Breaking

Friday, May 28, 2021

ഉപദേഷ്ടാക്കളില്ലാതെ പിണറായിയുടെ യാത്ര

കോഴിക്കോട്: വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി വിജയന് ഇത്തവണയും ഉപദേഷ്ടാക്കൾ ഉണ്ടാവുമോ എന്നതിന് സി.പി.എം. നേതൃത്വം കൃത്യമായ ഉത്തരം നൽകിയിട്ടില്ല. എന്നാൽ ആ രീതി തുടരാനിടയില്ലെന്നാണ് സൂചനകൾ. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന ബി.സി. ദത്തനെ പുതുതായി മെന്റർ തസ്തികയിൽ മാറ്റി നിയമിച്ചു കഴിഞ്ഞു. മാധ്യമ ഉപദേഷ്ടാവായിരുന്ന ജോൺ ബ്രിട്ടാസ് രാജ്യസഭാംഗമാണിപ്പോൾ. പോലീസ് ഉപദേഷ്ടാവായിരുന്ന രമൺ ശ്രീവാസ്തവയും ഇത്തവണ രംഗത്തില്ല. സാമ്പത്തിക കാര്യത്തിലെ ഉപദേഷ്ടാവായിരുന്ന ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.) യുടെ ചീഫ് ഇക്കണോമിസ്റ്റ് ആയി പോയതിന് ശേഷം ആ തസ്തികയിൽ പുതിയൊരാൾ വന്നിരുന്നില്ല. മാധ്യമ ഉപദേഷ്ടാവായിരുന്ന പ്രഭാവർമ ഇപ്പോൾ മുഖ്യമന്ത്രിയുടെ മീഡിയാ സെക്രട്ടറിയാണ്. ഒന്നാം പിണറായി സർക്കാരിന്റെ ചില വീഴ്ചകളിൽ ഏറെ പഴികേട്ടത് ഉപദേഷ്ടാക്കളായിരുന്നുവെങ്കിലും ഭരണത്തുടർച്ച ഉണ്ടായപ്പോൾ അതിനുള്ള അനുമോദനം എവിടെനിന്നും ഉപദേഷ്ടാക്കൾക്ക് ലഭിച്ചിരുന്നില്ല. മിക്കവരും ശമ്പളം പറ്റിയിരുന്നില്ല. പോലീസിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാതെ മുഖ്യമന്ത്രിക്ക് ആവശ്യമായ ഘട്ടങ്ങളിൽ നിർദേശം നൽകുകയായിരുന്നു രമൺ ശ്രീവാസ്തവ. എന്നാൽ സോഷ്യൽ മീഡിയക്ക് നിയന്ത്രണം ഉണ്ടാക്കുന്നതിനായി പോലീസ് ആക്ടിൽ ഭേദഗതി വരുത്തിയതിന്റെ പേരിൽ ഏറെ പഴി കേട്ടത് അദ്ദേഹമായിരുന്നു. ഒടുവിൽ ഈ ഭേദഗതി പിൻവലിച്ച മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ ഉപദേഷ്ടാവിന് പങ്കില്ലെന്ന് വെളിപ്പെടുത്തി. മാധ്യമ ഉപദേഷ്ടാവായിരുന്നുവെങ്കിലും ഡൽഹിയിലും വിദേശയാത്രകളിലും മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിലായിരുന്നു ബ്രിട്ടാസിന്റെ പ്രവർത്തനമേറെയും. തിരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വേണ്ടിയുള്ള പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനുള്ള പ്രചാരണങ്ങളിലും അദ്ദേഹം വലിയ പങ്ക് വഹിച്ചു. ഇടതുപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽനിന്നുള്ള വ്യതിചലനമായിരുന്നു ഗീതാ ഗോപിനാഥിനെ സാമ്പത്തിക കാര്യ ഉപദേഷ്ടാവാക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം. പാർട്ടിയിൽ ഒരു വിഭാഗത്തിൽനിന്നും ഇടതുപക്ഷത്തെ പാരമ്പര്യവാദികളിൽനിന്നും ഇക്കാര്യത്തിൽ ഉയർന്ന എതിർപ്പ് പൊളിറ്റ് ബ്യൂറോ വരെ എത്തിയെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റാൻ പാർട്ടി നിർദേശിച്ചില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3fPZEci
via IFTTT