Breaking

Thursday, May 27, 2021

ലക്ഷദ്വീപിലെ ശിവക്ഷേത്രം; സർക്കാരുദ്യോഗസ്ഥന്റെ കുറിപ്പ് വൈറലായി

കുട്ടനാട്: 'ലക്ഷദ്വീപിലെ പരിശീലനത്തിന്റെ ഇടവേളയിലാണ് കവരത്തിയിലെ ക്ഷേത്രത്തിലെത്തിയത്. 99 ശതമാനം മുസ്ലിം സഹോദരങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശം. അതിനു നടുവിൽ ശാന്തസുന്ദരമായൊരു ശിവക്ഷേത്രം. ക്ഷേത്രവളപ്പിന് അവിടെക്കണ്ട മുസ്ലിം പള്ളികളേക്കാളും സ്ഥലമുണ്ടെന്നുതോന്നി. എന്നിട്ടും ഇത്രനാളും 99 ശതമാനത്തിന്റെ ഭൂരിപക്ഷത്തിന് ഇതിടിച്ചുപൊളിക്കാനോ കൈയേറാനോ തോന്നിയില്ല. അതാണ് ദ്വീപിന്റെ സാഹോദര്യം. ബാക്കിയുള്ള ഒരുശതമാനത്തെ ഹൃദയത്തോടുചേർത്തുനിർത്തുന്ന ദ്വീപിന്റെ വലിയമനസ്സ്.'- ആദർശ് വിശ്വനാഥെന്ന ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫെയ്സ്ബുക്കിലിട്ട കുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു. ആദ്യ ലോക്ഡൗണിനു രണ്ടുമാസം മുൻപ് 2020 ജനുവരിയിലാണ് ആദർശടക്കമുള്ള സംഘം ലക്ഷദ്വീപിലെത്തിയത്. ശുചിത്വം, മാലിന്യസംസ്കരണം എന്നീ വിഷയങ്ങളിൽ കേരള മോഡൽ പരിചയപ്പെടുത്തുകയായിരുന്നു ലക്ഷ്യം. തലസ്ഥാനമായ കവരത്തിയിലെ ട്രെയിനിങ് സെന്ററിലെ ഇടവേളകളിലാണ് ലക്ഷദ്വീപിന്റെ സംസ്കാരവും കാഴ്ചകളും തേടിയിറങ്ങിയത്. ഈ യാത്രയ്ക്കിടെ ഒരുദിവസം വൈകീട്ട് കവരത്തി നേവൽ ബേസിന് സമീപമുള്ള ശിവക്ഷേത്രത്തിലെത്തി. ലക്ഷദ്വീപുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ദ്വീപിനെ മനസ്സിലാക്കിയ തന്നെപ്പോലുള്ളവരെ അസ്വസ്ഥരാക്കുന്നതായി അദ്ദേഹം പറയുന്നു. താഴുകൾകൊണ്ടു പൂട്ടിയ ഗേറ്റുകളോ ശ്രീകോവിലുകളോ ദ്വീപിലെ ക്ഷേത്രത്തിനുണ്ടായിരുന്നില്ല. പ്രദേശവാസികളായ മുസ്ലിം സഹോദരങ്ങളുടെ സംരക്ഷണവലയത്തിൽത്തന്നെയായിരുന്നു ക്ഷേത്രം. ദ്വീപിലെ മറ്റുകാഴ്ചകളിൽനിന്ന് വ്യത്യസ്തമായത് ക്ഷേത്രത്തിലെ പടുകൂറ്റൻ ആൽമരമായിരുന്നു. തികച്ചും തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ മാതൃക. കേരളത്തിൽനിന്നെത്തുന്നവർ ദ്വീപുനിവാസികൾക്ക് കരക്കാരാണ്. 'നിങ്ങൾ കരയിൽനിന്നാണോ, നിങ്ങൾ കഴിച്ചോ' ഈ ചോദ്യങ്ങളാണ് ഏറെയും കേൾക്കുക. ദ്വീപുനിവാസിയും സഹപ്രവർത്തകനുമായ മുഹമ്മദ് റഷീദ് ഖാൻ, ഷിബു മേമുറി എന്നിവർക്കൊപ്പമായിരുന്നു ആദർശിന്റെ യാത്ര. ലക്ഷദ്വീപ് യാത്രയെപ്പറ്റിയുള്ള അനുഭവങ്ങൾ ചൊവ്വാഴ്ചരാത്രിയാണ് പങ്കുവെച്ചത്. 19 മണിക്കൂറിനിടെ 22,000 ഷെയറും 17,000 ലൈക്കുകളുമാണ് ലഭിച്ചത്. കൊല്ലം ജില്ലയിലെ നിലമേൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് ആദർശ് ജോലിചെയ്യുന്നത്. Content Highlights: Government employee facebook post about Shiva temple in lakshadweep


from mathrubhumi.latestnews.rssfeed https://ift.tt/3oT2QrC
via IFTTT