Breaking

Wednesday, November 27, 2019

ബി.ജെ.പി.യുടെ പാതിരാനാടകത്തിന് പകൽ വെളിച്ചത്തിൽ ‘ഇരുട്ടടി’

ന്യൂഡൽഹി: സർക്കാരുകളെ വീഴ്ത്തിയും ഭരണംപിടിച്ചും കോൺഗ്രസ്മുക്തഭാരതം യാഥാർഥ്യമാക്കാനുള്ള ബി.ജെ.പി.യുടെ മോഹത്തിനേറ്റ കനത്ത തിരിച്ചടിയാണ് മഹാരാഷ്ട്രയിലെ പിഴച്ചുപോയ കരുനീക്കങ്ങൾ. അമിത് ഷാ കളത്തിലിറങ്ങിയാൽ വിജയവുംകൊണ്ടേ മടങ്ങൂ എന്ന ബി.ജെ.പി. അണികളുടെ വിശ്വാസത്തിനും ക്ഷീണമായി. ഭരണഘടനയുടെ എഴുപതാം വാർഷികദിനത്തിലാണ് ജനാധിപത്യവേദിയിൽ അരങ്ങേറിയ പാതിരാനാടകത്തിന് പകുതിവെച്ച് തിരശ്ശീലതാഴ്ത്തേണ്ടി വന്നതെന്നത് ചരിത്രപാഠം. പാർട്ടിയുടെ സംഘാടനപാടവം, ആർ.എസ്.എസിന്റെ മാർഗദർശനം, അഞ്ചരവർഷം പൂർത്തിയായ കേന്ദ്രസർക്കാരിന്റെ പിന്തുണ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ, ദേശീയാധ്യക്ഷൻ അമിത് ഷായുടെ പ്രായോഗികതന്ത്രങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളാൽ വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാത്ത ബി.ജെ.പി.ക്ക് ദേവേന്ദ്ര ഫഡ്നവിസ്-അജിത് പവാർ കൂട്ടുകെട്ട് തകർന്നത് എളുപ്പം മറക്കാവുന്ന വിഷയമല്ല. സർക്കാർരൂപവത്കരണശ്രമങ്ങളിൽ ബി.ജെ.പി.ക്ക് സമീപകാലത്തുലഭിച്ച ഏറ്റവും വലിയ പ്രഹരമെന്നനിലയിൽ മഹാരാഷ്ട്രയിലെ സംഭവങ്ങൾ വിലയിരുത്തപ്പെടും. വരാനിരിക്കുന്ന ജാർഖണ്ഡ്, ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കടന്നുകയറ്റം പ്രതീക്ഷിക്കുന്ന ബി.ജെ.പി.യുടെ ആത്മവിശ്വാസത്തിൽ ഇടിവുണ്ടാക്കിക്കൊണ്ടാണ് രണ്ടാം മുഖ്യമന്ത്രിപദത്തിൽനിന്ന് ഫഡ്നവിസ് രാജിെവച്ചത്. അമിത് ഷായുടെ തന്ത്രങ്ങളിലൂടെ ബി.ജെ.പി. തങ്ങളെ വിഴുങ്ങുമെന്ന് ഭയപ്പെട്ട ശിവസേനയും വിസ്മൃതിയിലാക്കപ്പെടുമെന്ന് ആശങ്കപ്പെട്ട കോൺഗ്രസും തമ്മിലുണ്ടാക്കിയ സഖ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് പാതിരാനാടകത്തിലൂടെ ബി.ജെ.പി.യും എൻ.സി.പി. നേതാവ് അജിത് പവാറും കഴിഞ്ഞ ദിവസം അധികാരമേറിയത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം കൈയടക്കാനുള്ള ത്രികക്ഷികളുടെ പിൻവാതിൽ നീക്കത്തെ തടയുകയായിരുന്നുവെന്നാണ് ബി.ജെ.പി. ഈ നീക്കത്തെ ന്യായീകരിച്ചത്. ബി.ജെ.പി.-ശിവസേനാ സഖ്യത്തിനുലഭിച്ച ജനസമ്മതി സ്വാർഥതാത്പര്യങ്ങൾക്കായി ശിവസേന ബലികഴിച്ചെന്നും ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. ഭരണഘടനാസ്ഥാപനങ്ങൾമുതൽ സർക്കാർസംവിധാനംവരെ ഉപയോഗിച്ചുകൊണ്ടാണ് ഭരണം പിടിക്കാൻ ബി.ജെ.പി. കരുക്കൾ നീക്കിയത്. കർണാടകമാതൃകയിൽ എതിർപക്ഷത്തുനിന്ന് വാഗ്ദാനങ്ങളിലൂടെയും ഭീഷണിയിലൂടെയും അംഗങ്ങളെ അടർത്തിയെടുക്കാമെന്ന് ബി.ജെ.പി. കണക്കുകൂട്ടിയെങ്കിലും താത്കാലികമായി പാളിപ്പോയി. എന്നാൽ, ബി.ജെ.പി. നീക്കങ്ങൾ ഇതോടെ അവസാനിക്കുമെന്ന ധാരണയ്ക്ക് കീഴ്വഴക്കമില്ല. മഹാ വികാസ് അഘാഡി സർക്കാരുണ്ടാക്കിയാലും അധികം ആയുസ്സുണ്ടാകില്ലെന്ന തിരിച്ചറിവിൽ അടുത്ത തന്ത്രങ്ങൾ അണിയറയിൽ രൂപംകൊള്ളും. ഭരണംപിടിക്കാനും പാർട്ടി വളർത്താനും ഉത്തരാഖണ്ഡ് മുതൽ കർണാടകംവരെ ബി.ജെ.പി. നടത്തിയ ശ്രമങ്ങളുടെ തുടർച്ചയാണ് മഹാരാഷ്ട്രയിൽ ആവിഷ്കരിച്ചത്. ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ്, ഗോവ, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ സഹായത്തോടെയായിരുന്നു നീക്കങ്ങൾ. ചില നീക്കങ്ങൾ താത്കാലികമായി പാളിയെങ്കിലും തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കി. എതിർക്യാമ്പുകളിൽ നിന്ന് അംഗങ്ങളെ അടർത്തിയെടുത്താണ് അസം, ത്രിപുര തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ചത്. content highlights:bjp maharashtra,Maharashtra Govt Formation


from mathrubhumi.latestnews.rssfeed https://ift.tt/2XOwMaZ
via IFTTT