Breaking

Saturday, May 29, 2021

70 കഴിഞ്ഞവരെ രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന് കോൺഗ്രസിലെ യുവനിര

ന്യൂഡൽഹി: കോൺഗ്രസ് പുനഃസംഘടനാ വേളയിൽ 70 വയസ്സ് കഴിഞ്ഞ നേതാക്കളെയെല്ലാം രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയാൽ മതിയെന്ന അഭിപ്രായവുമായി യുവനേതാക്കൾ. കേരളത്തിലെ പാർട്ടിയുടെ തോൽവി പഠിക്കുന്ന അശോക് ചവാൻ സമിതിക്കും എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിനും മുമ്പാകെയാണ് യുവാക്കളും മധ്യവയസ്കരുമായ നേതാക്കൾ ഇക്കാര്യം ആവശ്യപ്പെട്ടത്. മുൻ മന്ത്രിമാരും എം.പി.മാരും എം.എൽ.എ.മാരുമൊക്കെയായ 70 കഴിഞ്ഞ മുതിർന്ന നേതാക്കൾക്ക് അവർ താമസിക്കുന്ന സ്ഥലത്തെ വോട്ടർമാരുമായുള്ള ബന്ധം ഉപയോഗപ്പെടുത്താൻ ബൂത്തുതലത്തിലുള്ള ചുമതലകൂടി നൽകണമെന്നാണ് മറ്റൊരാവശ്യം. ഇവരുടെ മാർഗനിർദേശം താഴെത്തട്ടിൽ പാർട്ടിയെ പരിപോഷിപ്പിക്കുന്നതിന് ഉപയോഗിക്കണമെന്ന് എം.പി.മാരും ചവാൻ സമിതിയോട് ആവശ്യപ്പെട്ടു. അതേസമയം, 70 കഴിഞ്ഞവരെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തോ മറ്റു ഭാരവാഹിസ്ഥാനങ്ങളിലോ പരിഗണിക്കരുതെന്ന ആവശ്യം കെ. സുധാകരന്റെ അധ്യക്ഷനായുള്ള രംഗപ്രവേശം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കെ. സുധാകരനെ അധ്യക്ഷസ്ഥാനത്തു പരിഗണിക്കുകയാണെങ്കിൽ പി.ടി. തോമസിനെ യു.ഡി.എഫ്. കൺവീനറാക്കുകയെന്ന സംസാരം അണിയറയിലുണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷികളെയെല്ലാം ഒന്നിപ്പിക്കാനുള്ള യു.ഡി.എഫ്. കൺവീനർ എന്ന സ്ഥാനം മുതിർന്ന നേതാവായ കെ. സുധാകരന് പ്രായപരിഗണന കൂടാതെ നൽകണമെന്നും പി.ടി. തോമസിനെ കെ.പി.സി.സി. അധ്യക്ഷനാക്കണമെന്നുമാണ് ഈ താത്പര്യമുള്ള നേതാക്കളുടെ ആവശ്യം. മിക്കസംസ്ഥാനങ്ങളിലും കോൺഗ്രസിന് ദളിത് അധ്യക്ഷന്മാരുണ്ടായിട്ടും കേരളത്തിൽ മാത്രം ഉണ്ടായിട്ടില്ലെന്ന വാദവും ഉയരുന്നുണ്ട്. കോൺഗ്രസ് ലോക്സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്റെ പേരാണ് ഈ ആവശ്യവുമായി രംഗത്തുള്ളവർ ഉന്നയിക്കുന്നത്. നേരത്തേ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന തനിക്ക് ഈ അവസരമെങ്കിലും നൽകണമെന്നാവശ്യപ്പെട്ട് സുരേഷ് സോണിയാഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കത്തയച്ചിട്ടുമുണ്ട്. Content Highlights: Congrass, KPCC rashtriya karya samithi


from mathrubhumi.latestnews.rssfeed https://ift.tt/3fsxe9k
via IFTTT