Breaking

Sunday, May 30, 2021

ഓൺലൈൻ പഠനം അംഗീകരിക്കില്ല; ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ മെഡി. വിദ്യാർഥികൾ ആശങ്കയിൽ

തൃശ്ശൂർ: കോവിഡ് പ്രതിസന്ധിമൂലം ചൈനയിലെ മെഡിക്കൽ സർവകലാശാലകളിലേയ്ക്ക് മടങ്ങിപ്പോകാൻ കഴിയാത്ത ഇന്ത്യൻ വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിൽ. ഒരുവർഷത്തിലധികമായി നാട്ടിലിരുന്ന് ഓൺലൈൻ വഴിയാണ് ഇവരുടെ പഠനം. 2020 ജനുവരിയിൽ നാട്ടിലെത്തിയ ഈ വിദ്യാർഥികളുടെ ഓൺലൈൻ പഠനം അംഗീകരിക്കില്ലെന്നും ഇന്ത്യയിലെ യോഗ്യതാപരീക്ഷ എഴുതാൻ അനുവദിക്കുകയില്ലെന്നുമുള്ള ദേശീയ മെഡിക്കൽ കമ്മിഷന്റെ നിലപാടാണ് വിദ്യാർഥികളെ ആശങ്കയിലാഴ്ത്തിയത്. കേരളത്തിൽനിന്നുമാത്രം പതിനായിരത്തിനടുത്ത് വിദ്യാർഥികൾ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ അംഗീകരിച്ച ചൈനയിലെ 45 മെഡിക്കൽ സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. വിദ്യാഭ്യാസവായ്പയെടുത്തവരാണ് പലരും. വിദേശത്ത് പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസിൽ നേരിട്ട് ഹാജരാകാൻ ഒരുവർഷത്തിനപ്പുറം ഇളവ് നൽകാൻ സാധിക്കില്ലെന്നാണ് കമ്മിഷന്റെ നിലപാട്. പ്രാക്ടിക്കൽ പഠനവും ഇന്റേൺഷിപ്പും ചെയ്താലേ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാകൂവെന്നതിനാൽ എത്രയും വേഗം സർവകലാശാലകളിലേക്ക് മടങ്ങിപ്പോകാൻ സാഹചര്യമുണ്ടാക്കണമെന്ന ആവശ്യവും വിദ്യാർഥികൾ മുന്നോട്ടുവെയ്ക്കുന്നു. അതോടൊപ്പം ഇതുവരെയുള്ള ഓൺലൈൻ പഠനം ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകരിക്കുകയും വേണം. ഇന്ത്യയിലെ ആരോഗ്യമന്ത്രാലയവും വിദേശമന്ത്രാലയവും ഇടപെട്ട് ഉടനെ പരിഹാരം കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു. തിരിച്ചുപോകുന്ന വിദ്യാർഥികൾ ഏത് വാക്സിനെടുക്കണമെന്ന നിർദേശം ചൈനീസ് സർക്കാരിൽനിന്ന് ലഭിച്ചിട്ടില്ല. നിലവിൽ സർക്കാർ നിർദേശപ്രകാരം ലോകാരോഗ്യസംഘടന അംഗീകരിച്ച കോവിഷീൽഡ് എടുക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ പഠിച്ച വിദ്യാർഥികൾ സൗജന്യമായി ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുമ്പോൾ വിദേശത്ത് പഠിച്ചവർ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ ഫീസ് നൽകണമെന്ന സംസ്ഥാന സർക്കാർ തീരുമാനവും വിദ്യാർഥികൾക്ക് ഇരുട്ടടിയായിരിക്കുകയാണ്. പ്രശ്നപരിഹാരങ്ങൾക്കായി വിദ്യാർഥികളുടെ രക്ഷിതാക്കൾ ചേർന്ന് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് പേരന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി. Content Highlights: medical course in china


from mathrubhumi.latestnews.rssfeed https://ift.tt/3vyUDeX
via IFTTT