Breaking

Friday, May 28, 2021

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം

ബെംഗളൂരു: കർണാടകത്തിൽ ഭരണകക്ഷിയായ ബി.ജെ.പി.യിലെ ഒരുവിഭാഗം എം.എൽ.എ.മാരും മന്ത്രിമാരും മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയ്ക്കെതിരായ നീക്കവുമായി രംഗത്ത്.മുഖ്യമന്ത്രിസ്ഥാനത്തുനിർന്ന് യെദ്യൂരപ്പയെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ടൂറിസം മന്ത്രി സി.പി.യോഗേശ്വർ, ഹുബ്ബള്ളി-ധാർവാഡ്(വെസ്റ്റ്)എം.എൽ.എ. അരവിന്ദ് ബെല്ലാഡ് എന്നിവർ കഴിഞ്ഞ ദിവസം കേന്ദ്രനേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തിയിരുന്നു. ഇതോടെ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദ്യൂരപ്പയെ മാറ്റുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു.മുഖ്യമന്ത്രിയെ മാറ്റുന്നതിന് ചില മന്ത്രിമാരും പാർട്ടി എം.എൽ.എ.മാരും ശ്രമംനടത്തുന്നുണ്ടെന്ന് റവന്യൂമന്ത്രി ആർ.അശോക് സമ്മതിച്ചു. ഡൽഹി കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങൾ നടക്കുന്നതായി ബോധ്യമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അടുത്തിടെ, യെദ്യൂരപ്പയെ മാറ്റാൻ ആഗ്രഹിക്കുന്ന എം.എൽ.എ.മാർ ബെംഗളൂരുവിലും ഹുബ്ബള്ളിയിലും ഒത്തുചേർന്നിരുന്നു. ഇതിന്‌ തുടർച്ചയായാണ് സി.പി.യോഗേശ്വർ ഡൽഹിയിലെത്തിയത്. സംസ്ഥാനത്ത് ലോക്ഡൗൺ അവസാനിക്കുന്ന ജൂൺ ഏഴിനുശേഷം നിയമസഭാകക്ഷിയോഗം വിളിക്കാൻ കേന്ദ്രനേതൃത്വം യെദ്യൂരപ്പയോട് ആവശ്യപ്പെട്ടതായും വാർത്തയുണ്ട്. യെദ്യൂരപ്പയ്ക്കെതിരേ പാർട്ടിയിൽ പടയൊരുക്കം തുടങ്ങിയിട്ട് മാസങ്ങളായി. ബസനഗൗഡ പാട്ടീൽ യത്നലിനെപ്പോലുള്ള മുതിർന്ന എം.എൽ.എ.മാർ യെദ്യൂരപ്പയ്ക്കെതിരേ ശക്തമായി രംഗത്തുവന്നിരുന്നു. മുതിർന്ന മന്ത്രി കെ.ഈശ്വരപ്പ മുഖ്യമന്ത്രിക്കെതിരേ ഗവർണർക്ക് കത്തും നൽകിയിരുന്നു. എന്നാൽ, കേന്ദ്രനേതൃത്വം യെദ്യൂരപ്പയ്ക്കുപിന്നിൽ ഉറച്ചുനിൽക്കുകയായിരുന്നു. യെദ്യൂരപ്പ കാലാവധി തികയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിക്കിടെ ഭരണനേതൃത്വത്തിൽ മാറ്റം കൊണ്ടുവരാൻ കേന്ദ്രനേതൃത്വം ശ്രമിക്കില്ലെന്നാണ് സൂചന. 2023- വരെയാണ് സർക്കാരിന്റെ കാലാവധി. പരീക്ഷണത്തിന് മുതിരാതെ 78-കാരനായ യെദ്യൂരപ്പയെ കാലാവധി തികയ്ക്കാൻ അനുവദിക്കാനാണ് സാധ്യത.ശ്രദ്ധ കോവിഡ് പ്രതിരോധത്തിൽമാത്രം-യെദ്യൂരപ്പ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുകയും ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിലുമാണ് തന്റെ പരിഗണനയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു. പാർട്ടിയിലെ വിഭാഗീയതയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ചിലർ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കിൽ കൃത്യമായ ഉത്തരം കിട്ടി അവർ മടങ്ങിയിട്ടുണ്ടാകും -യെദ്യൂരപ്പ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/34oOjKX
via IFTTT