Breaking

Friday, May 28, 2021

കേരളത്തിൽ സമഗ്ര പുനഃസംഘടന ഉടൻ വേണമെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസിനെ വിജയപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ സമഗ്ര പുനഃസംഘടന ജൂൺ പകുതിയോടെയെങ്കിലും വേണമെന്ന് ഹൈക്കമാൻഡിനോട് സംസ്ഥാനനേതാക്കൾ. കെ.പി.സി.സി. അധ്യക്ഷനൊപ്പം ജില്ല-മണ്ഡലം-ബൂത്ത് തലങ്ങളിലും അഴിച്ചുപണി വേണമെന്ന് മിക്ക നേതാക്കളും അശോക് ചവാൻ സമിതിയോട് ആവശ്യപ്പെട്ടു. കെ.പി.സി.സി. അധ്യക്ഷന്റെ പ്രായം 70 ആക്കി നിജപ്പെടുത്തുക, ജില്ലാ അധ്യക്ഷന്മാരുടേത് 60 ആക്കുക, നിലവിലുള്ള ബ്ലോക്ക് കമ്മിറ്റികൾക്കുപകരം മറ്റു പാർട്ടികളിലുള്ളതുപോലെ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഭാരവാഹികളെ തീരുമാനിക്കുക, മണ്ഡലം-ബൂത്തു ഭാരവാഹികളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ മുൻ എം.എൽ.എ.മാരും മുൻ എം.പി.മാരും കെ.പി.സി.സി. ഭാരവാഹികളും ഡി.സി.സി. ഭാരവാഹികളും അടക്കമുള്ളവരെ ചുമതലപ്പെടുത്തുക, സ്വന്തം ബൂത്തിൽ പ്രവർത്തിക്കാത്ത നേതാക്കളെ പാർട്ടിയുടെ ഒരു ഘടകത്തിലും വെക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും മുന്നോട്ടുവെച്ചു. മുതിർന്ന നേതാക്കൾ അവരവരുടെ ബൂത്തിന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് എല്ലാമാസവും ജില്ലാ സമിതിക്കും തുടർന്ന് സംസ്ഥാനസമിതിക്കും രേഖാമൂലം കൈമാറണമെന്നതടക്കമുള്ള ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. കെ.പി.സി.സി. ഭാരവാഹികളുടെ എണ്ണം 25 ആയി നിജപ്പെടുത്തുക, എക്സിക്യുട്ടീവ് കമ്മിറ്റിയുൾപ്പെടെ 50-ൽ ഒതുക്കുക, ഗ്രൂപ്പു വീതംവെക്കൽ അവസാനിപ്പിക്കുക, മെറിറ്റ് എന്നാൽ ജനബന്ധം കൂടിയാണെന്നുകണ്ട് ഭാരവാഹികളെ നിശ്ചയിക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ. മുസ്ലിംവോട്ടും കോവിഡും സംഘടനാദൗർബല്യവും ഉൾപ്പെടെയുള്ള കാര്യങ്ങൾ തോൽവിക്കുകാരണമായി ചൂണ്ടിക്കാട്ടിയ നേതാക്കളിൽ ചിലർ സ്ഥാനാർഥിനിർണയത്തെയും വിമർശിച്ചു. പുതുമുഖങ്ങൾക്ക് അവസരം നൽകിയെങ്കിലും മിക്കയിടത്തും മണ്ഡലത്തിൽ അധികം ബന്ധമില്ലാത്ത സ്ഥാനാർഥികളായിരുന്നു. ഗ്രൂപ്പടിസ്ഥാനത്തിൽ വീതംവെച്ചപ്പോൾ ജനബന്ധം പരിഗണിച്ചില്ല. സ്ഥാനാർഥികൾ മണ്ഡലത്തിലെത്തി നാട്ടുകാർക്ക് പരിചയമാവുമ്പോഴേക്കും പ്രചാരണസമയം തീർന്നുവെന്നും ചിലർ പറഞ്ഞു. Content Highlights: Congress high command, Kerala Congress issue


from mathrubhumi.latestnews.rssfeed https://ift.tt/3uty0XZ
via IFTTT