തിരുവനന്തപുരം: സംസ്ഥാനത്ത് 68.5 ശതമാനം പ്രൈമറിസ്കൂൾ വിദ്യാർഥികൾക്കും ഡിജിറ്റൽ ക്ലാസുകളിലൂടെ പഠിക്കാൻ താത്പര്യമില്ലെന്ന് കണ്ടെത്തൽ. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ 26.09 ശതമാനത്തിനാണ് ഡിജിറ്റൽ ക്ലാസുകളോട് വൈമുഖ്യമുള്ളത്. അതേസമയം, 21.34 ശതമാനം വിദ്യാർഥികൾ ഡിജിറ്റൽ ക്ലാസ് വേണമെന്ന് അഭിപ്രായപ്പെട്ടതായും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതിയും തിരുവനന്തപുരം സർക്കാർ വനിതാകോളേജിലെ സൈക്കോളജിക്കൽ റിസോഴ്സ് സെന്ററുമായി ചേർന്ന് നടത്തിയ പഠനം കണ്ടെത്തി. റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. കോവിഡ് കാലത്ത് സ്കൂൾവിദ്യാർഥികളുടെ അക്കാദമിക് അവസ്ഥയും വിദ്യാർഥികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മാനസികാരോഗ്യവുമാണ് പഠനവിധേയമാക്കിയത്. 14 ജില്ലകളിലായി 85 സ്കൂളുകളിലെ ഒന്നുമുതൽ 12 വരെയുള്ള 2829 വിദ്യാർഥികളെ പഠനവിധേയമാക്കിയിരുന്നു. സ്കൂൾ തുറന്നതിനുശേഷവും ഡിജിറ്റൽ ക്ലാസ് ഒരുപരിധിവരെ തുടരാമെന്ന് 34.19 ശതമാനം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്തെ ഡിജിറ്റൽവിദ്യാഭ്യാസം വിദ്യാർഥികളെ പഠനപാതയിൽ നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്നാണ് പൊതുവിലയിരുത്തൽ. എന്നാൽ, പഠനത്തെ അതിന്റെ സമഗ്രതയിൽ അനുഭവവേദ്യമാക്കാൻ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നില്ല. ദുർബല ജനവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ പങ്കാളിത്തം നേരിയതോതിൽ കുറവാണ്. ഡിജിറ്റൽ പഠനം നീണ്ടുപോകുന്തോറും താത്പര്യം കുറഞ്ഞിട്ടുണ്ട്. മാതാപിതാക്കൾ, അധ്യാപകർ, സ്കൂൾ കൗൺസലർമാർ, സൗഹൃദ ക്ലബ്ബ് കോ-ഓർഡിനേറ്റർമാർ എന്നിവരെയും പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. Content Highlights: Children and digital learnings
from mathrubhumi.latestnews.rssfeed https://ift.tt/34q7Sm0
via
IFTTT