Breaking

Wednesday, May 26, 2021

പുതിയ നിയമം സ്വകാര്യത ഇല്ലാതാക്കും; കേന്ദ്ര സര്‍ക്കാരിനെതിരെ വാട്‌സാപ്പ് നിയമപോരാട്ടത്തിന്

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹർജിയിൽ പറയുന്നത്. അതേസമയം ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകുന്നത് സംബന്ധിച്ച് പ്രതികരിക്കാൻ വാട്സാപ്പ് വാക്താവ് തയ്യാറായില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തെറ്റായ കാര്യം ചെയ്യുന്ന ഉപഭോക്താവിനെ പുറത്തുകൊണ്ടുവരാൻ പുതിയ നിയമം ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വാട്സാപ്പ് പറയുന്നത്.സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതാണ് ഇത് പാലിക്കാൻ സാധിക്കാത്തത്.അതിനാൽ തന്നെ ഉത്ഭവ കേന്ദ്രം മാത്രമല്ല സന്ദേശം എത്തുന്നവരുടെ എൻക്രിപ്ഷനേയും അത് ബാധിക്കുമെന്നാണ് വാട്സാപ്പ് പറയുന്നത് കേന്ദ്ര സർക്കാർ കൊണ്ടുവന്ന മാർഗരേഖ നടപ്പാക്കാൻ സാമൂഹിക മാധ്യമങ്ങൾക്ക് നൽകിയ മൂന്നുമാസത്തെ സമയം മേയ് 25-ന് അവസാനിച്ചിരുന്നു. ഇവരുടെ ഇന്ത്യയിലെ സേവനങ്ങളെ ബാധിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കുമോയെന്നാണ് ഇനി കണ്ടറിയണം. ഫെബ്രുവരി 25-നാണ് കേന്ദ്രസർക്കാർ വിവരസാങ്കേതികവിദ്യാ ചട്ടം (ഇടനിലക്കാരുടെ മാർഗരേഖയും ഡിജിറ്റൽ മാധ്യമ ധാർമികതാ കോഡും) കൊണ്ടുവന്നത്. ട്വിറ്ററിന്റെ ഇന്ത്യൻ വകഭേദമെന്നു പറയാവുന്ന കൂ മാത്രമാണ് കേന്ദ്രത്തിന്റെ ചട്ടം പാലിക്കുന്ന സാമൂഹിക മാധ്യമ ആപ്ലിക്കേഷൻ. ബാക്കിയുള്ളവ മാർഗരേഖ അനുസരിക്കാൻ തയ്യാറാവാത്തതിൽ സർക്കാരിന് അതൃപ്തിയുണ്ട്. സാമൂഹിക മാധ്യമങ്ങളെ ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രബലമെന്നും അല്ലാത്തവയെന്നും രണ്ടായി തിരിച്ചാണ് മാർഗരേഖയുണ്ടാക്കിയത്. കൂടുതൽ നിബന്ധനകളുള്ളതിനാൽ വാട്സാപ്പ്, യൂട്യൂബ്, ഫെയ്സ്ബുക്ക് അടക്കമുള്ള പ്രബലർക്ക് മൂന്നുമാസത്തെ സാവകാശം അനുവദിക്കുകയായിരുന്നു. ഇനിയും ആറുമാസംവരെ സമയം വേണമെന്നാണ് ചില കമ്പനികൾ ആവശ്യപ്പെട്ടത്. യു.എസ്. ആസ്ഥാനമായ കമ്പനികളാവട്ടെ അവിടെനിന്നു നിർദേശംവരാതെ നടപടി സ്വീകരിക്കാനാവില്ലെന്ന നിലപാടിലുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2ThMWvk
via IFTTT