്ടു മനസ്സലിഞ്ഞിട്ടോ സേതുവേട്ടൻ എന്നെ നിരീക്ഷകനായി നിർത്തുകയാണുണ്ടായത്.


from mathrubhumi.latestnews.rssfeed https://ift.tt/2R2qqWo
via IFTTT