Breaking

Saturday, May 29, 2021

സി.എ.എ. ഉടനടി നടപ്പാക്കാന്‍ കേന്ദ്രം വിജ്ഞാപനം ഇറക്കി; പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: 2019-ലെ ദേശീയ പൗരത്വനിയമ ഭേദഗതി (സി.എ.എ.) ഉടനടി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്ന് അഭയാർഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ കഴിയുന്നവരിൽനിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു. അവിടങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ തുടങ്ങിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഈ രാജ്യങ്ങളിൽനിന്നുള്ള മുസ്ലിം അഭയാർഥികൾക്ക് പൗരത്വം ലഭിക്കില്ല. ആ രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായങ്ങളിൽപ്പെട്ടവരായതിനാലാണ് ഇതെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും വിവേചനമാണെന്ന് ആരോപിച്ച് പാർലമെന്റിൽ പൗരത്വനിയമ ഭേദഗതിക്കെതിരേ പ്രതിപക്ഷം എതിർപ്പുയർത്തിയിരുന്നു. ഗുജറാത്തിലെ മോർബി, രാജ്കോട്ട്, പഠാൻ, വഡോദര ഛത്തിസ്ഗഢിലെ ദുർഗ്, ബലോഡബസാർ രാജസ്ഥാനിലെ ജലോർ, ഉദയ്പുർ, പാലി, ബാർമർ, സിരോഹി എന്നീ ജില്ലകളിൽനിന്നുള്ള അഭയാർഥികൾക്കാണ് ഇപ്പോൾ അവസരം. 2019-ലെ നിയമഭേദഗതിക്ക് ചട്ടങ്ങൾ തയ്യാറാക്കിയിട്ടില്ലാത്തതിനാൽ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോൾ പൗരത്വത്തിനുള്ള നടപടി ക്രമങ്ങൾ നടത്തുക എന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് തിരികെ ചെന്നാൽ മതപീഡനം നേരിടേണ്ടി വരുന്നവരാണെങ്കിൽ പാസ്പോർട്ട് അടക്കമുള്ള മതിയായ യാത്രാരേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വത്തിന് അപേക്ഷിക്കാമെന്നാണ് പൗരത്വനിയമ ഭേദഗതിയിൽ പറയുന്നത്. ഈ കുടിയേറ്റക്കാർക്ക് അതിനുള്ള നിയമപരമായ അവകാശം നൽകുന്നു. സ്വാഭാവികമായ വഴിയിലൂടെ ഇവർക്ക് വേഗത്തിൽ പൗരത്വം ലഭിക്കാൻ വഴിയൊരുങ്ങും. പൗരത്വം ലഭിക്കാൻ 11 വർഷത്തോളം ഇന്ത്യയിൽ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തിൽ അഞ്ചുവർഷമായി കുറച്ചിട്ടുണ്ട്. ഭേദഗതി നടപ്പാക്കുന്നതിനെതിരേ 2020-ന്റെ തുടക്കത്തിൽ രാജ്യമൊട്ടാകെ പ്രത്യേകിച്ചും ഡൽഹിയിൽ വ്യാപകപ്രക്ഷോഭം അരങ്ങേറിയിരുന്നു. കോവിഡ് വ്യാപനത്തോടെയാണ് സമരം നിലച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/34scGaB
via IFTTT